ന്യൂയോർക്ക്: അമേരിക്കയിൽ അടുത്ത മാസങ്ങളിലായി ഹിന്ദു ക്ഷേത്രങ്ങൾക്കു നേരെയുണ്ടാകുന്ന ആക്രമണങ്ങളിലും രാഷ്ട്രീയ പ്രചാരണങ്ങളിൽ വർധിച്ചുവരുന്ന വിദ്വേഷ പ്രവണതകളിലും ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി ശക്തമായ ആശങ്ക രേഖപ്പെടുത്തി.

വിഭജന രാഷ്ട്രീയം തള്ളിക്കളയാനും വിവേചനങ്ങൾക്കെതിരെ സമൂഹം ഒറ്റക്കെട്ടായി നിൽക്കാനും അദ്ദേഹം ആഹ്വാനം ചെയ്തു. ചൊവ്വാഴ്ച ന്യൂയോർക്കിൽ സംഘടിപ്പിച്ച ദീപാവലി ആഘോഷപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ ഒരു വർഷത്തിനിടെ യു.എസിൽ ഹിന്ദു ക്ഷേത്രങ്ങൾ വ്യാപകമായി ലക്ഷ്യം വെക്കപ്പെട്ടതായും, യു.എസ് ഫെഡറൽ ഗവൺമെന്റിലെ ഉന്നത നേതാക്കൾ സിഖ് സമുദായത്തെയും ലക്ഷ്യം വെച്ചതായും മംദാനി വിമർശിച്ചു.

സമൂഹത്തിന്റെ പാർശ്വങ്ങളിൽ മാത്രം ഒതുങ്ങിനിന്നിരുന്ന വിദ്വേഷം ഇന്ന് രാഷ്ട്രീയ പ്രചാരണങ്ങളുടെ മുഖ്യധാരയിലേക്ക് കടന്നുവന്നിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

‘വാഷിംഗ്ടൺ ആയാലും ദൽഹിയിലായാലും, ഭയം പരത്തുന്നതും ലോകത്തേക്ക് ഇരുട്ട് കൊണ്ടുവരുന്നതുമായ ഏതൊരു രാഷ്ട്രീയത്തെയും തള്ളിക്കളയാൻ ഈ ദീപാവലി ആഘോഷവേളയിൽ നമുക്ക് പൊതുവായ ഉത്തരവാദിത്തമുണ്ട്,’ മേയർ പറഞ്ഞു.

‘നിങ്ങളുടെ നാട്ടിലേക്ക് തിരിച്ചു പോകൂ എന്ന് ആരെയെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ, ഞാൻ ഉറപ്പിച്ചു പറയുന്നു, നിങ്ങൾ നിങ്ങളുടെ സ്വന്തം വീട്ടിൽ തന്നെയാണ്’ എന്നും കൂട്ടിച്ചേർത്തു.

പഞ്ചാബി-ഹിന്ദു മാതാവിന്റെയും ഗുജറാത്തി ഉഗാണ്ടൻ മുസ്‌ലിം പിതാവിന്റെയും മകനായ മംദാനി, വൈവിധ്യമാർന്ന തന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ചും പ്രസംഗത്തിൽ അനുസ്മരിച്ചു.

ക്ഷേത്രത്തിലോ പള്ളിയിലോ ഗുരുദ്വാരയിലോ പ്രാർത്ഥിക്കുന്നവരായാലും മതവിശ്വാസമില്ലാത്തവരായാലും എല്ലാവരിലും കുടികൊള്ളുന്നത് ഒരേ പ്രകാശമാണെന്നും ഹിന്ദു വേദഗ്രന്ഥങ്ങൾ പഠിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

രാമായണവും മഹാഭാരതവും കുടുംബബന്ധങ്ങളെയും കടമയെയും ധാർമിക ഉത്തരവാദിത്തത്തെയും കുറിച്ച് വലിയ പാഠങ്ങളാണ് നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മഹാത്മാഗാന്ധിയുടെ ഉപ്പുസത്യാഗ്രഹത്തെയും മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിന്റെ വാഷിംഗ്ടൺ മാർച്ചിനെയും സ്വാധീനിച്ചത് ഇത്തരം പാരമ്പര്യങ്ങളിലെ നീതിബോധമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു.

സഹിഷ്ണുതയിലും അനുകമ്പയിലും അധിഷ്ഠിതമായ ഒരു രാഷ്ട്രീയം കെട്ടിപ്പടുക്കാൻ ഇനിയും ഏറെ മുന്നോട്ടുപോകാനുണ്ടെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം, ന്യൂയോർക്ക് സിറ്റിയുടെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ-അമേരിക്കൻ മേയറാകാൻ കഴിഞ്ഞതിലും ഇത്തരമൊരു ആഘോഷത്തിന് ആതിഥേയത്വം വഹിക്കാൻ സാധിച്ചതിലും അഭിമാനമുണ്ടെന്നും വ്യക്തമാക്കി.

Content Highlight:Sohran Mamdani expresses concern over attacks on Hindu temples in the U.S.