ന്യൂദല്‍ഹി: ബില്‍ക്കിസ് ബാനു കേസില്‍ രണ്ട് പ്രതികളുടെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ച സുപ്രീം കോടതി നടപടിയില്‍ വിമര്‍ശനവുമായി സി.പി.ഐ.എം ജനറല്‍ സെക്രട്ടറി എം.എ. ബേബി.

ബലാത്സംഗവും കൊലപാതകവും നടത്തിയ കുറ്റവാളികള്‍ക്ക് ജാമ്യം അനുവദിക്കുകയും ശിക്ഷ മരവിപ്പിക്കുകയും ചെയ്തത് നിര്‍ഭാഗ്യകരമായ തീരുമാനമാണെന്ന് എം.എ ബേബി എ.ഐ.എന്നിനോട് പറഞ്ഞു.

13 പേരെയാണ് കേസില്‍ കൊലപ്പെടുത്തിയത്. ബില്‍ക്കിസ് ബാനുവിന്റെ സംരക്ഷണവും ആവശ്യമായ എല്ലാ നിയമസഹായങ്ങളും നല്‍കേണ്ടത് സി.പി.ഐ.എമ്മിന്റെ കടമയാണെന്നും എം.എ. ബേബി വ്യക്തമാക്കി.

ബിപിന്‍ചന്ദ് കനയ്യലാല്‍ ജോഷി, പ്രദീപ് രാമന്‍ലാല്‍ മോഡിയ എന്നിവര്‍ക്കാണ് കോടതി ജാമ്യം അനുവദിച്ചത്. ജസ്റ്റിസുമാരായ എം.എം സുന്ദരേഷ്, പി.ബി വരാലെ എന്നിവരുടേതാണ് ഉത്തരവ്.

ബില്‍ക്കിസ് ബാനു

രണ്ടുപേരും 17 വര്‍ഷത്തിലേറെ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും അവരുടെ അപ്പീലുകള്‍ നിയമപരമായും വസ്തുതാപരമായും തീര്‍പ്പാക്കേണ്ടതുണ്ടെന്നും അതില്‍ ഒരാള്‍ക്ക് ഗുരുതരമായ ശാരീരിക വൈകല്യമുണ്ടെന്നും ജാമ്യത്തിനുള്ള കാരണങ്ങളായി കോടതി പരിഗണിച്ചു.

2024ല്‍ സുപ്രീം കോടതി ഇളവ് റദ്ദാക്കിയ 11 പേരില്‍ ജാമ്യം ലഭിച്ച രണ്ട് പ്രതികളും ഉള്‍പ്പെട്ടിരുന്നു. ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 143, 147, 302, 376 എന്നീ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.

രണ്ട് പ്രതികള്‍ക്കും ജാമ്യം അനുവധിച്ചതിന് പിന്നാലെ ബില്‍ക്കിസ് ബാനു പ്രതികരിച്ചിരുന്നു. തന്റെ ഭാഗം കേള്‍ക്കാതെ കോടതി വീണ്ടും ഉത്തരവ് പുറപ്പിടിയിച്ചത് വിശ്വസിക്കാനാകുന്നില്ലെന്നാണ് അവര്‍ പറഞ്ഞത്.

‘വേദനയുടെയും ഞെട്ടലിന്റെയും കണ്ണീരിലൂടെയാണ് ഈ വാക്കുകള്‍ ഞാന്‍ കുറിക്കുന്നത്. എന്റെ ഭാഗം കേള്‍ക്കാതെ സുപ്രീം കോടതി വീണ്ടും ഒരു ഉത്തരവ് പുറപ്പെടുവിച്ചു എന്ന് വിശ്വസിക്കാനാവുന്നില്ല. പത്രവാര്‍ത്തകളിലൂടെയാണ് ഞാന്‍ ഇക്കാര്യം അറിഞ്ഞത്.

പോരാട്ടങ്ങളിലൂടെ നേടിയെടുത്ത നീതി എന്റെ കൈകളില്‍ നിന്നും വഴുതിപ്പോകുന്നു. പഴയ ഭീതികള്‍ വീണ്ടും വേട്ടയാടുന്നു. ഞാന്‍ ഭയപ്പെടുകയാണ്,’ സുപ്രീം കോടതിയുടെ ഉത്തരവിന് പിന്നാലെ ബില്‍ക്കിസ് ബാനു പ്രതികരിച്ചു.

Content Highlight: Bilkis Bano case: M.A. Baby criticizes Supreme Court for granting bail to two convicts