ന്യൂദൽഹി: ഇന്ത്യ സാമ്പത്തിക ദുരന്തത്തിലേക്ക് നീങ്ങുകയാണെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
വിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങളും തൊഴിലില്ലായ്മയും തകർന്ന നിർമാണ മേഖലകളും കാരണം ഇന്ത്യ ഒരു വൻ സാമ്പത്തിക ദുരന്തത്തിലേക്കാണ് നീങ്ങുന്നതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.
രാജ്യത്തിന്റെ നിർമാണ മേഖല പുനർനിർമ്മിക്കേണ്ടതുണ്ടെന്നും രാഹുൽ കൂട്ടിച്ചേർത്തു. ന്യൂയോർക്കിലെ കൊളംബിയ സർവകലാശാലയിൽ ചൊവ്വാഴ്ച നടന്ന സംവാദത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിലവിലെ സാമ്പത്തിക സ്ഥിതിയിലൂടെ മുന്നോട്ട് പോയാൽ രാജ്യം വലിയ പ്രതിസന്ധിയിലാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ചെറുകിട ഇടത്തരം വ്യവസായങ്ങളും കൃഷിയുമാണെന്നും തൊഴിലവസരങ്ങൾ ഉണ്ടാകാൻ അത് അനിവാര്യമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇന്ത്യയുടെ സാമ്പത്തിക മാതൃക പത്തുവർഷത്തിന് മുൻപേ ഫലം നൽകുന്നത് നിർത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട് അപ്പ് ഇന്ത്യ തുടങ്ങിയ കേന്ദ്ര സർക്കാർ പദ്ധതികൾക്ക് ഇന്ത്യയുടെ തകർന്ന സാമ്പത്തിക നട്ടെല്ലിനെ പുനരുജ്ജീവിപ്പിക്കാൻ കഴിഞ്ഞില്ലെന്നും അദ്ദേഹം പറഞ്ഞു.
‘യഥാർത്ഥത്തിൽ ഇന്ത്യ വലിയൊരു സാമ്പത്തിക ദുരന്തത്തിലേക്കാണ് പോകുന്നത്. ആർക്കും അത് തള്ളിക്കളയാം. മാധ്യമങ്ങൾക്കും അത് അവഗണിക്കാം. പക്ഷെ ഇന്ത്യയിൽ രൂക്ഷമായ തൊഴിലില്ലായ്മയും വിദ്യാഭ്യാസ രംഗത്ത് വലിയ പ്രശ്നങ്ങളുമുണ്ട്,’ രാഹുൽ പറഞ്ഞു.
സർവീസ് സെക്ടറിലൂടെ അഞ്ച് ശതമാനം ആളുകൾക്ക് വരെ തൊഴിൽ നൽകാൻ കഴിയുമെന്നും എന്നാൽ അതിലൂടെ എല്ലാവരുടെയും ഭാവി സുരക്ഷിതമാക്കാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗൗതം അദാനിയുടെയും മുകേഷ് അംബാനിയുടെയും ഉൾപ്പടെയുള്ള വൻകിട ബിസിനസ് ഗ്രൂപ്പുകൾ മാത്രമാണ് വളരുന്നതെന്നും ചെറുകിട വ്യവസായങ്ങൾ പ്രതിസന്ധിയിലാണെന്നും രാഹുൽ പറഞ്ഞു
രാജ്യത്ത് വളരുന്നത് ഒരേയൊരു വിഭാഗം മാത്രമായതു കൊണ്ടാണ് സ്വകാര്യ നിക്ഷേപങ്ങൾ ഇല്ലാത്തതെന്നും നിർമാണ മേഖലയില്ലാതെ വിജയകരമായി നമുക്ക് മുന്നോട്ട് പോകാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാഹുൽഗാന്ധി ഇന്ത്യ വിരുദ്ധ പ്രചാരണങ്ങൾ നടത്തുകയാണെന്ന് ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി വാദിച്ചു. കൊളംബിയ സർവകലാശാലയിൽ അദ്ദേഹം ഇന്ത്യയെ അപമാനിച്ചുവെന്നും ബി.ജെ.പി വക്താവ് പറഞ്ഞു.
‘രാഹുൽ ഗാന്ധി ഇന്ത്യയെ സാമ്പത്തിക ദുരന്തമെന്ന് വിളിച്ചു. ഇന്ത്യൻ ജനാധിപത്യത്തിനെതിരെ സംസാരിച്ചു. കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഹൈദരാബാദിൽ നടന്ന ഭാരത് ഉച്ചകോടിയിൽ അദ്ദേഹം ഇന്ത്യൻ ജനാധിപത്യത്തെ സഹകരിക്കാൻ വിദേശികളെ പ്രേരിപ്പിച്ചത് മറക്കരുത്. അദ്ദേഹത്തിന് ഇന്ത്യയുടെ പുരോഗതിയിൽ വെറുപ്പുണ്ട്,’ പ്രദീപ് ഭണ്ഡാരി എക്സിൽ പറഞ്ഞു.
Content Highlight: India is heading toward a major economic disaster; Rahul Gandhi at Columbia University
