ന്യൂദല്‍ഹി: ഫിലിപ്പീന്‍സിലെ മനിലയില്‍ നടന്ന ക്വാഡ് ഉച്ചകോടിക്കിടെ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നതിനിടെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്വസ്ഥത പ്രകടിപ്പിക്കുന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുന്നതിനിടെ ആ വേദിയില്‍ നിന്ന് മറ്റെങ്ങോട്ടെങ്കിലും മാറാന്‍ മോദി ട്രംപിനോട് ആവശ്യപ്പെടുന്നതും വീഡിയോയില്‍ കാണാം.
മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്കെല്ലാം ട്രംപ് മറുപടി കൊടുക്കുന്നുണ്ട്. എന്നാല്‍ ട്രംപിന്റെ അടുത്ത് നില്‍ക്കുന്ന മോദി മാധ്യമങ്ങള്‍ ചോദ്യം ചോദിക്കുമ്പോള്‍ അസ്വസ്ഥനാകുന്നത് വീഡിയോയില്‍ കാണാം. ‘നമുക്ക് ഇവിടെ നിന്ന് മാറിയാലോ,’ എന്ന് മോദി ട്രംപിനോട് ചോദിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാനും കഴിയുന്നുണ്ട്.
വേദിയില്‍ നിന്ന് മാറാന്‍ വേണ്ടി മോദി ആവശ്യപ്പെട്ടെങ്കിലും അത് അവഗണിച്ച് ട്രംപ് മാധ്യമങ്ങള്‍ക്ക് മറുപടി പറയുന്നത് തുടര്‍ന്നു. മോദിക്കും ട്രംപിനുമൊപ്പം ക്വാഡ് കൂട്ടായ്മയിലെ മറ്റ് രാജ്യങ്ങളുടെ നേതാക്കളും വേദിയിലുണ്ടായിരുന്നു.
വീഡിയോ പുറത്ത് വന്നതിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കമുള്ളവര്‍ മോദിയെ വിമര്‍ശിച്ചു. മോദിക്ക് മാധ്യമങ്ങളെ അഭിമുഖീകരിക്കാന്‍ ഭയമാണെന്നും അവര്‍ അഭിപ്രായപ്പെട്ടു. മോദിയോട് ചോദ്യങ്ങളൊന്നും ചോദിച്ചിട്ടില്ലെങ്കില്‍ പോലും അദ്ദേഹം ആ വേദിയില്‍ നിന്ന് പോകാന്‍ തെരക്ക് കാണിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ ചോദിച്ചു.
‘പ്രധാനമന്ത്രി മോദിക്ക് ചോദ്യങ്ങളെ ഇത്രയധികം ഭയമെന്താണ്? അദ്ദേഹത്തോട് ആരും ചോദ്യങ്ങളൊന്നും ചോദിച്ചിട്ടുപോലുമില്ല, എന്നിട്ടും അവിടെനിന്ന് പോകാന്‍ അദ്ദേഹം തിടുക്കം കാണിച്ചു,’ മോദിയുടെ വീഡിയോ പങ്കുവെച്ചുകൊണ്ട് എ.എ.പി ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ചോദിച്ചു.
View this post on Instagram
പ്രധാനമന്ത്രി മോദിക്ക് വീണ്ടും മാധ്യമങ്ങളെ നേരിടാന്‍ കഴിയുന്നില്ലെന്നും, മാധ്യമങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് അദ്ദേഹം ആഗ്രഹിച്ചതെന്നും കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുടെ അനുയായികളും സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു. 2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയായ മോദി തന്റെ ഭരണ കാലയളവില്‍ ഒരു വാര്‍ത്താ സമ്മേളനം പോലും നടത്താത്തതിനെതിരെ വിമര്‍ശനങ്ങള്‍ പ്രതിപക്ഷം നേരത്തെ ഉന്നയിച്ചിരുന്നു. മോദിയുടെ പുതിയ വീഡിയോയും പ്രധാനമന്ത്രി മാധ്യമങ്ങളെ നേരിടുന്നതില്‍ സ്വീകരിക്കുന്ന സമീപനം വീണ്ടും ചര്‍ച്ചയാവാന്‍ കാരണമായി.
ഇന്നലെയാണ് (നവംബര്‍ 17, ചൊവ്വ) ഫിലിപ്പീന്‍സില്‍ ക്വാഡ് നേതാക്കളുടെ ഉച്ചകോടി നടന്നത്. ആസിയാന്‍-ഇന്ത്യ, ഈസ്റ്റ് ഏഷ്യ ഉച്ചകോടികളോട് അനുബന്ധിച്ചായിരുന്നു ഇത്. ഇന്ത്യ, യുഎസ്, ജപ്പാന്‍, ഓസ്ട്രേലിയ എന്നീ ക്വാഡ് രാജ്യങ്ങളിലെ നേതാക്കള്‍ ഈ ഉച്ചകോടിയില്‍ പങ്കെടുത്തു.
Content Highlight: Modi’s ‘Shall We Move?’ Remark In Front Of Foreign Media Triggers Debate
