ജിത്തു മാധവന്റെ സംവിധാനത്തിൽ സൂര്യ നായകനായെത്തിയ തമിഴ് ആക്ഷൻ-കോമഡി ക്രൈം ത്രില്ലറായ സീൻ ആഗോളതലത്തിൽ 250 കോടി നേടി ബോക്സ് ഓഫീസിൽ വിജയകുതിപ്പ് തുടരുകയാണ്. ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായിട്ടാണ് സംവിധായകൻ സീൻ ഒരുക്കിയതെങ്കിലും ചിത്രത്തിലെ അണിയറപ്രവർത്തകരും പ്രധാന അഭിനേതാക്കളുമെല്ലാം മലയാളികളായിരുന്നു. സൂര്യയ്‌ക്കൊപ്പം നസ് ലെനും, നസ്രിയയും, ലാലും പ്രധാനവേഷത്തിലെത്തിയപ്പോൾ സംഗീതം ഒരുക്കിയത് സുഷിൻ ശ്യാമും ചിത്രത്തിന്റെ എഡിറ്റിങ് നിർമിച്ചത് അജ്മൽ സാബുവുമായിരുന്നു.

എന്നാൽ ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുമ്പ് ചിത്രത്തിലെ നിർണായകമായ ഒരു രംഗം പുറത്തായതിനെക്കുറിച്ചും അതിനെത്തുടർന്ന് എഡിറ്റിങ്ങിൽ വരുത്തിയ മാറ്റങ്ങളെക്കുറിച്ചും സംസാരിക്കുകയാണ് സീൻ സിനിമയുടെ എഡിറ്റർ അജ്മൽ സാബു. ഈ വിവരം പുറത്തുവന്നപ്പോൾ ആദ്യം തങ്ങൾ ഏറെ ഞെട്ടിയെന്നും പിന്നീട് സിനിമയുടെ ഒഴുക്കിനെ ബാധിക്കാത്ത രീതിയിൽ രംഗം കുറച്ചുകൂടി നേരത്തെ കൊണ്ടുവരാൻ തീരുമാനിക്കുകയായിരുന്നെന്നും അദ്ദേഹം ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അജ്മൽ സാബു. Photo. Screen Grab/ Youtube

‘ഈ ഒരു കാര്യം ലീക്കാകുമെന്ന് നമ്മൾ വിചാരിച്ചിരുന്നില്ല. ഡബ്ബിങ്ങിനായി സിനിമയുടെ ഭാഗങ്ങൾ വിവിധ സ്റ്റുഡിയോകളിലേക്ക് അയച്ചതിനുശേഷമായിരിക്കാം ഇത് പുറത്തായതെന്നാണ് എനിക്ക് തോന്നുന്നത്. എവിടെനിന്നോ ആരോ ഈ വിവരം പുറത്തുവിട്ടു. അത് അറിഞ്ഞപ്പോൾ ആദ്യം ഞങ്ങൾ ശരിക്കും ഷോക്കായി. ജിത്തുവും ആദ്യം ഷോക്കായെങ്കിലും പിന്നീട് നമുക്ക് ഇത് മാനേജ് ചെയ്യാമെന്ന് പറഞ്ഞു. അതോടെ ഞങ്ങളും കുറച്ചുകൂടി കൂളായി,’ അജ്മൽ സാബു പറഞ്ഞു.

ചിത്രത്തിന്റെ ഇന്റർവെൽ നേരത്തെ തീരുമാനിച്ചിരുന്നതുപോലെ തന്നെയായിരുന്നെങ്കിലും ലീക്കായ രംഗം ഇന്റർവെലിന് മുമ്പായിരുന്നു വരേണ്ടിയിരുന്നത്. ആ രംഗം പ്രേക്ഷകർക്ക് മുൻകൂട്ടി അറിയാത്ത സാഹചര്യത്തിൽ തിയേറ്ററിൽ കാണുമ്പോൾ ലഭിക്കുന്ന ഇംപാക്ട് വളരെ വലുതായിരിക്കുമെന്നും അജ്മൽ പറഞ്ഞു.

‘ആ രംഗം റിവീൽ ചെയ്യപ്പെടാതെ പ്രേക്ഷകർ കാണുമ്പോൾ കിട്ടുന്ന ഇംപാക്ട് ഭയങ്കരമാണ്. അത് തിയേറ്ററിൽ ഉണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു ഞങ്ങൾ. സിനിമയുടെ ആദ്യ ഭാഗം മുഴുവൻ ഒരു വേൾഡ് ബിൽഡിങ്ങാണ്. കഥാപാത്രങ്ങളെയും സിനിമയുടെ പശ്ചാത്തലത്തെയും പ്രേക്ഷകർക്ക് പരിചയപ്പെടുത്തേണ്ടതുണ്ട്. അതിന് ആവശ്യമായ സമയവും സിനിമയ്ക്ക് വേണമായിരുന്നു,’ അജ്മൽ പറഞ്ഞു.

എന്നാൽ രംഗം പുറത്തായതോടെ സിനിമയുടെ ആദ്യ ഭാഗത്തിന്റെ ദൈർഘ്യം കൂടുതലായി അനുഭവപ്പെടാൻ തുടങ്ങിയെന്നും അതനുസരിച്ച് എഡിറ്റിങ്ങിൽ മാറ്റങ്ങൾ വരുത്തേണ്ടിവന്നെന്നും അദ്ദേഹം വ്യക്തമാക്കി. വെറുതെ വലിയ രീതിയിൽ റീ എഡിറ്റ് ചെയ്യുന്നതിനു പകരം, കഥയുടെ പ്രധാന സംഘർഷത്തിലേക്ക് പ്രേക്ഷകരെ കുറച്ചുകൂടി നേരത്തെ എത്തിക്കാനാണ് ശ്രമിച്ചതിന്നു അജ്മൽ സാബു പറഞ്ഞു.

‘ആ ഇൻസിഡന്റ് പുറത്തുവന്നതോടെ അതിലേക്ക് എത്താൻ എടുക്കുന്ന സമയം കുറച്ചുകൂടി കൂടുതലായി തോന്നി. ആ രംഗം നേരത്തെ വന്നാലേ കഥയിൽ ഒരു കോൺഫ്ലിക്റ്റ് ഉണ്ടാകൂ. അതുകൊണ്ട് ആ ഭാഗത്തേക്ക് പെട്ടെന്ന് എത്തിക്കാനായിരുന്നു റീ എഡിറ്റ് ചെയ്തത്. ആദ്യത്തെ ഇൻട്രൊഡക്ഷൻ സീനിൽ നിന്ന് ഏകദേശം മുപ്പത് മിനിറ്റോളം വീണ്ടും ട്രിം ചെയ്തു. ചില ഭാഗങ്ങൾ മാറ്റുകയും നസ്‌ലന്റെ ആദ്യത്തെ സീൻ കുറച്ചുകൂടി ചെറുതാക്കുകയും ചെയ്തു. അതിൽനിന്നുള്ള ചില ഭാഗങ്ങൾ പിന്നീട് വരുന്ന രീതിയിലും മാറ്റി,’ അജ്മൽ പറഞ്ഞു.

സീൻ. Photo. IMDb

ആദ്യ പകുതി പരമാവധി രസകരവും പ്രേക്ഷകരെ എന്റർടെയ്ൻ ചെയ്യുന്നതുമായ രീതിയിൽ കൊണ്ടുപോകാനായിരുന്നു ശ്രമമെന്നും അജ്മൽ കൂട്ടിച്ചേർത്തു. രംഗത്തെക്കുറിച്ച് നേരത്തെ അറിയാത്തവർക്ക് അതിന്റെ തിയേറ്റർ ഇംപാക്ട് ലഭിക്കണമെന്നും വിവരം അറിഞ്ഞുകൊണ്ട് സിനിമ കാണാനെത്തുന്നവർക്കും ആദ്യ പകുതി ആസ്വദിക്കാൻ കഴിയണമെന്നും ടീം ആഗ്രഹിച്ചിരുന്നു. അതിനുവേണ്ടിയുള്ള മാറ്റങ്ങൾ പരമാവധി സിനിമയ്ക്ക് ഗുണകരമാകുന്ന രീതിയിൽ ചെയ്യാൻ കഴിഞ്ഞെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: Editor Ajmal Sabu on the leaking of certain scenes from the movie ‘Scene’ prior to its release.