അമ്മാന്: ടെലഗ്രാമിന് വിലക്കേര്‍പ്പെടുത്തി ജോര്‍ദാന്‍. തീവ്രവാദം പ്രചരിപ്പിക്കാനും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാവാനും ആപ്പ് ഉപയോഗിക്കുന്നതായി ആരോപിച്ചാണ് നടപടി. നിയമവിരുദ്ധമായ ഉള്ളടക്കം പ്രചരിപ്പിക്കാനും തീവ്രവാദം പ്രചരിപ്പിക്കാനുമുള്ള ശ്രമങ്ങള്‍ തടയുന്നതിനാണ് ആപ്പ് നിരോധിച്ചതെന്ന് ജോര്‍ദാനിലെ പബ്ലിക്ക് സെക്യൂരിറ്റി ഡയക്ടറേറ്റ് അറിയിച്ചു.
നിരോധനം എത്രകാലം നീണ്ടു നില്‍ക്കുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം കരാക് ഗവര്‍ണറേറ്റിലെ ഹമ്മൂദ് ഗ്രാമത്തിലുള്ള ഗ്രീക്ക് ഓര്‍ത്തഡോക്സ് പള്ളിയിലുണ്ടായ ആക്രമണത്തില്‍ ഒമ്പത് പേര് കൊല്ലപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്ക് വധശിക്ഷ വിധിച്ചതിന് പിന്നാലെയാണ് സുരക്ഷാ നടപടികള്‍ ശക്തമാക്കിയത്. അജ്ഞാത അക്കൗണ്ടുകള്‍, ലിങ്കുകള്‍ എന്നിവയില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും നിയമവിരുദ്ധമായ ഉള്ളടക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജനങ്ങള്‍ക്ക് നിര്‍ദേശം നല്കി.
എന്നാല്‍ ആക്രമണമാണോ നിരോധനത്തിന് കാരണമെന്ന് ഡയറക്ടേറ്റ് വെളിപ്പെടുത്തിയിട്ടില്ല. പള്ളിക്ക് നേരെ ആക്രമണത്തിന് പിന്നാലെ സിറിയയില്‍ ജോര്‍ദാന്‍ ആക്രമണം നടത്തിയിരുന്നു.
Content Highlight: Threat to national security: Jordan bans Telegram
