ഐ.പി.എല്‍ 2027ന് മുന്നോടിയായി വമ്പന്‍ അഴിച്ചുപണിക്കൊരുങ്ങി ചെന്നൈ സൂപ്പര്‍ കിങ്സ്. 10 താരങ്ങളെയാണ് ലേലത്തിന് മുന്നോടിയായി ടീം റിലീസ് ചെയ്തത്. വിരമിക്കല്‍ പ്രഖ്യാപിച്ച ഇതിഹാസം എം.എസ്. ധോണിയെയും ചെന്നൈ റിലീസ് ചെയ്ത പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നാല് കോടി രൂപയ്ക്കാണ് ധോണിയെ ചെന്നൈ വിട്ടയച്ചത്. പേസര്‍ പ്രശാന്ത് വീറിനെ 14.2 കോടി രൂപയ്ക്കും റിലീസ് ചെയ്തു. ന്യൂസീലാന്‍ഡ് താരം മാറ്റ് ഹെന്റിയെ രണ്ട് കോടി രൂപയ്ക്കും ഓസീസ് താരം സ്‌പെന്‍സര്‍ ജോണ്‍സണെ 1.5 കോടി രൂപയ്ക്കുമാണ് ചെന്നൈ റിലീസ് ചെയ്തത്.

ചെന്നൈ സൂപ്പര്‍ കിങ്സ് റിലീസ് ചെയ്ത താരങ്ങള്‍: സ്‌പെന്‍സര്‍ ജോണ്‍സണ്‍, അമന്‍ ഖാന്‍, പ്രശാന്ത് വീര്‍, മാറ്റ് ഷോര്‍ട്ട്, മാറ്റ് ഹെന്റി, മക്‌നീല്‍ നോറോണ്‍ഹ, സക്കറി ഫോക്‌സ്, കുല്‍ദീപ് യാദവ്, ഡിയാന്‍ ഫോറസ്റ്റര്‍, ആകാശ് മധ്വാള്‍

പ്രശാന്ത് വീറായിരുന്നു പട്ടികയിലെ ഏറ്റവും ഉയര്‍ന്ന തുക സ്വന്തമാക്കിയ താരം. നാല് താരങ്ങളെയും ഒഴിവാക്കിയതോടെ ലേലത്തിന് മുന്നോടിയായി ചെന്നൈയ്ക്ക് വലിയൊരു തുക പേഴ്സ് ബാലന്‍സിലേക്ക് തിരിച്ചെത്തും.

അതേസമയം ആരാധകരെ ഏറെ നിരാശപ്പെടുത്തിയാണ് ഐ.പി.എല്ലില്‍ നിന്ന് ഇതിഹാസം എം.എസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണി ഇനി ചെന്നൈയുടെ മെന്ററായി പ്രവര്‍ത്തിക്കുമെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.

2008 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഒപ്പമുള്ള ധോണി തന്റെ 18 വര്‍ഷം നീണ്ട ഐ.പി.എല്‍ കരിയറാണ് അവസാനിപ്പിച്ചത്. അതേസമയം ചെന്നൈയുടെ മെന്ററായി ധോണിയെത്തുന്നത് ആരാധകര്‍ക്ക് ആശ്വാസമാകും.

ഇതുവരെയുള്ള ഐ.പി.എല്‍ കരിയറില്‍ 278 മത്സരങ്ങളില്‍ നിന്ന് 5439 റണ്‍സാണ് ധോണി നേടിയത്. ക്യാപ്റ്റന്‍ എന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും ചെന്നൈയെ ഉയരങ്ങളിലെത്തിക്കാന്‍ ധോണിക്ക് സാധിച്ചു. അഞ്ച് തവണ ചെന്നൈയെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റന്‍ കൂള്‍ 2023ലെ അഞ്ചാം വിജയത്തിനുശേഷം ക്യാപ്റ്റന്‍ സ്ഥാനം ഋതുരാജ് ഗെയ്ക്വാദിന് വിട്ടുകൊടുത്തു.

 

Content Highlight: Chennai Super Kings set for a major overhaul ahead of IPL 2027