ചുരുങ്ങിയ കാലം കൊണ്ട് വലിയ വളര്‍ച്ചയാണ് കേരള ബോക്‌സ് ഓഫീസിനുണ്ടായിരിക്കുന്നത്. കേരളത്തില്‍ നിന്നും ആദ്യമായി നൂറ് കോടിയിലെത്തിയ ചിത്രം എന്ന നേട്ടം സ്വന്തമാക്കിയത് കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത തുടരും ആയിരുന്നു. എന്നാല്‍ അവിടെ നിന്നും 150 കോടിയിലെത്താന്‍ മോളിവുഡിന് അധികകാലം കാത്തുനില്‍ക്കേണ്ടി വന്നിരുന്നില്ല.

ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് നിവിന്‍ പോളിയും മമിത ബൈജുവും പ്രധാനവേഷത്തിലെത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് 150 കോടിയിലധികം നേടിയായിരുന്നു ബോക്‌സ് ഓഫീസിന്റെ കരുത്ത് തെളിയിച്ചത്. ഇതിന് പിന്നാലെ കേരളത്തില്‍ നിന്നും വലിയ നേട്ടം കൊയ്ത അന്യഭാഷാ ചിത്രമായിരുന്നു രജനികാന്തിന്റെ ജയിലര്‍ 2. മോഹന്‍ലാലും അതിഥി വേഷത്തിലെത്തിയ ചിത്രം 80 കോടിയിലധികമായിരുന്നു സംസ്ഥാനത്ത് നിന്നും സ്വന്തമാക്കിയത്.

പിന്നാലെ അമ്പത് കോടിയ്ക്കടുത്ത് കളക്ഷനുമായി രാമായണ പാര്‍ട്ട് വണ്ണിനും കേരളത്തില്‍ മികച്ച പ്രതികരണം ലഭിച്ചതോടെ കളമൊരുങ്ങിയിരിക്കുന്നത് ധനുഷ് നായകനാകുന്ന ഓ.എമ്മിനാണ്. രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റുകള്‍ക്കും കേരളത്തില്‍ വലിയ സ്വീകാര്യതയായിരുന്നു ലഭിച്ചത്. സിയാ കാര്‍ത്തികേയനെന്ന അധോലോക നായകനായി മമ്മൂട്ടി വേഷമിടുന്നു എന്നതായിരുന്നു മലയാളികളുടെ കാത്തിരിപ്പിന്റെ കാരണം. പ്രതീക്ഷിച്ച പോലെ ചിത്രത്തിന് പോസിറ്റീവ് റിവ്യൂ ലഭിച്ചാല്‍ മമ്മൂട്ടിയുടെ കേരള ബോക്‌സ് ഓഫീസിലെ ആദ്യ നൂറ് കോടി, തമിഴ് ചിത്രത്തിലൂടെ സംഭവിച്ചേക്കാം എന്ന പ്രതീക്ഷയിലാണ് സിനിമാലോകം.

ഇതിനുള്ള കാരണമായി സിനിമാ പേജുകള്‍ ചൂണ്ടി കാണിക്കുന്നത് പല ഫാക്ടറുകളാണ്. നിലവിലെ സെന്‍സേഷനായി നില്‍ക്കുന്ന സായ് അഭ്യങ്കാറിന്റെ സംഗീത സംവിധാനത്തില്‍ മമ്മൂട്ടിയെ കാണാമെന്നുള്ളതാണ് ആദ്യത്തെ ഫാക്ടര്‍. കേരളത്തില്‍ വലിയ ഫാന്‍ബേസുള്ള ധനുഷിനൊപ്പം രാമായണയിലൂടെ 1000 കോടിയടിച്ച് കരിയറിന്റെ പീക്കില്‍ നില്‍ക്കുന്ന സായ് പല്ലവിയുടെ പൊലീസ് വേഷവും ചിത്രത്തിന്റെ കളക്ഷനില്‍ സഹായകരമാകും. കേരളത്തിലും താരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്.

ഓ.എo. Photo: X.com

മാത്രമല്ല ബാച്ച്‌ലര്‍ പാര്‍ട്ടിയൊഴികെ മറ്റൊരു ചിത്രവും കാര്യമായി ഓ.എമ്മിന് കേരള ബോക്‌സ് ഓഫീസില്‍ ഭീഷണിയാകുന്നില്ലെന്ന് കാണാം. പക്കാ കൊമേഷ്യല്‍ എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രത്തിന് മികച്ച പ്രതികരണം ലഭിക്കുകയാണെങ്കില്‍ മമ്മൂട്ടിയെന്ന നടന്റെ കേരള ബോക്‌സ് ഓഫീസില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിക്കുന്ന ചിത്രമായി ഓ.എം മാറിയേക്കും.

Content Highlight: Mammootty starrer O.M has every potential to gross 100 crore from Kerala Box office