തുടർച്ചയായ വിജയങ്ങളിലൂടെ സൗത്ത് ഇന്ത്യൻ സിനിമയിൽ ശ്രദ്ധേയമായ മുന്നേറ്റം നടത്തുകയാണ് നടി മമിത ബൈജു. അഭിനയിച്ച മൂന്ന് ചിത്രങ്ങളും 200 കോടി ക്ലബ്ബിൽ ഇടംപിടിച്ചതോടെ ബോക്സ് ഓഫീസിലും വലിയ നേട്ടമാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഏകദേശം 860 കോടിയിലേറെ രൂപയാണ് ഈ മൂന്ന് ചിത്രങ്ങളും ചേർന്ന് ആഗോള ബോക്സ് ഓഫീസിൽ നേടിയിരിക്കുന്നത്. ഈ വിജയക്കുതിപ്പിന് പിന്നാലെ മമിത നായികയായെത്തുന്ന അടുത്ത ചിത്രം ഹലോ ഡിയർ തിയേറ്ററുകളിലേക്ക് എത്തുകയാണ്.
വിജയ് നായകനായ ജന നായകൻ, സൂര്യ നായകനായ വിശ്വനാഥൻ ആൻഡ് സൺസ്, നിവിൻ പോളിക്കൊപ്പം അഭിനയിച്ച ബെത്ലഹേം കുടുംബ യൂണിറ്റ് എന്നിവയാണ് മമിതയുടെ ഈ നേട്ടത്തിന് പിന്നിലുള്ള ചിത്രങ്ങൾ. ബോക്സ് ഓഫീസ് ട്രാക്കർമാരുടെ കണക്കുകൾ പ്രകാരം ജന നായകൻ ഏകദേശം 324.97 കോടി രൂപയും വിശ്വനാഥൻ ആൻഡ് സൺസ് 209.46 കോടി രൂപയും ആഗോളതലത്തിൽ സ്വന്തമാക്കിയിട്ടുണ്ട്. ഗിരീഷ് എ.ഡി സംവിധാനം ചെയ്ത ബെത്ലഹേം കുടുംബ യൂണിറ്റ് ഏകദേശം 331 കോടി രൂപയുടെ കളക്ഷനാണ് സ്വന്തമാക്കിയത്. ഇതോടെ മൂന്ന് ചിത്രങ്ങളുടെയും ആകെ ആഗോള കളക്ഷൻ 865 കോടിയിലേറെയാകുന്നു.

മമിത ബൈജു.വിജയ്. Photo: Mamitha baiju/ Facebook.com
മമിതയുടെ കരിയറിൽ വലിയ വഴിത്തിരിവായത് 2024ൽ പുറത്തിറങ്ങിയ ഗിരീഷ് എ.ഡി ചിത്രം പ്രേമലു ആയിരുന്നു. നസ്ലെൻ നായകനായെത്തിയ ചിത്രം കേരളത്തിന് പുറത്തും വലിയ ജനപ്രീതി നേടി. പ്രത്യേകിച്ച് തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ ഇടങ്ങളിൽ മമിതയ്ക്ക് കൂടുതൽ ആരാധകരെ നേടിക്കൊടുക്കാൻ ചിത്രത്തിന് സാധിച്ചു. പിന്നാലെ തമിഴ് സിനിമകളിലേക്കും ശ്രദ്ധ കേന്ദ്രീകരിച്ച മമിത, പ്രദീപ് രംഗനാഥൻ നായകനായ ഡ്യൂഡ് എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിലെത്തി. വിജയ്യുടെ അവസാന ചിത്രമായ ജന നായകൻ മമിതയുടെ കരിയറിലെ മറ്റൊരു പ്രധാന ചിത്രമായി. ചിത്രത്തിൽ വിജയ്യുടെ സഹോദരിയുടെ വേഷത്തിലാണ് താരം എത്തിയത്.
ഇതിനിടെയാണ് ഗിരീഷ് എ.ഡിയുടെ സംവിധാനത്തിൽ നിവിൻ പോളിയും മമിതയും ഒന്നിച്ച ബെത്ലഹേം കുടുംബ യൂണിറ്റ് ബോക്സ് ഓഫീസിൽ വലിയ വിജയം സ്വന്തമാക്കിയത്. ഓണം റിലീസായി എത്തിയ ചിത്രത്തിൽ ആഷ്ലി എന്ന കഥാപാത്രത്തെയാണ് മമിത അവതരിപ്പിച്ചത്. ചിത്രത്തിന്റെ വിജയത്തോടെ മലയാളത്തിലും താരത്തിന്റെ ജനപ്രീതി കൂടുതൽ ഉയർന്നു. മൂന്ന് ചിത്രങ്ങളുടെയും ബോക്സ് ഓഫീസ് നേട്ടങ്ങൾ കൂടി ചേരുമ്പോൾ സൗത്ത് ഇന്ത്യൻ സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന യുവതാരമായി മമിത മാറുകയാണ്.
ഈ വിജയങ്ങൾക്കു പിന്നാലെ മമിതയും പ്രേമലുവിലെ സഹതാരമായ സംഗീതും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ഹലോ ഡിയർ. ദീനോയ് പൗലോസ് ആദ്യമായി സംവിധാനം ചെയ്യുന്ന റൊമാന്റിക് കോമഡി ചിത്രം 2027 ജനുവരി 29ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ആഷിഖ് ഉസ്മാനാണ് ചിത്രം നിർമിക്കുന്നത്. തണ്ണീർമത്തൻ ദിനങ്ങൾ ഉൾപ്പെടെയുള്ള ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയിട്ടുള്ള ദീനോയ് പൗലോസിന്റെ സംവിധാന അരങ്ങേറ്റം കൂടിയാണ് ചിത്രം.

മമിത ബൈജു.വിജയ്. Photo: Mamitha baiju/ Facebook.com
ഇരണ്ടു വാനം എന്ന തമിഴ് ചിത്രവും പ്രദീപ് രംഗനാഥൻ നിർമിക്കുന്ന PRS 01 എന്ന ചിത്രവുമാണ് മമിതയുടേതായി അണിയറയിൽ ഒരുങ്ങുന്ന മറ്റ് പ്രോജക്ടുകൾ. തുടർച്ചയായ ബോക്സ് ഓഫീസ് വിജയങ്ങൾക്കു ശേഷം എത്തുന്ന ഹലോ ഡിയർ മമിതയുടെ കരിയറിൽ എത്രത്തോളം ശ്രദ്ധ നേടുമെന്ന ആകാംക്ഷയിലാണ് ഇപ്പോൾ ആരാധകർ.
Content Highlight: Following her string of successes, Mamitha’s next film as the lead, ‘Hello Dear’, is heading to theaters.
