ലോകത്തിലെ ഏറ്റവും വലിയ എണ്ണശേഖരങ്ങളിലൊന്നുള്ള വെനസ്വേലയുടെ എണ്ണവരുമാനം കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് കടുത്ത വിമര്‍ശനം നേരിടുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ ഭരണകൂടവും. വെനസ്വേലയുടെ എണ്ണ കയറ്റുമതിയുടെ നിയന്ത്രണം ഏറ്റെടുത്ത അമേരിക്ക, അതില്‍നിന്നുള്ള കോടിക്കണക്കിന് ഡോളര്‍ വരുമാനം യുഎസ് ട്രഷറിയുടെ മാത്രം മേല്‍നോട്ടത്തിലുള്ള ഒരു അക്കൗണ്ടിലേക്ക് മാറ്റിയിരിക്കുകയാണെന്നാണ് പറഞ്ഞത്. എന്നാല്‍ ഈ പണം എവിടെനിന്നാണ് വരുന്നത്, ആര്‍ക്കൊക്കെയാണ് ലഭിക്കുന്നത്, എങ്ങനെയാണ് വിനിയോഗിക്കുന്നത് തുടങ്ങിയ നിര്‍ണായക വിവരങ്ങള്‍ ഇതുവരെ പുറത്തുവിടാന്‍ ഭരണകൂടം തയ്യാറായിട്ടില്ല.
ഇതുമായി ബന്ധപ്പെട്ട ചോദ്യമുയര്‍ന്നതിന് പിന്നാലെ വരുമാനം കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ച് വിശദീകരിക്കാനായി അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞയാഴ്ച 53 പേജുള്ള ഒരു റിപ്പോര്‍ട്ട് പുറത്തിറക്കിയിരുന്നു. ഈ വര്‍ഷം ആദ്യം മുതല്‍ കുറഞ്ഞത് 12.11 ബില്യണ്‍ ഡോളര്‍ ഈ ട്രഷറി അക്കൗണ്ടിലൂടെ കടന്നുപോയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ പണം നിക്ഷേപിച്ച സ്ഥാപനങ്ങള്‍ ഏതൊക്കെയാണ്, അന്തിമമായി ഈ പണം ആര്‍ക്കാണ് പണം ലഭിച്ചത്, മൊത്തം വരുമാനത്തിന്റെ എത്ര ഭാഗമാണ് ഈ കണക്കില്‍ ഉള്‍പ്പെട്ടിരിക്കുന്നത് തുടങ്ങിയ ചോദ്യങ്ങള്‍ക്കൊന്നും റിപ്പോര്‍ട്ടില്‍ വ്യക്തമായ ഉത്തരമില്ല.
‘സുതാര്യത പൂജ്യം’ എന്നാണ് അമേരിക്കന്‍ ഉപഭോക്തൃ അവകാശ സംഘടനയായ പബ്ലിക് സിറ്റിസണിലെ എനര്‍ജി പ്രോഗ്രാം ഡയറക്ടര്‍ ടൈസണ്‍ ഈ ഇടപാടുകളെ വിശേഷിപ്പിച്ചത്.
12 ബില്യണ്‍ ഡോളറിന്റെ വെനസ്വേലന്‍ എണ്ണ കൈമാറ്റം ചെയ്യപ്പെടുകയും വിനിയോഗിക്കപ്പെടുകയും ചെയ്തതുമായി ബന്ധപ്പെട്ട ഒരു സാമ്പത്തിക ഇടപാടുകളിലും സുതാര്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു:
‘ഫണ്ട് എങ്ങനെ ഉപയോഗിച്ചു എന്നതിനെക്കുറിച്ചുള്ള വളരെ പരിമിതമായ ഒരു വിവരണം മാത്രമാണ് ഇപ്പോള്‍ ഞങ്ങളുടെ കൈവശമുള്ളത്. എന്നാല്‍ ഏതൊക്കെ സ്ഥാപനങ്ങളാണ് ഇതില്‍ ഉള്‍പ്പെട്ടിരുന്നത് എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങളില്ല.’, അദ്ദേഹം പറഞ്ഞു.
ലക്ഷ്യം മഡുറോയോ വെനസ്വേലയിലെ എണ്ണയോ?
വെനസ്വേലയുടെ എണ്ണസമ്പത്തിന്മേല്‍ ട്രംപ് ഭരണകൂടം നടത്തുന്ന ഇടപെടലുകളെക്കുറിച്ചുള്ള ആശങ്കകള്‍ കഴിഞ്ഞ വര്‍ഷം അവസാനത്തോടെയാണ് ശക്തമായത്. വെനസ്വേലയില്‍നിന്ന് പുറപ്പെട്ട എണ്ണ ടാങ്കറുകള്‍ അമേരിക്ക പിടിച്ചെടുക്കാന്‍ തുടങ്ങിയതോടെയായിരുന്നു ഇത്.
പിടിച്ചെടുക്കുന്ന കപ്പലുകളിലെ എണ്ണ അമേരിക്ക സ്വന്തമായി സൂക്ഷിക്കുകയോ വില്‍ക്കുകയോ ചെയ്യുമെന്ന് ട്രംപ് പ്രഖ്യാപിച്ചു. പതിറ്റാണ്ടുകള്‍ക്കുമുമ്പ് വെനസ്വേല എണ്ണവ്യവസായം ദേശസാത്കരിച്ചതിലൂടെ അമേരിക്കയ്ക്ക് നഷ്ടമുണ്ടായെന്നും അതിന് നഷ്ടപരിഹാരം ലഭിക്കേണ്ടതുണ്ടെന്നുമായിരുന്നു ട്രംപിന്റെയും ഭരണകൂടത്തിന്റേയും വാദം.
അമേരിക്കന്‍ എണ്ണക്കമ്പനികള്‍ വെനസ്വേലയുടെ എണ്ണവ്യവസായം കെട്ടിപ്പടുത്തതാണെന്നും പിന്നീട് വെനസ്വേല അത് പിടിച്ചെടുത്തെന്നുമായിരുന്നു വൈറ്റ് ഹൗസ് ഡെപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് സ്റ്റീഫന്‍ മില്ലര്‍ പറഞ്ഞത്.
ഇതിന് പിന്നാലെ 2026 ജനുവരി മൂന്നിന് വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡുറോയെ പിടികൂടി രാജ്യത്തുനിന്ന് മാറ്റുന്നതിനായി ട്രംപ് സൈനിക നടപടിക്ക് അനുമതി നല്‍കി.
സൈനിക നടപടിയുടെ അതേ ദിവസം നടത്തിയ പ്രസംഗത്തില്‍ വെനസ്വേലയുടെ എണ്ണസമ്പത്തില്‍ അമേരിക്കയ്ക്കുള്ള താത്പര്യം ട്രംപ് പരസ്യമായി പ്രഖ്യാപിച്ചു.
‘നമ്മള്‍ ഈ ഭൂമിയില്‍ നിന്ന് വലിയൊരു അളവിലുള്ള സമ്പത്ത് പുറത്തെടുക്കാന്‍ പോകുന്നു. വെനസ്വേലന്‍ എണ്ണയില്‍നിന്നുള്ള വരുമാനത്തിന്റെ ഒരു ഭാഗം അമേരിക്കയ്ക്ക് ലഭിക്കും. ആ രാജ്യം നമുക്കുണ്ടാക്കിയ നാശനഷ്ടങ്ങള്‍ക്ക് നഷ്ടപരിഹാരമായി വെനസ്വേലന്‍ എണ്ണവരുമാനത്തില്‍നിന്ന് ഒരു ഭാഗം അമേരിക്കന്‍ ഐക്യനാടുകളിലേക്ക് പോകും,’ ട്രംപ് പറഞ്ഞു.
സൈനിക നടപടിക്ക് മുമ്പും ശേഷവും എണ്ണക്കമ്പനികളുമായി സംസാരിച്ചിരുന്നുവെന്ന് ദിവസങ്ങള്‍ക്കുശേഷം ട്രംപ് വെളിപ്പെടുത്തി. വെനസ്വേലയിലെ എണ്ണവ്യവസായത്തിന്റെ ഭാവി ചര്‍ച്ച ചെയ്യുന്നതിനായി വൈറ്റ് ഹൗസില്‍ പ്രമുഖ എണ്ണക്കമ്പനി പ്രതിനിധികളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി.
ജനുവരി മൂന്നിലെ സൈനിക നടപടി വെനസ്വേലയുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി നിയമവിദഗ്ധരും വിവിധ ലോകനേതാക്കളും രംഗത്തെത്തി.
1962ലെ ഐക്യരാഷ്ട്രസഭാ പ്രമേയം ഓരോ രാജ്യത്തിനും സ്വന്തം പ്രകൃതിവിഭവങ്ങളുടെ മേല്‍ ശാശ്വത പരമാധികാരം ഉറപ്പുനല്‍കുന്നുണ്ടെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. മറ്റൊരു രാജ്യത്തിന്റെ പ്രകൃതിവിഭവങ്ങള്‍ പിടിച്ചെടുക്കാനുള്ള അമേരിക്കയുടെ നടപടിയുടെ നിയമസാധുതയും ഇതോടെ ചോദ്യം ചെയ്യപ്പെട്ടു.
മഡുറോയ്ക്ക് പിന്നാലെ അദ്ദേഹത്തിന്റെ മുന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് അധികാരത്തിലെത്തി. എന്നാല്‍ ട്രംപ് ഭരണകൂടത്തിന്റെ ആവശ്യങ്ങളോട് വലിയതോതില്‍ സഹകരിക്കുന്ന നിലപാടാണ് അവര്‍ സ്വീകരിച്ചത്. വെനസ്വേലയുടെ ജനാധിപത്യ പുനഃസ്ഥാപനത്തേക്കാള്‍ എണ്ണവരുമാനത്തിലാണ് ട്രംപ് ഭരണകൂടത്തിന് താത്പര്യമെന്ന് പോകപ്പോകെ വ്യക്തമായി.
വെനസ്വേലയില്‍ ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകള്‍ നടത്തേണ്ടതിന്റെ പ്രാധാന്യം ട്രംപ് തുടര്‍ച്ചയായി കുറച്ചുകാണിച്ചുവെന്ന് ലാറ്റിനമേരിക്കയിലെ മുന്‍ അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ജോണ്‍ ഫീലി പറഞ്ഞു.
‘വെനസ്വേലയുടെ ജനാധിപത്യ ഭാവിയില്‍ തനിക്ക് താത്പര്യമില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്.’അമേരിക്കയും വെനസ്വേലയും തമ്മിലുള്ള നിലവിലെ ബന്ധത്തെ ‘സംരക്ഷിത നവകൊളോണിയലിസം’ എന്നാണ് ഫീലി വിശേഷിപ്പിച്ചത്.
17 എണ്ണപ്പാടങ്ങളുടെ നിയന്ത്രണം; 100 വര്‍ഷത്തെ കരാര്‍
വെനസ്വേലന്‍ എണ്ണവ്യവസായത്തില്‍ അമേരിക്കയുടെ ഇടപെടല്‍ കൂടുതല്‍ വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ഓഗസ്റ്റ് അവസാനത്തില്‍ ട്രംപ് നടത്തിയ പ്രഖ്യാപനം. വെനസ്വേലയുടെ എണ്ണ ഉത്പാദനത്തിന്റെ അഞ്ചിലൊന്ന് വേര്‍തിരിച്ചെടുക്കുന്നതില്‍ അമേരിക്കന്‍ സര്‍ക്കാരിന് നേരിട്ട് പങ്കാളിത്തമുണ്ടാകുമെന്നായിരുന്നു പ്രഖ്യാപനം.
കരാറിന്റെ ഭാഗമായി 65 ബില്യണ്‍ ബാരല്‍ എണ്ണശേഖരമുള്ള 17 വെനസ്വേലന്‍ എണ്ണപ്പാടങ്ങളുടെ പ്രവര്‍ത്തനത്തില്‍ 100 വര്‍ഷത്തേക്കുള്ള ‘ഭൂരിപക്ഷ നിയന്ത്രണം’ അമേരിക്കയ്ക്ക് ലഭിച്ചു.
വെനസ്വേലന്‍ വ്യവസായി അലജാന്‍ഡ്രോ ബെറ്റാന്‍കോര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള നോര്‍ത്ത് അമേരിക്കന്‍ ബ്ലൂ എനര്‍ജി പാര്‍ട്‌ണേഴ്സ് എന്ന കമ്പനിക്കാണ് എണ്ണപ്പാടങ്ങളുടെ നടത്തിപ്പ് അവകാശം നല്‍കിയത്.
അതേസമയം പെന്റഗണ്‍, കമ്പനിയുടെ 35 ശതമാനം ഓഹരികള്‍ ഏറ്റെടുക്കുകയും എണ്ണ ഉല്‍പാദനത്തിന്റെ 20 ശതമാനം അമേരിക്കയ്ക്ക് ഉറപ്പാക്കുകയും ചെയ്തു. ‘ചരിത്രത്തിലെ ഏറ്റവും വലിയ എണ്ണക്കരാര്‍’ എന്നാണ് ട്രംപ് ഇതിനെ വിശേഷിപ്പിച്ചത്.
എന്നാല്‍ കരാര്‍ ഏറ്റെടുത്ത കമ്പനിയുടെ ഉടമയായ ബെറ്റാന്‍കോര്‍ട്ടിന്റെ പശ്ചാത്തലവും വിവാദമായിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളില്‍ അമേരിക്ക, സ്‌പെയിന്‍, സ്വിറ്റ്‌സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ അന്വേഷണം നേരിട്ടിരുന്ന വ്യക്തിയാണ് അദ്ദേഹം.
കരാറിനെക്കുറിച്ച് വെനസ്വേലന്‍ പ്രതിപക്ഷ നേതാവ് മരിയ കൊറിന മച്ചാഡോയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഈ കരാര്‍ വെനസ്വേലന്‍ സമൂഹം ആഗ്രഹിക്കുന്ന രീതിയിലുള്ളതല്ലെന്നും സുതാര്യതയില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.
വെനസ്വേല ദീര്‍ഘകാലമായി എണ്ണ കയറ്റുമതിയില്‍ പ്രതിസന്ധി നേരിടുകയാണ്. അതിനാല്‍ എണ്ണ തുറന്ന വിപണിയില്‍ വില്‍ക്കാന്‍ കഴിയുന്നത് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുണകരമാകുമെന്ന് വെനസ്വേലയുടെ പൊതുമേഖലാ എണ്ണക്കമ്പനിയിലെ മുന്‍ എക്‌സിക്യൂട്ടീവും റൈസ് സര്‍വകലാശാലയിലെ ബേക്കര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സെന്റര്‍ ഫോര്‍ എനര്‍ജി സ്റ്റഡീസിലെ ഗവേഷകനുമായ ലൂയിസ് എ. പാച്ചെക്കോ പറയുന്നു.
ട്രംപ് ഭരണകൂടം NABEPയുമായി ഉണ്ടാക്കിയ കരാറിലും അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
‘ഇത് അധികമാര്‍ക്കും അറിയാത്ത ഒരു സ്ഥാപനമാണ്. വ്യക്തമായ സാമ്പത്തിക സ്രോതസ്സുകളില്ല. സാങ്കേതിക സഹായവും വളരെ പരിമിതമാണ്. ഈ വന്‍കിട കരാറില്‍നിന്ന് പ്രതീക്ഷിക്കുന്ന നേട്ടത്തിന്റെ വളരെ ചെറിയൊരു ഭാഗം മാത്രമേ യഥാര്‍ഥത്തില്‍ ലഭിക്കുകയുള്ളൂ.’, അദ്ദേഹം പറഞ്ഞു.
നേട്ടം 12 ബില്യണ്‍ ഡോളറിലധികം; പണം എവിടേക്ക് പോയി?
വെനസ്വേലന്‍ എണ്ണ ഇടപാടുകളിലെ സുതാര്യതയില്ലായ്മ അമേരിക്കന്‍ കോണ്‍ഗ്രസിലെ ഡെമോക്രാറ്റുകള്‍ക്കിടയിലും വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്.
ഇടപാടുകളുടെ യഥാര്‍ഥ വിവരങ്ങള്‍ പുറത്തുകൊണ്ടുവരുന്നതിനായി സെപ്റ്റംബറില്‍ കോണ്‍ഗ്രസിലെ ജനപ്രതിനിധിസഭയിലെയും സെനറ്റിലെയും ഡെമോക്രാറ്റുകള്‍ ട്രംപ് ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. വെനസ്വേലന്‍ എണ്ണ കയറ്റുമതിയുമായി ബന്ധപ്പെട്ട ഇടപാടുകള്‍ ഓഡിറ്റ് ചെയ്യാന്‍ നിയോഗിച്ച കെ.പി.എം.ജി എന്ന അന്താരാഷ്ട്ര അക്കൗണ്ടിങ് സ്ഥാപനത്തിന്റെ കണ്ടെത്തലുകള്‍ പുറത്തുവിടണമെന്നായിരുന്നു ആവശ്യം.
എന്നാല്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കഴിഞ്ഞയാഴ്ച പുറത്തുവിട്ട 53 പേജുള്ള റിപ്പോര്‍ട്ടിലും ഈ നിര്‍ണായക വിവരങ്ങള്‍ മറച്ചുവെച്ചു.
ആരാണ് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുന്നത്? ആരാണ് പണം സ്വീകരിച്ചത്? ഓരോ ഇടപാടിലും പങ്കാളികളായ കമ്പനികള്‍ ഏതൊക്കെയാണ്? തുടങ്ങിയ ചോദ്യങ്ങള്‍ക്ക് റിപ്പോര്‍ട്ട് വ്യക്തമായ മറുപടി നല്‍കുന്നില്ല.
12 ബില്യണ്‍ ഡോളര്‍ മാത്രമാണ് റിപ്പോര്‍ട്ടില്‍ കണക്കാക്കിയിട്ടുള്ളതെന്നും യഥാര്‍ഥ വരുമാനം ഇതിലും വളരെ കൂടുതലായിരിക്കാമെന്നും നയതന്ത്രജ്ഞനായ ജോണ്‍ ഫീലി പറയുന്നു.
‘ആ പണം എങ്ങനെയാണ് ഉപയോഗിച്ചതെന്ന് ഞങ്ങള്‍ക്ക് ഒരു ധാരണയുമില്ല. യു.എസ് ട്രഷറിയില്‍ നിക്ഷേപിച്ചിരിക്കുന്ന മൊത്തം പണത്തിന്റെ എത്ര ശതമാനമാണ് ഈ 12 ബില്യണ്‍ ഡോളറെന്നും ഞങ്ങള്‍ക്ക് അറിയില്ല. മൊത്തം തുകയുടെ ചെറിയൊരു ഭാഗം മാത്രമാണ് ഇതെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്,’ , അദ്ദേഹം പറഞ്ഞു.
എന്നാല്‍ അക്കൗണ്ടിലെ വരുമാനത്തെക്കുറിച്ച് സമഗ്രമായ കണക്കാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് അവകാശപ്പെട്ടത്.
അവശ്യ പൊതുസേവനങ്ങള്‍, സാമ്പത്തിക സ്ഥിരത, ഊര്‍ജമേഖല, ആരോഗ്യസംരക്ഷണം, അടിസ്ഥാനസൗകര്യങ്ങളുടെ പുനര്‍നിര്‍മാണം തുടങ്ങിയ മേഖലകള്‍ക്കാണ് പണം വിനിയോഗിക്കുന്നതെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പറഞ്ഞു. എന്നാല്‍ ഈ പണം യഥാര്‍ഥത്തില്‍ ആര്‍ക്കാണ് ലഭിക്കുന്നതെന്ന കാര്യത്തില്‍ അവര്‍ വ്യക്തത വരുത്തിയിട്ടില്ല.
അന്വേഷണം കടുപ്പിക്കാന്‍ ഡെമോക്രാറ്റുകള്‍
നവംബര്‍ മൂന്നിന് നടന്ന അമേരിക്കന്‍ ഇടക്കാല തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധിസഭയിലും സെനറ്റിലും ഭൂരിപക്ഷം നേടിയതോടെ വെനസ്വേലന്‍ എണ്ണ ഇടപാടുകളില്‍ ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തം ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കുകയാണ് ഡെമോക്രാറ്റുകള്‍.
ജനുവരിയില്‍ പുതിയ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നതോടെ അന്വേഷണം ആരംഭിക്കാനുള്ള സാധ്യത ഡെമോക്രാറ്റിക് നേതാക്കള്‍ ഇതിനകം മുന്നോട്ടുവെച്ചിട്ടുണ്ട്.
വെനസ്വേലന്‍ പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസിന്റെ സര്‍ക്കാരിലേക്ക് ട്രംപ് ഭരണകൂടം കോടിക്കണക്കിന് ഡോളര്‍ കൈമാറുകയാണെന്നും അതിന്റെ ഗുണഭോക്താക്കള്‍ ആരാണെന്ന വിവരം മറച്ചുവെക്കുകയാണെന്നും ജനപ്രതിനിധി ജോക്വിന്‍ കാസ്‌ട്രോ തെരഞ്ഞെടുപ്പിനുശേഷം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
‘ആര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നതെന്ന പട്ടിക അവ്യക്തമായി നിലനിര്‍ത്തിക്കൊണ്ട് ഭരണകൂടം ഡെല്‍സി റോഡ്രിഗസിന്റെ അഴിമതിപരമായ സര്‍ക്കാരിലേക്ക് കോടിക്കണക്കിന് ഡോളര്‍ അയയ്ക്കുകയാണ്. വെനസ്വേലയില്‍ അമേരിക്ക എന്താണ് ചെയ്യുന്നതെന്ന് ഞങ്ങള്‍ ചോദിച്ചുകൊണ്ടേയിരിക്കും. കോണ്‍ഗ്രസ് ഹിയറിങ്ങുകള്‍ ഉള്‍പ്പെടെ എല്ലാ മാര്‍ഗങ്ങളും ഉപയോഗിക്കും.’ അദ്ദേഹം പറഞ്ഞു.
ട്രംപ് ഭരണകൂടത്തിന്റെ എണ്ണക്കരാറുകളില്‍ സ്വകാര്യ എണ്ണവ്യാപാര കമ്പനികള്‍ വഹിക്കുന്ന പങ്കും അന്വേഷണത്തിന്റെ ഭാഗമായേക്കും. ഡച്ച് ബഹുരാഷ്ട്ര ഊര്‍ജവ്യാപാര കമ്പനിയായ വിറ്റോള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ ഇടപാടുകള്‍ പരിശോധിക്കാനാണ് ഡെമോക്രാറ്റുകളുടെ നീക്കം.
മഡുറോയെ പിടികൂടുന്നതിനായി ട്രംപ് വെനസ്വേലയിലേക്ക് സൈന്യത്തെ അയയ്ക്കുന്നതിന് ഒരാഴ്ച മുമ്പ് വിറ്റോളിലെ മുതിര്‍ന്ന വ്യാപാരിയായ ജോണ്‍ അഡിസണ്‍, വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സുമായി മൊണ്ടാനയിലെ ഒരു വിമാനത്താവളത്തില്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് വിറ്റോളിന് വെനസ്വേലയുടെ പൊതുമേഖലാ എണ്ണക്കമ്പനിയില്‍നിന്ന് വലിയ വിലക്കുറവില്‍ എണ്ണ വാങ്ങാന്‍ സാധിച്ചു.
2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ജോണ്‍ അഡിസണും ഭാര്യയും ആറ് മില്യണ്‍ ഡോളര്‍ സംഭാവന നല്‍കിയിരുന്നതായും റിപ്പോര്‍ട്ടിലുണ്ട്.
വിറ്റോള്‍ ഉള്‍പ്പെടെയുള്ള കമ്പനികളുടെ ഇടപാടുകള്‍ അന്വേഷിക്കണമെന്ന് ജനപ്രതിനിധിസഭയിലെ ഓവര്‍സൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകള്‍ നേരത്തെതന്നെ ആവശ്യപ്പെട്ടിരുന്നു.
‘ഈ വിദേശനയ തീരുമാനങ്ങളില്‍നിന്ന്, പ്രത്യേകിച്ച് വെനസ്വേലയില്‍നിന്ന്, കമ്പനികള്‍ എന്ത് ലാഭമാണ് നേടുന്നതെന്ന് കൃത്യമായി അറിയുന്നതുവരെ ഡെമോക്രാറ്റുകള്‍ പിന്മാറില്ല.’റോബര്‍ട്ട് ഗാര്‍സിയ പറഞ്ഞു.
Content Highlight: Where Is Venezuela’s Oil Money Going? ‘Zero Transparency’; Democrats Prepare to Investigate Trump
