മലയാളത്തിലെ സ്റ്റൈലിഷ് ചിത്രങ്ങളുടെ പര്യായമാണ് അമല്‍ നീരദ്. ബിഗ് ബി, ബാച്ച്‌ലര്‍ പാര്‍ട്ടി, സാഗര്‍ ഏലിയാസ് ജാക്കി, ഇയ്യോബിന്റെ പുസ്തകം, തുടങ്ങിയ ഒട്ടനവധി ചിത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ച അമല്‍ നീരദ് മറ്റൊരു ചിത്രവുമായി പ്രേക്ഷകര്‍ക്ക് മുമ്പിലേക്കെത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്. 2012ല്‍ പുറത്തിറങ്ങിയ ബാച്ചലര്‍ പാര്‍ട്ടിയുടെ സ്പിരിച്ച്വല്‍ സ്വീക്വലായ ബാച്ച്ലര്‍ പാര്‍ട്ടി ഡ്യൂവാണ് നാളെ (വ്യാഴാഴ്ച) റിലീസിനൊരുങ്ങുന്നത്.

ബാച്ചലര്‍ പാര്‍ട്ടി ഡ്യൂ. Photo: X.com

ചിത്രത്തിന്റെ ഓരോ ക്യാരക്ടര്‍ പോസ്റ്ററുകളും ട്രെയ്ലറും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചിത്രത്തിലെ താരനിര തന്നെയായിരുന്നു ഇതിലെ പ്രധാനകാരണം. കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീന്‍, നസ്‌ലെന്‍, ചന്തു സലീം കുമാര്‍, ലാല്‍, തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ വേഷമിടുന്നത്.

റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെ ചിത്രത്തിന് പ്രീ സെയിലിലൂടെ ലഭിച്ച കളക്ഷന്‍ കണക്കുകളാണ് സിനിമാ പേജുകളില്‍ ശ്രദ്ധിക്കപ്പെടുന്നത്. മലയാളത്തിലെ യുവതാരനിര അണിനിരന്ന ചിത്രത്തിന് പ്രതീക്ഷിച്ചത്ര നേട്ടം ഇതുവരെ പ്രീസെയിലിലൂടെ ഉണ്ടാക്കിയെടുക്കാന്‍ സാധിച്ചിട്ടില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയുള്ള കണക്കുകള്‍ പ്രകാരം 85 ലക്ഷം രൂപയാണ് ചിത്രം അഡ്വാന്‍സ് ബുക്കിങ്ങിലൂടെ നേടിയിരിക്കുന്നത്.

ബാച്ചലര്‍ പാര്‍ട്ടി ഡ്യൂ. Photo: X.com

ഇത്രയും വലിയ താരനിരയ്ക്ക് ഈ തുക ചെറുതാണെങ്കിലും ഇന്ന് രാത്രിയോടെ സ്ഥിതിഗതികള്‍ മാറുമെന്നാണ് പലരും വിലയിരുത്തുന്നത്. മമ്മൂട്ടിയും ധനുഷും പ്രധാനവേഷത്തിലെത്തുന്ന തമിഴ് ചിത്രം ഓ.എമ്മും, ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുങ്ക് ചിത്രം ആകാസം ലോ ഒക്ക താരയും വെള്ളിയാഴ്ച റിലീസിനെത്തുന്ന സാഹചര്യത്തില്‍ ആദ്യ ദിനത്തില്‍ തന്നെ മികച്ച കളക്ഷന്‍ സ്വന്തമാക്കേണ്ടതും മികച്ച പ്രതികരണം നേടേണ്ടതും ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന്റെ വിജയത്തിന് അനിവാര്യമാണ്.

 

Content Highlight: Pre release booking collection of Bachelor party Duex