വിദ്യാ ബാലനെ നായികയാക്കി രണ്ട് സിനിമകൾ ചെയ്യാൻ ആലോചിച്ചിരുന്നെങ്കിലും രണ്ടും നടക്കാതെ പോയതിന്റെ വിഷമം പങ്കുവെച്ച് സംവിധായകൻ കമൽ. ചക്രം എന്ന സിനിമയിലൂടെയായിരുന്നു വിദ്യാ ബാലൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തേണ്ടിയിരുന്നത്. പിന്നീട് ചിത്രം മുടങ്ങിയതോടെ ആ അവസരം നഷ്ടമായി. വർഷങ്ങൾക്കുശേഷം ആമിയിൽ മാധവിക്കുട്ടിയുടെ വേഷത്തിലേക്ക് വിദ്യാ ബാലനെയായിരുന്നു കമൽ ആദ്യം പരിഗണിച്ചത്. എന്നാൽ ചിത്രീകരണം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ താരം പിന്മാറുകയായിരുന്നുവെന്നും ഷോകേസ് ജേർണൽ മീഡിയക്ക് നൽകിയ അഭിമുഖത്തിൽ കമൽ പറഞ്ഞു.

‘ചക്രം സിനിമയിൽ വിദ്യാ ബാലനായിരുന്നു നായികയാകേണ്ടിയിരുന്നത്. അന്ന് ലോഹിതദാസ് സിനിമ ഏറ്റെടുത്ത് ചെയ്തപ്പോൾ ആ പ്രോജക്ട് മുടങ്ങിപ്പോയി. അന്നത്തെ ഏറ്റവും വലിയ നിർഭാഗ്യങ്ങളിലൊന്ന് അതായിരുന്നു. കാരണം വിദ്യാ ബാലൻ ആദ്യമായി ക്യാമറയെ അഭിമുഖീകരിച്ചത് ആ സിനിമയിലൂടെയാകേണ്ടതായിരുന്നു. അവരുടെ ആദ്യ സിനിമ അതാകുമായിരുന്നു. ഞാൻ അവരെ കൊണ്ടുവന്ന് ആദ്യമായി സ്ക്രീൻ ടെസ്റ്റ് നടത്തി അഭിനയിപ്പിക്കാൻ തീരുമാനിച്ചതാണ്. സിനിമ മുടങ്ങിയതോടെ വിദ്യാ ബാലനും ഒരുപാട് വിഷമമായി,’കമൽ പറഞ്ഞു.
വർഷങ്ങൾക്കുശേഷം മാധവിക്കുട്ടിയുടെ ജീവിതം സിനിമയാക്കാൻ തീരുമാനിച്ചപ്പോഴും തന്റെ മനസ്സിൽ ആദ്യം വന്നത് വിദ്യാ ബാലന്റെ പേരായിരുന്നുവെന്നും കമൽ പറഞ്ഞു.
‘ആമി എന്ന സിനിമ ആദ്യം ആലോചിച്ചപ്പോൾ തന്നെ മാധവിക്കുട്ടിയായി എന്റെ മനസിൽ ഉണ്ടായിരുന്നത് വിദ്യാ ബാലനായിരുന്നു. ഞാൻ ബോംബെയിൽ പോയി അവരെ കണ്ടു. കഥയും സ്ക്രിപ്റ്റും പറഞ്ഞു. അവർ സ്ക്രിപ്റ്റ് വായിക്കുകയും ചെയ്തു. അതിനുശേഷം ഷൂട്ടിങ് പ്ലാൻ ചെയ്തു. ഫോട്ടോഷൂട്ടും കഴിഞ്ഞിരുന്നു. വിദ്യാ ബാലനെ വെച്ചുള്ള സ്റ്റില്ലുകൾ ഇപ്പോഴും എന്റെ കൈയിലുണ്ട്. റെക്കോർഡിങ്ങും കഴിഞ്ഞു, ഷൂട്ടിങ്ങിനുള്ള സെറ്റ് വരെ ഇട്ടു. എന്നാൽ ഷൂട്ടിങ് തുടങ്ങാൻ ആറു ദിവസം മാത്രം ബാക്കിനിൽക്കെ വിദ്യാ ബാലൻ പിന്മാറി,’ അദ്ദേഹം വ്യക്തമാക്കി.
വിദ്യാ ബാലൻ പിന്മാറിയതിന്റെ യഥാർഥ കാരണം താരം ഇതുവരെ തന്നോട് പറഞ്ഞിട്ടില്ലെന്നും കമൽ പറഞ്ഞു. എന്നാൽ മാധവിക്കുട്ടിയുടെ ജീവിതവും അവരുടെ മതംമാറ്റവും കഥാപാത്രത്തെ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചില ആശങ്കകൾ ഉണ്ടായിരുന്നിരിക്കാമെന്നാണ് തന്റെ വിലയിരുത്തലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘അത് പൊളിറ്റിക്കലായിട്ടുള്ള ഒരു പ്രശ്നം മാത്രമാണെന്ന് ഞാൻ കരുതുന്നില്ല. കമലാദാസ് കമലാ സുരയ്യയായി മാറിയ ഒരു കാലഘട്ടം സിനിമയിലുണ്ട്. അത് അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള കുറെ ആളുകളുണ്ട്. നോർത്ത് ഇന്ത്യയിലും മാധവിക്കുട്ടിയെയും കമലാ ദാസിനെയും അറിയുന്നവരുണ്ടല്ലോ. അങ്ങനെയൊരു കഥാപാത്രത്തെ അവതരിപ്പിച്ചാൽ അവിടെ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക വിദ്യാ ബാലനെ പിന്മാറാൻ പ്രേരിപ്പിച്ചിട്ടുണ്ടാകാം എന്നാണ് ഞാൻ കരുതുന്നത്,’ കമൽ വ്യക്തമാക്കി.

എന്നാൽ ഇത് തന്റെ അനുമാനം മാത്രമാണെന്നും വിദ്യാ ബാലൻ യഥാർഥ കാരണം വെളിപ്പെടുത്താത്തതിനാൽ ഇക്കാര്യത്തിൽ ആധികാരികമായി ഒന്നും പറയാനാകില്ലെന്നും കമൽ വ്യക്തമാക്കി. തിരക്കഥയിൽ ചില പ്രശ്നങ്ങളുണ്ടെന്ന് താരം അറിയിച്ചിരുന്നെങ്കിലും എന്താണ് പ്രശ്നമെന്ന് വ്യക്തമായി പറഞ്ഞിരുന്നില്ലെന്നും അദ്ദേഹം ഓർത്തെടുത്തു. രണ്ട് തവണയും വിദ്യാ ബാലനെ തന്റെ സിനിമകളുടെ ഭാഗമാക്കാൻ കഴിയാതെ പോയത് വ്യക്തിപരമായി വലിയ വിഷമമുണ്ടാക്കിയ കാര്യമാണെന്നും കമൽ പറഞ്ഞു.
Content Highlight: Director Kamal shares his disappointment over two planned films starring Vidya Balan failing to materialize
