മലയാളി താരം അനശ്വര രാജനെ പ്രശംസിച്ച് തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവി. അനശ്വര മികച്ച അഭിനേത്രിയാണെന്നും താരത്തിന്റെ ചിരിയിൽ നിഷ്കളങ്കതയും പരിശുദ്ധിയും കാണാനാകുമെന്നും ചിരഞ്ജീവി പറഞ്ഞു. അനശ്വരയുടെ പുതിയ തെലുങ്ക് ചിത്രമായ ‘ഇറ്റ്ലു അർജുന’യുടെ വിജയാഘോഷ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘അനശ്വര രാജൻ ഇപ്പോൾ എനിക്കൊപ്പം ഒരു സിനിമ ചെയ്യുന്നുണ്ട്. അവർ അതിശയിപ്പിക്കുന്ന അഭിനേത്രിയാണ്. പ്രത്യേകിച്ച് അവരുടെ ചിരി എനിക്ക് ഒരുപാട് ഇഷ്ടമാണ്. ആ ചിരിയിൽ നിഷ്കളങ്കതയും പരിശുദ്ധിയും കാണാനാകും. വളരെ മികച്ച രീതിയിൽ അഭിനയിക്കുന്ന താരമാണ് അനശ്വര,’ ചിരഞ്ജീവി പറഞ്ഞു.

അനശ്വര ,ചിരഞ്ജീവി. Photo. Screen Grab/ Youtube

അനശ്വരയെക്കുറിച്ച് സംസാരിച്ചപ്പോൾ സദസിൽനിന്ന് ഉയർന്ന ആർപ്പുവിളികൾ ശ്രദ്ധയിൽപ്പെട്ട ചിരഞ്ജീവി, താരത്തിന്റെ മറ്റൊരു ചിത്രമായ ‘കാക്ക’യെക്കുറിച്ചും പരാമർശിച്ചു. ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്നുണ്ട്. എന്നാൽ സിനിമയുടെ വിവരങ്ങൾ പുറത്തുവിടാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ചിരഞ്ജീവി വ്യക്തമാക്കി.

‘കാക്ക സിനിമയെക്കുറിച്ച് എന്തെങ്കിലും പറഞ്ഞാൽ അത് ലീക്കാകും. അതുകൊണ്ട് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. ഞാൻ എല്ലാം ഹോൾഡ് ചെയ്തുവെച്ചിരിക്കുകയാണ്. ഒന്നോ രണ്ടോ മാസം കഴിഞ്ഞാൽ ചിത്രം റിലീസിനെത്തും. സംക്രാന്തിക്കാണ് റിലീസ് പ്രതീക്ഷിക്കുന്നത്. അതുകൊണ്ട് സിനിമയുടെ സസ്പെൻസ് പുറത്തുവിടാൻ പാടില്ല.

‘കതിരി കാളിദാസ്’ എന്ന സിനിമയുടെ കാര്യം എന്റെ ഭാഗത്തുനിന്നാണ് ഒരിക്കൽ ലീക്കായത്. അതുപോലെ ഇവിടെയും എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും പുറത്തുപോയാലോ എന്ന പേടിയുണ്ട്. അതുകൊണ്ടാണ് ഒന്നും പറയാതെ സൂക്ഷിക്കുന്നത്,’ അദ്ദേഹം പറഞ്ഞു.

‘ഇറ്റ്ലു അർജുനയിലെ അനശ്വരയുടെ പ്രകടനത്തെക്കുറിച്ചും ചിരഞ്ജീവി വേദിയിൽ സംസാരിച്ചു. ചിത്രത്തിൽ വ്യത്യസ്ത സ്വഭാവങ്ങളുള്ള രണ്ട് ഷേഡുകളിലാണ് അനശ്വര എത്തുന്നതെന്നും രണ്ടും മികച്ച രീതിയിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഈ സിനിമയിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം അനശ്വരയുടെ കഥാപാത്രത്തിനുള്ള രണ്ട് ഷേഡുകളാണ്. ഒരു ഭാഗത്ത് വളരെ പാവപ്പെട്ട പെൺകുട്ടിയെപ്പോലെയാണ് കഥാപാത്രം. മറുവശത്ത് കുറച്ചുകൂടി വ്യത്യസ്തമായൊരു സ്വഭാവവും അവൾക്കുണ്ട്. ഈ രണ്ട് കഥാപാത്രങ്ങൾക്കിടയിലുള്ള വ്യത്യാസം അനശ്വര വളരെ നന്നായി അവതരിപ്പിച്ചു. സിനിമയിൽ കൂടുതൽ എന്റർടെയ്ൻമെന്റ് ലഭിക്കുന്നതും അവളുടെ കഥാപാത്രത്തിലൂടെയാണ്. ഓവർ ആകാതെ ഓരോ രംഗത്തിനും എത്രത്തോളം ആവശ്യമാണോ അത്രത്തോളം മാത്രം ചെയ്തിട്ടുണ്ട്.

ചിരഞ്ജീവി. Photo. Screen Grab/ Youtube

പ്ലീസ് അനശ്വര, ഈ സിനിമാ ഇൻഡസ്ട്രിയിൽ നിങ്ങൾക്ക് മികച്ച ഭാവിയുണ്ട്. തെലുങ്ക് സിനിമാലോകം നിങ്ങളെ സ്വാഗതം ചെയ്യുന്നു. ഇവിടെ നിങ്ങൾക്ക് വലിയൊരു ഇടം സ്വന്തമാക്കാൻ കഴിയട്ടെ. തീർച്ചയായും നിങ്ങൾക്ക് നല്ലൊരു ഭാവിയുണ്ട്. ഓൾ ദി ബെസ്റ്റ്, ഗോഡ് ബ്ലെസ് യു,’ ചിരഞ്ജീവി പറഞ്ഞു.

അനശ്വരയുടെ നൃത്തത്തെയും ചിരഞ്ജീവി പ്രത്യേകം പ്രശംസിച്ചു. ‘ഗിരിഗിരി ഗിൻഗിരാഗിരേ’ എന്ന ഗാനത്തിലെ ചുറ്റിക്കറങ്ങിയുള്ള നൃത്തച്ചുവടുകൾ താൻ കണ്ടിട്ടുണ്ടെന്നും ‘കാക്ക’യിൽ അനശ്വര മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlight: Telugu superstar Chiranjeevi has praised Malayali actor Anaswara Rajan.