ലഖ്നൗ: ഉത്തര്‍പ്രദേശില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധന. എസ്.എസ്.ആറിന്റെ (സ്‌പെഷ്യല്‍ സമ്മറി റിവിഷന്‍) ഭാഗമായുള്ള പുതിയ കരട് പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍ 18.84 ലക്ഷം വോട്ടര്‍മാരാണ് കൂടിയത്. തീവ്ര വോട്ടര്‍ പട്ടികാ പരിഷ്‌കരണം പൂര്‍ത്തിയായ ശേഷമുള്ള കണക്കാണിത്.

ഇതോടെ സംസ്ഥാനത്തെ ആകെ വോട്ടര്‍മാരുടെ എണ്ണം 13.58 കോടി കടന്നതായാണ് വോട്ടര്‍മാരുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ നവ്ദീപ് റിന്‍വ പറഞ്ഞു. എസ്.എസ്.ആര്‍ കരട് പട്ടികയില്‍ 6.20 കോടി വനിതാ വോട്ടര്‍മാരും ഇടംപിടിച്ചിട്ടുണ്ടെന്ന് ദി ഹിന്ദു റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വര്‍ഷം ഏപ്രില്‍ 10നാണ് ഉത്തര്‍പ്രദേശില്‍ എസ്.ഐ.ആര്‍ നടപടികള്‍ പൂര്‍ത്തിയാക്കി അന്തിമ വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചത്. അന്ന് സംസ്ഥാനത്ത് 13,39,84,792 വോട്ടര്‍മാരാണുണ്ടായിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച പുറത്തുവിട്ട കണക്കനുസരിച്ച് ഇത് 13,58,68,905 ആയി ഉയര്‍ന്നുവെന്നും റിന്‍വ പറഞ്ഞു. കഴിഞ്ഞ ഏഴുമാസത്തിനിടെ 18,84,113 പേരുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

‘നവംബര്‍ 17 മുതല്‍ ഡിസംബര്‍ 16 വരെ അവകാശവാദങ്ങള്‍ക്കും എതിര്‍പ്പുകള്‍ക്കും സമയപരിധി ഉണ്ടായിരിക്കും. ഈ കാലയളവില്‍ യോഗ്യരായ പൗരന്മാര്‍ക്ക് വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്താനോ ഇല്ലാതാക്കാനോ തിരുത്താനോ ഫോമുകള്‍ 6, 7, 8 എന്നിവ വഴി അപേക്ഷിക്കാം,’ ശ്രീ റിന്‍വ പറഞ്ഞു.

അതേസമയം ഉത്തര്‍പ്രദേശില്‍ വോട്ടര്‍ പട്ടികയില്‍ നിന്നും ഹിന്ദു വോട്ടര്‍മാര്‍ ഒഴിവാക്കപ്പെട്ടെന്ന് ആരോപിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ മറുപടി നല്‍കിയിരുന്നു. വോട്ടര്‍മാരുടെ വിവരങ്ങള്‍ ശേഖരിക്കുന്നതില്‍ അവരുടെ ജാതിയോ മതമോ ഉള്‍പ്പെടുത്താറില്ലെന്നാണ് സി.ഇ.ഒ നവ്ദീപ് റിന്‍വാ വ്യക്തമാക്കിയത്.

എസ്.ഐ.ആറിന് ശേഷം വോട്ടര്‍പട്ടികയിലുണ്ടായ പൊരുത്തക്കേടുകളെ കുറിച്ച് ഒരു അഭിമുഖത്തിലയിരുന്നു യോഗി ആദിത്യനാഥ് ചൂണ്ടിക്കാട്ടിയത്. സംസ്ഥാനത്ത് നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ ഇടംപിടിച്ചിരുന്ന 1.27കോടിയോളം ഹിന്ദു വോട്ടര്‍മാരുടെ പേരുകള്‍ ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ പട്ടികയില്‍ നിന്നും അപ്രത്യക്ഷമായെന്നായിരുന്നു മുഖ്യമന്ത്രി ആരോപിച്ചത്.

Content Highlight: UP: 13.58 crore voters in the draft electoral roll; an increase of 18.84 lakh, says Election Commission