ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന പരമ്പര 3-1ന് ഇന്ത്യ സ്വന്തമാക്കിയിരുന്നു. അവസാന മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലാന്‍ഡ് 48.1 ഓവറില്‍ 187 റണ്‍സിന് പുറത്താകുകയായിരുന്നു. സ്വന്തം മണ്ണില്‍ തുടര്‍ച്ചയായ 11 വിജയങ്ങള്‍ക്ക് ശേഷമാണ് ന്യൂസിലാന്‍ഡ് ഒരു ഏകദിന പരമ്പര പരാജയപ്പെടുന്നത്.

അവസാന മത്സരത്തില്‍ വിജയിച്ച് പരമ്പര വിജയിക്കാന്‍ സാധിച്ചെങ്കിലും ഇന്ത്യയ്ക്ക് ഒരു വലിയ തിരിച്ചടിയാണ് നേരിടേണ്ടി വന്നത്.

മൗണ്ട് മൗന്‍ഗനുയിയില്‍ നടന്ന അഞ്ചാം ഏകദിനത്തില്‍ സ്ലോ ഓവര്‍ റേറ്റിന്റെ പേരില്‍ ഇന്ത്യയ്ക്ക് പിഴ ചുമത്തിയിരിക്കുകയാണ് ഐ.സി.സി. മാച്ച് ഫീയുടെ 35 ശതമാനമാണ് ഇന്ത്യന്‍ താരങ്ങള്‍ പിഴയായി നല്‍കേണ്ടത്. അവസാന മത്സരത്തില്‍ നിശ്ചിത സമയത്തിനുള്ളില്‍ ഏഴ് ഓവര്‍ കുറവാണ് ഇന്ത്യ എറിഞ്ഞത്. ഇതോടെയാണ് ഇന്ത്യയ്ക്ക് പിഴ നല്‍കേണ്ടി വന്നത്.

ഐ.സി.സി പെരുമാറ്റച്ചട്ടത്തിലെ ആര്‍ട്ടിക്കിള്‍ 2.22 പ്രകാരം നിശ്ചിത ഓവര്‍ നിരക്കില്‍ കുറവുണ്ടാകുന്ന ഓരോ ഓവറിനും താരങ്ങളുടെ മാച്ച് ഫീയുടെ അഞ്ച് ശതമാനം വീതമാണ് പിഴ. ഇതനുസരിച്ച് ഏഴ് ഓവര്‍ കുറവിന് 35 ശതമാനം പിഴ ചുമത്തുകയായിരുന്നു. പരമാവധി 50 ശതമാനം വരെ പിഴ ചുമത്താന്‍ നിയമം അനുവദിക്കുന്നുണ്ട്.

അതേസമയം ന്യൂസിലാന്‍ഡ് പര്യടനത്തിലെ ടി-20, ഏകദിന പരമ്പരകള്‍ വിജയിച്ച ഇന്ത്യ ടെസ്റ്റ് പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ്. രണ്ട് ടെസ്റ്റ് മത്സരങ്ങളടങ്ങുന്ന പരമ്പര നവംബര്‍ 19നാണ് ആരംഭിക്കുന്നത്.

ടെസ്റ്റ് സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍ (വിക്കറ്റ് കീപ്പര്‍), ദേവദത്ത് പടിക്കല്‍, റിഷബ് പന്ത് (വിക്കറ്റ് കീപ്പര്‍)*, ധ്രുവ് ജുറല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, അന്‍ഷുല്‍ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, ഗുര്‍ണൂര്‍ ബ്രാര്‍, മുഹമ്മദ് സിറാജ്.

*ഫിറ്റ്നസ് ക്ലിയറന്‍സിന് വിധേയം.

ടെസ്റ്റ് പരമ്പര

ആദ്യ ടെസ്റ്റ് നവംബര്‍ 19-23 വെല്ലിങ്ടണ്‍

രണ്ടാം ടെസ്റ്റ് നവംബര്‍ 27-ഡിസംബര്‍ 1 ക്രൈസ്റ്റ്ചര്‍ച്ച്

Content Highlight: The ICC has imposed a fine on India for a slow over-rate during the fifth ODI against New Zealand