ലഖ്നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ പ്രചാരണ-സംഘടനാ തന്ത്രങ്ങൾക്ക് രൂപം നൽകി ബി.ജെ.പി.
സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി ഡിജിറ്റൽ ഔട്ട്റീച്ചിന് പ്രത്യേക പ്രാധാന്യം നൽകുന്നതോടൊപ്പം, പ്രമുഖ യൂട്യൂബർമാരുടെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരുടെയും സഹായം തേടാൻ ജില്ലാ യൂണിറ്റുകൾക്ക് പാർട്ടി നിർദേശം നൽകി.
അടുത്ത മാസം മുതൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പാർട്ടി അധ്യക്ഷൻ നിതിൻ നബീൻ എന്നിവരുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടികൾക്ക് തുടക്കമാകുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
സംസ്ഥാനത്തെ ആറ് സംഘടനാ മേഖലകളായ ബ്രജ്, പശ്ചിമ യു.പി, കാൺപൂർ-ബുന്ദേൽഖണ്ഡ്, കാശി, അവധ്, ഗോരഖ്പൂർ എന്നിവയെ ഉൾക്കൊള്ളിച്ചുകൊണ്ട് ആറ് ‘ജൻ ആശിർവാദ് യാത്രകൾ’ സംഘടിപ്പിക്കാനാണ് പദ്ധതി.
മുതിർന്ന സംസ്ഥാന നേതാക്കൾ നേതൃത്വം നൽകുന്ന ഈ യാത്രകളുടെ സമാപനം ലഖ്നൗവിൽ നടക്കുന്ന മഹാറാലിയോടെയായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി റാലിയെ അഭിസംബോധന ചെയ്യും. ഉന്നത നേതാക്കളുടെ സംസ്ഥാന പര്യടന പരിപാടികൾക്ക് പാർട്ടി അന്തിമരൂപം നൽകി വരികയാണ്.
‘കാര്യകർത്താ പ്രഥം’ (പ്രവർത്തകർ ആദ്യം) എന്ന തത്വത്തിന് ഊന്നൽ നൽകി, താഴെത്തട്ടിലുള്ള പ്രവർത്തകരെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്റെ കേന്ദ്രബിന്ദുവാക്കാനാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.
ഇതിന്റെ ഭാഗമായി സംസ്ഥാന മന്ത്രിമാർക്ക് ഓരോ ജില്ലകളുടെയും ചുമതല നൽകും. മന്ത്രിമാർ അതത് ജില്ലകളിലെ മുതിർന്ന പാർട്ടി പ്രവർത്തകരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുകയും, അവരുടെ ആശങ്കകളും സർക്കാരിന്റെയും സംഘടനയുടെയും പ്രവർത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും ശേഖരിക്കുകയും ചെയ്യും.
Content Highlight:Uttar Pradesh Assembly Elections: BJP to rope in YouTubers and influencers for campaigning.
