സാഫ് ചാമ്പ്യന്‍ഷിപ്പ് ഫുട്‌ബോള്‍ കിരീടം സ്വന്തമാക്കി ഇന്ത്യ. ഫൈനലില്‍ പാകിസ്ഥാനെ 2-1ന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടര്‍ച്ചയായ മൂന്നാം കിരീടത്തില്‍ മുത്തമിട്ടത്. ആദ്യമായി ഫൈനല്‍ കളിക്കാനിറങ്ങിയ പാകിസ്ഥാന്‍ ഒരു ഗോളിന് മുന്നിലെത്തിയ ശേഷമാണ് തോല്‍വി ഏറ്റുവാങ്ങിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ ഇന്ത്യയെ ഞെട്ടിച്ചുകൊണ്ടാണ് പാകിസ്ഥാന്‍ ആദ്യം വലകുലുക്കിയത്. ആദ്യ പകുതിയുടെ അവസാന മിനിട്ടില്‍ ആലംഗീര്‍ ഗാസിയുടെ തകര്‍പ്പന്‍ ഗോളിലൂടെ പാകിസ്ഥാന്‍ ലീഡ് നേടി.

രണ്ടാം പകുതിയില്‍ പാകിസ്ഥാന്‍ പ്രതിരോധ താരം ജുനൈദ് ഷാ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായത് മത്സരത്തിന്റെ ഗതി മാറ്റി. പിന്നാലെ ലഭിച്ച ഫ്രീകിക്ക് ലക്ഷ്യത്തിലെത്തിച്ച് സുഹൈല്‍ അഹമ്മദ് ഭട്ട് ഇന്ത്യയെ സമനിലയിലെത്തിച്ചു.

വിജയഗോളിനായി ഇന്ത്യയുടെ ശ്രമം തുടര്‍ന്നെങ്കിലും മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് ലക്ഷ്യം കണ്ടത്. 88ാം മിനിട്ടില്‍ പ്രതിരോധ താരം സന്ദീപ് മാണ്ഡി നേടിയ ഗോളിലൂടെ ഇന്ത്യ വിജയം ഉറപ്പിച്ചു.

1993, 1997, 1999, 2005, 2009, 2011, 2015, 2021, 2023 വര്‍ഷങ്ങളിലും ഇന്ത്യ സാഫ് കിരീടം നേടിയിട്ടുണ്ട്. 2003ല്‍ മാത്രമാണ് ഇന്ത്യക്ക് ഫൈനലിലെത്താന്‍ കഴിയാതിരുന്നത്. മലയാളി താരങ്ങളായ പി.വി. വിഷ്ണു, മുഹമ്മദ് സുഹൈല്‍, പി.എന്‍. നൗഫല്‍, എബിന്‍ദാസ് യേശുദാസന്‍, മുഹമ്മദ് ഉവൈസ്, അബ്ദുള്‍ റബീഹ് എന്നിവരും ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.

Content Highlight: India wins the SAFF Championship football title