ബാലതാരമായാണ് റംസാൻ മുഹമ്മദ് സിനിമയിലെത്തുന്നതെങ്കിലും ഡി4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് താരം ശ്രദ്ധിക്കപ്പെട്ടത്. ഡാന്‍സ് ഡാന്‍സ് എന്ന ചിത്രത്തിലാണ് നായകനായി തുടക്കം കുറിച്ചത്. തുടർന്ന് കിടു, ഭീഷ്മപർവം, റൈഫിൾ ക്ലബ്, ഓഫീസർ ഓൺ ഡ്യൂട്ടി എന്ന ചിത്രങ്ങളുടെയും ഭാഗമായി. ജിയോഹോട്ട്സ്റ്റാറിലെ ലവ് ഓൾവെയ്‌സ് ആണ് താരത്തിന്റെ ഏറ്റവും പുതിയ വെബ് സീരീസ്.

ഭ്രമയുഗം തുടങ്ങി രോമാഞ്ചം, മധുര മനോഹര മോഹം തുടങ്ങിയ സിനിമകളിൽ റംസാൻ ഡാൻസ് കൊറിയോഗ്രാഫി ചെയ്തിട്ടുണ്ട്. ഭ്രമയുഗത്തിന്റെ സംവിധായകനായ രാഹുൽ സദാശിവൻ തന്നെ ആ സിനിമയിലേക്ക് വിളിച്ചതുമായി ബന്ധപ്പെട്ടുള്ള ഓർമ്മകൾ ഇൻഡിവുഡുമായി പങ്കു വെക്കുകയായിരുന്നു താരം.

‘രാഹുലേട്ടൻ എന്നെ നേരിട്ട് വിളിക്കുകയായിരുന്നു. എന്ത് കണ്ടിട്ടാണ് എന്നെ വിളിച്ചതെന്ന് എനിക്കറിയില്ല. എന്നെ വിളിച്ചിട്ട് ഇങ്ങനെ പറഞ്ഞു, ‘ഒരു പരിപാടി ഉണ്ടെ’ന്ന്. എനിക്ക് തോന്നുന്നു എന്റെ കണ്ടമ്പററി ബോഡി ലാംഗ്വേജ് പരിപാടിയും കാര്യങ്ങളും ട്രീറ്റ്മെന്റ് റീൽസൊക്കെ കണ്ടിട്ടായിരിക്കണം വിളിച്ചിട്ടുണ്ടാവുക. പിന്നെ അതിന് മുമ്പ് ഞാനൊരു ബ്ലാക്ക് ആൻഡ് വൈറ്റ് റീലൊക്കെ ഇട്ടിട്ടുണ്ടായിരുന്നു. അപ്പോൾ ഇങ്ങനെയുള്ള കുറെ കാര്യങ്ങൾ ഉണ്ടായിരുന്നിരിക്കണം.

ഭ്രമയുഗം.Photo. Screen Grab/ IMDb.com

ചേട്ടൻ വിളിച്ചിട്ട് ഓരോ കാര്യങ്ങൾ പറഞ്ഞു തന്നു, കൊറിയോഗ്രാഫി ചെയ്യണമെന്ന് പറഞ്ഞു. പിന്നെ സീൻ ഡെവലപ്മെന്റായി, യക്ഷി എന്ത് ചെയ്യും എങ്ങനെ ചെയ്യും എന്നുള്ള സാധനമായി. പിന്നീടത് ഒരു ക്യാരക്ടറിൽ സ്റ്റിക്ക് ഓൺ ചെയ്യാതെ സിനിമയിൽ പല സമയത്ത് വന്നുപോകുന്ന സാഹചര്യങ്ങളെ ആസ്പദമാക്കി ബോഡി ലാംഗ്വേജ് ചെയ്യേണ്ട ഒരു സിറ്റുവേഷനിലോട്ട് നമ്മൾ വന്നു. അത് കഴിഞ്ഞിട്ടാണ് എന്റെയടുത്ത് പറയുന്നത് ഇത് മമ്മൂക്ക ചെയ്യുന്ന പടമാണെന്ന്. അപ്പോഴാണ് ഞാൻ റിയലൈസ് ചെയ്തത് ഞാൻ മമ്മൂക്കയുടെ പടത്തിൽ വർക്ക് ചെയ്യാൻ പോവുകയാണെന്ന്. അത് ഭയങ്കര വലിയൊരു എക്സ്പീരിയൻസ് ആയിരുന്നു,’ താരം പറഞ്ഞു.

അത്രയും നന്നായി പ്രീ വർക്ക് ചെയ്ത് പ്രസന്റ് ചെയ്തൊരു മൂവിയാണ് അതെന്നും ആദ്യം തന്നെ കൊറിയോഗ്രാഫിക്ക് വേണ്ടിയാണ് വിളിച്ചതെന്നും പിന്നീട് സിനിമയുടെ ഡെവലപ്മെന്റ് സ്റ്റേജിലാണ് ക്യാരക്ടർ ഡിസൈൻ പ്രോസസിന്റെ കാര്യവും ഏല്പിച്ചതെന്നാണ് റംസാൻ പറയുന്നത്.

‘ആക്ച്വലി എന്നെ കൊറിയോഗ്രാഫിക്കാണ് ആദ്യം വിളിച്ചത്. പക്ഷേ ഞങ്ങളുടെ സംസാരത്തിലും സിനിമയുടെ ഡെവലപ്മെന്റ് സ്റ്റേജിലുമാണ് ‘ഇതിലെ ഈ ക്യാരക്ടറിനെയും അതിന്റെ എല്ലാ രീതിയിലുള്ള കാര്യങ്ങളും നീ നോക്കിക്കോ’ എന്ന് രാഹുലേട്ടൻ പറഞ്ഞത്. അങ്ങനെ പറയുമ്പോൾ ആ ഒരു യക്ഷി എന്ന കഥാപാത്രത്തിന്റെ എൻട്രി തൊട്ട് എക്സിറ്റ് വരെയുള്ള കാര്യങ്ങൾ അതായത് യക്ഷി എങ്ങനെ നോക്കും, എങ്ങനെ നടക്കും, എന്ത് ചെയ്യും, എങ്ങനെ വരണം, എവിടെ നിൽക്കണം, എങ്ങനെ നോക്കണം, എങ്ങനെ സെഡ്യൂസ് ചെയ്യുന്ന ലുക്ക് കൊടുക്കണം ഇങ്ങനെയുള്ള കാര്യങ്ങളൊക്കെ ഡെവലപ്പ് ചെയ്യണമായിരുന്നു,’ താരം പറഞ്ഞു.

Content Highlight: Ramzan Muhammed talks about the movie Bramayugam