സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് അടുത്തിടെ ചര്‍ച്ചയായ വിഷയങ്ങളിലൊന്നായിരുന്നു താന്‍ അഭിനയിച്ച തെലുങ്ക് സിനിമയെ കുറിച്ചുള്ള ബോളിവുഡ് നടി രാധിക ആപ്‌തെയുടെ പരാമര്‍ശം. രാധിക വേഷമിടുന്ന, നെറ്റ്ഫ്‌ളിക്‌സിലൂടെ സ്ട്രീമിങ് ആരംഭിച്ച അക്ക എന്ന വെബ് സിരീസുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ അമ്മാവന്റെ പ്രായമുള്ള ഒരു നടനുമായി തനിക്ക് റൊമാന്‍സ് ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും ഒരു ചിത്രത്തില്‍ തനിക്ക് സ്വന്തം അമ്മാവനെ വിവാഹം കഴിക്കുന്ന റോള്‍ ചെയ്യേണ്ടി വന്നിട്ടുണ്ടെന്നും താരം പറഞ്ഞിരുന്നു.

ഈ പ്രസ്താവനയ്ക്ക് പിന്നാലെ താരത്തെ പിന്തുണച്ചും പ്രതികൂലിച്ചും പലരും രംഗത്തെത്തിയിരുന്നു. പണം വാങ്ങി അഭിനയിച്ച ചിത്രത്തെ പിന്നീട് തള്ളിപ്പറഞ്ഞത് മോശമായെന്നായിരുന്നു താരത്തിനെതിരെ സംസാരിച്ചവരുടെ പക്ഷം. അതേസമയം തങ്ങളുടെ ‘മുറൈ മാമന്‍’ സംസ്‌കാരത്തെ അപമാനിച്ചെന്ന് പറഞ്ഞുകൊണ്ടും ചില സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ താരത്തിനെതിരെ രംഗത്തെത്തിയിരുന്നു.

രാധിക ആപ്‌തെ. Photo: X.com

വിവാദമായ വിഷയം സംസാരിക്കുമ്പോള്‍ രാധികയ്‌ക്കൊപ്പം നടി കീര്‍ത്തി സുരേഷും ഷോയിലുണ്ടായിരുന്നു. ഇപ്പോഴിതാ സംഭവത്തെ കുറിച്ച് കീര്‍ത്തി സുരേഷ് പറഞ്ഞ വാക്കുകളാണ് സിനിമാ ലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. കീര്‍ത്തിയുടെ പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ ഇവന്റിനിടയിലായിരുന്നു സംഭവം. സൗത്ത് ഇന്ത്യന്‍ സംസ്‌കാരത്തെ അവഹേളിക്കുന്ന തരത്തില്‍ രാധിക ആപ്‌തെ സംസാരിച്ചപ്പോള്‍ എന്തുകൊണ്ട് താരത്തെ തിരുത്തിയില്ലെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കീര്‍ത്തി.

‘ഒരു സിനിമയില്‍ തനിക്ക് സ്വന്തം അമ്മാവനെ വിവാഹം കഴിക്കേണ്ടി വരുന്നു എന്ന് അവര്‍ പറഞ്ഞപ്പോള്‍, എന്താണ് ഉദ്ദേശിച്ചതെന്ന് എനിക്ക് ആദ്യം മനസിലായില്ല. പിന്നീടാണ് ഒരു പ്രത്യേക സംസ്‌കാരത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസിലായത്. എല്ലാ ബഹുമാനത്തോടെയും പറയട്ടെ, ഇവിടെ നിന്നും അവിടെ പോയി നമ്മുടെ സംസ്‌കാരത്തിന് കളങ്കം വരുന്ന തരത്തില്‍ ഞാന്‍ ഒന്നും ചെയ്യില്ല.

കീര്‍ത്തി സുരേഷ്. Photo: AP7AM

അവര്‍ക്ക് ഇതിനെക്കുറിച്ച് അറിവില്ലാത്തതുകൊണ്ട്. എനിക്ക് കാര്യങ്ങള്‍ വിശദീകരിച്ച് പറഞ്ഞു കൊടുക്കാന്‍ മാത്രമേ കഴിയൂ. ഇത് നമ്മുടെ സംസ്‌കാരമാണെന്ന് അവര്‍ക്ക് മുന്നില്‍ തെളിയിക്കാന്‍ എനിക്ക് കഴിയില്ല. കര്‍ണാടകയിലെ കാര്യം എനിക്കറിയില്ല, തമിഴ്നാട്ടിലും ആന്ധ്രയിലും ഇത്തരമൊരു സംസ്‌കാരം നിലവിലുണ്ട് എന്ന വിവരം പങ്കുവെക്കുക മാത്രമാണ് ഞാന്‍ ചെയ്തത്. കേരളത്തില്‍ ഇങ്ങനെയൊരു സംസ്‌കാരമില്ല,’ കീര്‍ത്തി സുരേഷ് പറഞ്ഞു.

Content Highlight: Keerthy Suresh talks about the issue relating Bollywood actress Radhika Apte’s comments