ന്യൂദല്‍ഹി: ക്യാമറയും മൈക്കും തൂക്കി നടക്കുന്ന എല്ലാവരെയും മാധ്യമപ്രവര്‍ത്തകരായി കണക്കാക്കാന്‍ കഴിയില്ലെന്ന ദല്‍ഹി പൊലീസിന്റെ വാദം ചോദ്യത്തെ ചോദ്യം ചെയ്ത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു ദല്‍ഹി പൊലീസിന്റെ പ്രസ്താവന.
കണ്ടന്റ് ക്രിയേറ്റര്‍മാരെയും യൂട്യൂബര്‍മാരെയും യഥാര്‍ത്ഥ മാധ്യമപ്രവര്‍ത്തകരായി അംഗീകരില്ലെന്നും ദല്‍ഹി പൊലീസ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു. പൊലീസിന്റെ ഈ വാദത്തെ ദല്‍ഹിയിലെ വിവിധ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. തങ്ങള്‍ റീല്‍ മേക്കര്മാരാണെന്നും മാധ്യമ പ്രവര്‍ത്തകരാണെന്നും അവര്‍ വ്യക്തമാക്കി.
മുഖ്യധാരാ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കാര്യങ്ങളും യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്ന കാര്യങ്ങളും തമ്മിലുള്ള വിടവ് നികത്താനാണ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം ഉയര്‍ന്നുവന്നതെന്ന് എന്ന് ദല്‍ഹിയിലെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയായ ബിന്ദു ഗുജ്ജാറിനെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
പ്രതിഷേധങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ തുടര്‍ച്ചയായി സാന്നിധ്യമറിയിച്ചിരുന്നു. രേഖപ്പെടുത്തപ്പെടാതെ പോകുമായിരുന്ന വിവരങ്ങളും ദൃശ്യങ്ങളും പുറത്തുകൊണ്ടുവരാന്‍ സ്വതന്ത്ര മാധ്യമപ്രവര്‍ത്തകര്‍ സഹായിച്ചുവെന്ന് അവര്‍ വ്യക്തമാക്കി.
സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരെ ‘റീല്‍ മേക്കര്‍മാര്‍’ എന്ന് വിളിച്ച് തള്ളിക്കളയുന്നത് ഈ തൊഴില്‍ മേഖലയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരെ അപമാനിക്കാനും നിരുത്സാഹപ്പെടുത്താനും ‘റീല്ബാസ്’ പോലുള്ള പദങ്ങള്‍ ഉപയോഗിക്കുന്നവര്‍, ഈ രാജ്യത്ത് മാധ്യമപ്രവര്‍ത്തനം എന്ന ആശയത്തെത്തന്നെ കൊലപ്പെടുത്തുന്നതിന് ഉത്തരവാദികളായിരിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രേക്ഷകര്‍ പരമ്പരാഗത മാധ്യമങ്ങളില്‍ നിന്ന് അകന്നുപോകുന്ന ഈ ഘട്ടത്തില്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നതായി ‘മറാഠി അഭയ്’ എന്ന ഇന്‍സ്റ്റാഗ്രാം പേജ് നടത്തുന്ന അഭയ് മന്ധാരെ പറഞ്ഞു.
അച്ചടി, ദൃശ്യ മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ തടയുകയോ കുറക്കുകയോ ചെയ്തോ ആക്സസ് നിയന്ത്രിച്ചോ പൊതുജനാഭിപ്രായത്തെ ഇനി നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞിരിക്കുന്നു. അതിനാല്‍, പ്രേക്ഷകര്‍ പരമ്പരാഗത മാധ്യമങ്ങളില്‍ നിന്ന് അകന്നുപോകുന്ന ഈ ഘട്ടത്തില്‍, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ തങ്ങളുടെ നിയന്ത്രണത്തിലാക്കാന്‍ അവര്‍ ശ്രമിക്കുകയാണെന്നും മണ്ഡാരെ പറഞ്ഞതായി ദ ഹിന്ദു റിപ്പോര്‍ട്ട് ചെയതു.
മാധ്യമ സ്ഥാപനങ്ങള്‍ നല്കുന്ന പ്രസ് കാര്‍ഡുകള്‍ മാത്രം മാധ്യമപ്രവര്‍ത്തകരെ തിരിച്ചറിയാനുള്ള മാനദണ്ഡമാക്കുന്നത്, പ്രത്യേകിച്ച് യുവ സ്വതന്ത്ര റിപ്പോര്‍ട്ടര്‍മാരെ ഒഴിവാക്കുന്നതിന് തുല്യമാണെന്നാണെന്ന് കഹാനിസ്ഥാന് എന്ന ഇന്‍സ്റ്റാഗ്രാം പേജ് നടത്തുന്ന ഹര്‍ഷ് മംനാനി അഭിപ്രായപ്പെട്ടു. ഫ്രീലാന്‍സര്‍മാര്‍ക്ക് പി.ഐ.ബി അംഗീകാരം ലഭിക്കാന്‍ 15 വര്‍ഷത്തെ മുഴുവന്‍ സമയ മാധ്യമപ്രവര്‍ത്തന പരിചയം ആവശ്യമാണ്. ഇതിനാല്‍ പല യുവ റിപ്പോര്‍ട്ടര്‍മാര്‍ക്കും തങ്ങളുടെ യോഗ്യത തെളിയിക്കാന്‍ പരമ്പരാഗതമായ വഴികളൊന്നും ഇല്ലാത്ത അവസ്ഥയുണ്ടാക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വതന്ത്ര റിപ്പോര്‍ട്ടര്‍മാര്‍ പലപ്പോഴും സംഭവസ്ഥലങ്ങളില്‍ കൂടുതല്‍ സമയം ചെലവഴിക്കുകയും, പിന്നീട് മുഖ്യധാരാ മാധ്യമങ്ങളും ഗവേഷകരും ആശ്രയിക്കുന്ന പ്രാഥമിക വിവരങ്ങള്‍ തയ്യാറാക്കുകയും ചെയ്യുന്നു. ആ അര്‍ത്ഥത്തില്‍ ഇവ രണ്ടും പരസ്പര പൂരകങ്ങളാണ്. ഒരു വിഭാഗത്തെ റീല്‍ മേക്കര്‍മാര്‍ എന്ന് വിളിക്കുന്നത് ഭിന്നിപ്പിച്ച് ഭരിക്കുക എന്ന തന്ത്രം പോലെയാണ് തോന്നുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒക്ടോബറിലെ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ, തനിക്കും സഹപ്രവര്‍ത്തകരില്‍ പലര്‍ക്കും പോലീസിന്റെ ഉപദ്രവവും ഭീഷണിയും നേരിടേണ്ടി വന്നു. വാര്‍ത്താ സ്ഥാപനങ്ങളിലെപ്പോലെ തങ്ങള്‍ക്ക് നിയമസഹായം നല്കാന് പ്രത്യേക ടീമുകള്‍ ഇല്ലാത്തതിനാല്‍, തങ്ങളെ എപ്പോഴെങ്കിലും കസ്റ്റഡിയിലെടുത്താല്‍ ആരാണ് സഹായിക്കാന്‍ മുന്നോട്ടുവരിക എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒരു വിഭാഗം മാധ്യമ പ്രവര്‍ത്തകര്‍ പ്രസിദ്ധീകരിക്കുന്ന ഉള്ളടക്കത്തിന്റെ രൂപം വ്യത്യസ്തമാണെന്ന് കരുതി അവരെ മാധ്യമ പ്രവര്‍ത്തകര്‍ അല്ലെന്ന് വിധിക്കാന്‍ പൊലീസിന് അവകാശമില്ലെന്ന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തക സബാ ഗുര്‍മത് പറഞ്ഞു.
ഒക്ടോബര്‍ രണ്ട് മുതല്‍ സബാ പ്രതിഷേധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആ സമയത്ത് താന്‍ കസ്റ്റഡിയിലാകുന്നതില് നിന്ന് തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടതെന്നും അവര്‍ വെളിപ്പെടുത്തി.
റീല്മേക്കര്മാരെന്ന് വിളിച്ചുകൊണ്ടുള്ള പൊലീസ് വാദം ഒരു അലസമായ സമീപനമാണെന്ന് സ്വതന്ത്ര മാധ്യമപ്രവര്‍ത്തകയായ കദംബിനി ശര്‍മ്മ പറഞ്ഞതായും ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. വിനോദത്തിനായി സോഷ്യല്‍ മീഡിയ ഉള്ളടക്കം സൃഷ്ടിക്കുന്നവരും, ഗൗരവകരമായ മാധ്യമപ്രവര്‍ത്തനം നടത്തുന്നവരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ പൊലീസ് മെനക്കെടുന്നില്ല എന്നാണ് ഇതിലൂടെ അര്‍ത്ഥമാക്കുന്നതെന്നും ശര്‍മ പറഞ്ഞു.
സമീപകാലത്ത് പുറത്തുവന്ന ഏറ്റവും പ്രധാനപ്പെട്ട അന്വേഷണാത്മക റിപ്പോര്‍ട്ടുകളില്‍ പലതും സ്വതന്ത്ര മാധ്യമപ്രവര്ത്തകരുടേതാണെന്ന് കാദംബിനി ശര്‍മ്മ ചൂണ്ടിക്കാട്ടി. സ്വതന്ത്ര മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ ഇന്‍ഫ്ളൂവന്‍സര്‍മാരും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയാന്‍ പൊലീസിന് യഥാര്‍ത്ഥത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍, ഒരു വിഭാഗം മാധ്യമപ്രവര്‍ത്തകരെ മുഴുവനായി തള്ളിക്കളയുന്നതിന് പകരം, കൂടുതല്‍ വ്യക്തമായ ഒരു മാനദണ്ഡം കണ്ടെത്തുകയാണ് വേണ്ടതെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധങ്ങള്‍ക്കിടെ മാധ്യമപ്രവര്‍ത്തകരെ പൊലീസ് മര്‍ദിക്കുകയും കസ്റ്റഡിയിലെടുക്കുകയും ചെയ്തുവെന്ന് കാണിച്ച് മാധ്യമ സംഘടനകള്‍ നല്കിയ ഹരജികള്‍ക്ക് മറുപടിയായി സമര്‍പ്പിച്ച സത്യവാങ്മൂലത്തിലായിരുന്നു പൊലീസിന്റെ പരാമര്‍ശം. പ്രതിഷേധ സ്ഥലങ്ങില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് സുപ്രീം കോടതി അനുവദിച്ച പ്രത്യേക നിയമപരിരക്ഷ സോഷ്യല്‍മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാര്‍ക്കും റീല്‍ മേക്കേഴ്സിനും അവകാശപ്പെടാനാവില്ലെന്നും ദല്‍ഹി പൊലീസ് സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങള്‍ക്കിടെ കേരളത്തില്‍ നിന്നുള്ള മാധ്യമപ്രവര്ത്തകരെയക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാധ്യമപ്രവര്‍ത്തകരാണെന്ന് ആവര്‍ത്തിച്ച് പറയുകയും ഐഡി കാര്‍ഡുകള്‍ കാണിക്കുകയും ചെയ്തിട്ടും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ടര്‍ ടി.വി, മാതൃഭൂമി, മക്തൂബ്, തുടങ്ങിയ സ്ഥാപനങ്ങളിലെ മാധ്യമപ്രവര്‍ത്തകരെയായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്തത്.
Content Highlight: ‘We are journalists, not reel makers’: independent reporters on Delhi Police’s affidavit
