അരങ്ങേറ്റം കുറിച്ച മലയാളത്തിന് പുറത്ത് തമിഴിലും തെലുങ്കിലും ഹിന്ദിയിലും നായകനായിക്കൊണ്ട് ഇന്ത്യന്‍ സിനിമയില്‍ തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. സീതാരാമം, ലക്കി ബാസ്‌ക്കര്‍ തുടങ്ങി തെലുങ്കില്‍ സൂപ്പര്‍ ഹിറ്റുകള്‍ സ്വന്തമാക്കിയ താരം ടോളിവുഡില്‍ വലിയ ഫാന്‍ബേസ് സൃഷ്ടിച്ചെടുത്തിരുന്നു. മമ്മൂട്ടിയുടെ മകനെന്ന ലേബലിലായിരുന്നു താരം സിനിമയിലേക്കെത്തിയതെങ്കിലും കുറഞ്ഞ കാലം കൊണ്ട് അന്യഭാഷയിലടക്കം ദുല്‍ഖര്‍ തന്റെ സ്‌പേസ് കണ്ടെത്തുകയായിരുന്നു.

ദുല്‍ഖര്‍ സല്‍മാന്‍. Photo: X.com

2025ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം കാന്തയ്ക്കും അടുത്തിടെ പുറത്തിറങ്ങിയ മലയാള ചിത്രം ഐ ആം ഗെയ്മിനും ശേഷം ദുല്‍ഖറിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന തെലുങ്ക് ചിത്രമാണ് പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന ആകാസം ലോ ഒക്ക താര. ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുമുള്ള പെണ്‍കുട്ടി തന്റെ പരിമിതികളെ അതിജീവിച്ചുകൊണ്ട് ബഹിരാകാശ സഞ്ചാരിയാകാന്‍ നടത്തുന്ന പ്രയത്‌നങ്ങളെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. ചിത്രത്തിന്റെതായി കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലര്‍ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

നവംബര്‍ 20 നാണ് ചിത്രം പുറത്തിറങ്ങുന്നത്. അതേദിവസമാണ് മമ്മൂട്ടിയും ധനുഷും നായകനാകുന്ന തമിഴ് ചിത്രം ഓ.എമ്മും റിലീസ് ചെയ്യുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇതോടെ അച്ഛന്‍-മകന്‍ ഏറ്റുമുട്ടലിനായിരിക്കും സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസ് സാക്ഷ്യം വഹിക്കുക, കഴിഞ്ഞ ദിവസം ആകാസം ലോ ഒക്ക താരയുടെ പ്രൊമോഷന്‍ ഇവന്റിനിടയില്‍ മമ്മൂട്ടിയ്‌ക്കൊപ്പം ഒന്നിച്ച് എന്നായിരിക്കും ഒരു ചിത്രം ചെയ്യുക എന്ന നിര്‍മാതാവ് അല്ലു അരവിന്ദിന്റെ ചോദ്യത്തിന് ദുല്‍ഖര്‍ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

നിങ്ങളെ രണ്ട് പേരെയും വെച്ച് ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്ന് നിര്‍മാതാവ് പറഞ്ഞപ്പോള്‍ ഞാന്‍ എപ്പോഴും തയ്യാറാണെന്നും അദ്ദേഹമാണ് സമ്മതിക്കേണ്ടത് എന്നുമായിരുന്നു ദുല്‍ഖര്‍ പറഞ്ഞത്. മമ്മൂട്ടിയെ ഞാന്‍ കണ്‍വിന്‍സ് ചെയ്യാമെന്ന് അല്ലു അരവിന്ദ് പറഞ്ഞപ്പോള്‍ എങ്കില്‍ താന്‍ ഇപ്പോള്‍ തന്നെ അഭിനയിക്കാമെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.

ഓ.എo, ആകാസം ലോ ഒക്ക താര. Photo: X.com

അമരന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓ.എം. ചിത്രത്തില്‍ സിയ കാര്‍ത്തികേയന്‍ എന്ന അധോലോക നായകനായാണ് മമ്മൂട്ടി വേഷമിടുന്നത്. ധനുഷിന് പുറമെ സായ് പല്ലവി, ശ്രീലീല തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സായ് അഭ്യങ്കാറാണ് ഓ.എമ്മിന് സംഗീതം നിര്‍വഹിക്കുന്നത്.

Content Highlight: Dulquer Salmaan talks about his movie with father Mammootty