ലഖിംപൂര്‍: അസമിലെ ലഖിംപൂര്‍ ജില്ലയിലുള്ള ബോഗിനാദി ഗ്രാമത്തില്‍ അനധികൃതമായി കുടിയേറ്റം ആരോപിച്ച് കെട്ടിടങ്ങള്‍ പൊളിക്കുന്നതിനിടെ ഹിന്ദു കുടുംബത്തിന്റെ വീട് മാത്രം അധികൃതര്‍ പൊളിക്കാതെ വിട്ടതായി റിപ്പോര്‍ട്ട്. പ്രദേശത്തെ മുസ്ലിം കുടുംബങ്ങളുടെ വീടുകളും ഒരു പള്ളിയും അധികൃതര്‍ പൊളിച്ചുമാറ്റുമ്പോഴും ഹിന്ദു കുടുംബത്തിന്റെ വീട് മാത്രം പൊളിക്കാതെ നിലനിര്‍ത്തുകയായിരുന്നുവെന്നും സിയാസത് ഡെയലി റിപ്പോര്‍ട്ട് ചെയ്തു.
എല്ലായിടത്തും കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്ന പ്രദേശത്ത് ഒരു വീട് മാത്രം കേടുപാടുകളൊന്നുമില്ലാതെ നില്‍ക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഒരു ഹിന്ദു കുടുംബത്തിന്റെ വീടാണ് പൊളിക്കപ്പെടാതെയുള്ളതെന്ന് സിയാസത് ഡെയലിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
പ്രദേശത്ത് അനധികൃതമായി ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ കുടിയേറിയെന്ന് ആരോപിച്ചാണ് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ പൊളിക്കുന്നത്. എന്നാല്‍ അതേ പ്രദേശത്തെ ഒരു വീട് മാത്രം പൊളിക്കാതെ വിട്ടത് അധികൃതരുടെ വാദം തെറ്റെന്ന് തെളിയിക്കുന്നുവെന്നും സിയാസത് ഡെയലിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
In Boginadi village of Lakhimpur district, Assam, revenue officials demolished several Muslim houses and a mosque, alleging they stood on encroached land, but spared one house belonging to a Hindu family.
The house stood intact amid the concrete debris scattered everywhere.
The eviction drive is part of the Assam government’s purpose to weed out illegal Bangladeshi immigrants. But the surfaced video completely debunks the claim.
— The Siasat Daily (@TheSiasatDaily) November 17, 2026
സംസ്ഥാനത്ത് ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകള്‍ പൊളിച്ചു നീക്കുന്നത് മുസ്ലിം സമുദായത്തെ ലക്ഷ്യമിട്ടാണെന്ന് വിമര്‍ശനം ഉയരുന്നതിനിടെയാണ് പുതിയ വീഡിയോ പുറത്തു വരുന്നത്. ഈ മാസം ഒന്നിന് അലംഗഞ്ച് പ്രദേശത്ത് ബുള്‍ഡോസറുകളുപയോഗിച്ച് സംസ്ഥാന സര്‍ക്കാര്‍ 550-ഓളം വീടുകള്‍ തകര്‍ത്തിരുന്നു. സര്‍ക്കാര്‍ ഭൂമിയില്‍ അനധികൃതമായി നിര്‍മിച്ച വീടുകളും പള്ളികളും മറ്റ് കെട്ടിടങ്ങളുമാണ് പൊളിച്ചുനീക്കിയതെന്നാണ് ജില്ലാ ഭരണകൂടം അവകാശപ്പെട്ടത്.
പ്രദേശത്ത് ബംഗാളി സംസാരിക്കുന്ന മുസ്ലിം കുടുംബങ്ങളുടെ വീടുകളായിരുന്നു തകര്‍ക്കപ്പെട്ടത്. വീടുകള്‍ തകര്‍ക്കുന്നതിനെതിരെ ഇവര്‍ മുദ്രാവാക്യങ്ങള്‍ വിളിച്ച് പ്രതിഷേധിച്ചിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.
2021 മെയ് മുതല്‍ 2026 വരെയുള്ള കാലയളവില്‍ അസമില്‍ കുറഞ്ഞത് 33 കുടിയൊഴിപ്പിക്കല്‍ നടപടികള്‍ നടന്നിട്ടുണ്ടെന്ന് ‘ന്യൂ ഹ്യൂമാനിറ്റേറിയന്‍’ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഈ നടപടികളില്‍ 20,387 കുടുംബങ്ങളും ഒരു ലക്ഷത്തിലധികം ആളുകളും കുടിയൊഴിപ്പിക്കപ്പെട്ടതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇവ കൈയേറ്റങ്ങള്‍ക്കെതിരായ നടപടികളാണെന്ന് സര്‍ക്കാര്‍ അവകാശപ്പെടുന്നു. ബംഗ്ലാദേശില്‍ നിന്നുള്ള അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയമാണ് കുടിയൊഴിപ്പിക്കലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മയും പറയുന്നു.
ബുള്‍ഡോസര്‍ രാജിനെ ദീപാവലി ആഘോഷത്തിന് മുമ്പുള്ള വീടു വൃത്തിയാക്കലുമായി ഹിമന്ത ബിശ്വ ശര്‍മ അടുത്തിടെ എക്സ് പോസ്റ്റില്‍ ഉപമിച്ചിരുന്നു. ലഖിംപൂരില്‍ ഒരു വീട് ബുള്‍ഡോസര്‍ ഉപയോഗിച്ച് പൊളിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഈ കാര്യം പറഞ്ഞത്.
‘ദീപാവലിക്ക് തൊട്ടുമുമ്പ് ഞങ്ങള്‍ ലഖിംപൂരില്‍ ഈ ഘര്‍ കി സഫായി നടത്തി,’ എന്ന കാപ്ഷനും ഈ വീഡിയോക്കൊപ്പം ശര്‍മ എക്സില്‍ കുറിച്ചു. ദീപാവലിക്ക് മുമ്പ് വീട് വൃത്തിയാക്കുന്ന ചടങ്ങാണ് ഘര്‍ കി സഫായി. ദീപാവലി ദിനമായ നവംബര്‍ എട്ടിനായിരുന്നു ശര്‍മ ഈ വീഡിയോ പങ്കുവെച്ചത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ 18,000 ഹെക്ടറിലധികം ഭൂമി കൈയേറ്റത്തില്‍ നിന്ന് മോചിപ്പിച്ചുവെന്നും, എന്നാല്‍ 3.16 ലക്ഷം ഹെക്ടര്‍ വനഭൂമി ഇപ്പോഴും അനധികൃത കൈവശത്തിലാണെന്നും മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ തിങ്കളാഴ്ച പറഞ്ഞു. സംസ്ഥാനത്തെ കൈയേറിയ ഓരോ ഇഞ്ച് ഭൂമിയും തിരിച്ചുപിടിക്കാന്‍ സര്‍ക്കാര്‍ ‘വിട്ടുവീഴ്ചയില്ലാത്ത തന്ത്രം’ സ്വീകരിക്കുമെന്ന് ശര്‍മ സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു.
Content Highlight: Homes, a mosque razed; lone Hindu family spared in Assam
