റായ്പൂര്‍: സംസ്ഥാനത്ത് പ്രത്യുത്പാദന നിരക്ക് ആശങ്കാജനകമാംവിധം കുറയുന്ന സാഹചര്യമുണ്ടെന്നും ദമ്പതികള്‍ മൂന്നോ അതിലധികമോ കുട്ടികള്‍ക്ക് ജന്മം നല്‍കണമെന്നും ഛത്തീസ്ഗഡ് ആരോഗ്യമന്ത്രി ശ്യാം ബിഹാരി ജയ്സ്വാള്‍. മനേന്ദ്രഗഢില് നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു മന്ത്രിയുടെ പരാമര്‍ശം.
സംസ്ഥാനത്തെ പ്രത്യുത്പാദന നിരക്ക് ദേശീയ ശരാശരിയെക്കാള്‍ താഴെയായതിനാല്‍ കുടുംബാസൂത്രണ പ്രചാരണങ്ങള്‍ സര്‍ക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ദേശീയ ശരാശരിയായ 2.2നേക്കാള്‍ താഴെയാണ് ഛത്തീസ്ഗഡിന്റെ നിലവിലെ പ്രത്യുത്പാദന നിരക്കായ 1.8 എന്ന് മന്ത്രി അവകാശപ്പെട്ടു.
നിലവിലെ സാഹചര്യത്തില്‍ രണ്ടില്‍ കൂടുതല്‍ കുട്ടികള്‍ ഉണ്ടാകുന്നത് ഒരു പ്രശ്നമല്ല. നിര്‍ബന്ധിത വന്ധ്യംകരണത്തിന്റെ ആവശ്യമില്ലെന്നും എന്നാല്‍ താത്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ജനസാന്ദ്രത ദേശീയ ശരാശരിക്ക് ഒപ്പമെത്തണമെന്നാണ് തന്റെ ആഗ്രഹമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ദേശീയ പ്രത്യുത്പാദന നിരക്ക് 2.2 ആണെന്ന മന്ത്രിയുടെ വാദം ഔദ്യോഗിക കണക്കുകള്‍ക്ക് വിരുദ്ധമാണ്. ഏറ്റവും പുതിയ സാമ്പിള്‍ രജിസ്ട്രേഷന് സിസ്റ്റം റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ ദേശീയ പ്രത്യുത്പാദന നിരക്ക് 1.9 ആണ്.
മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍ രംഗത്തെത്തി. സംസ്ഥാനത്തെ പൊതുജനാരോഗ്യ മേഖലയുടെ തകര്‍ച്ച മറച്ചുവെക്കാനാണ് ഇത്തരം പ്രസ്താവനകളെന്ന് അദ്ദേഹം പരിഹസിച്ചു.
‘നിലവില്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് ആവശ്യമായ മരുന്നുകളോ ഡോക്ടര്‍മാരോ നല്കാന് സര്‍ക്കാരിന് സാധിക്കുന്നില്ല. മെഡിക്കല്‍ കോളേജുകളില്‍ ആവശ്യത്തിന് അധ്യാപകരുമില്ല. ജനസംഖ്യ വര്‍ധിപ്പിക്കുന്നതിന് മുന്‍പ് സ്വന്തം ഭരണകാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കൂ.’ ഭൂപേഷ് ബാഗേല്‍ പറഞ്ഞു.
ആരോഗ്യമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്താതെ ജനസംഖ്യ വര്‍ധിപ്പിക്കാന്‍ ആഹ്വാനം ചെയ്യുന്നത് ഉത്തരവാദിത്തമില്ലായ്മയാണെന്നും പ്രതിപക്ഷം പറയുന്നു.
Content Highlight: Population rate declining: Chhattisgarh Health Minister suggests having ‘three or more children’; Opposition levels sharp criticism.
