റിയാദ്: യമനിലെ ഹൂത്തികളുമായി യുദ്ധം നീണ്ടുനിൽക്കുമെന്നതിനാൽ കൂടുതൽ ആയുധങ്ങളും വ്യോമ പ്രതിരോധ സംവിധാനങ്ങളും വാങ്ങാൻ സൗദി അറേബ്യ.

തുർക്കി ഉൾപ്പടെയുള്ള മിഡിൽ ഈസ്റ്റ് സഖ്യ കക്ഷികളിൽ നിന്നുമാണ് ആയുധങ്ങൾ വാങ്ങാനൊരുങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ.

റിയാദിൽ ഈ ആഴ്ച പാശ്ചാത്യ കക്ഷികളുടെ യോഗം വിളിച്ചു ചേർന്നിട്ടുണ്ടെന്നും ഈ ചർച്ചകളിലാണ് ആയുധങ്ങൾ ആവശ്യമാണെന്ന് സൗദി പറഞ്ഞതെന്നും ചർച്ചകളെക്കുറിച്ച് അറിയാവുന്ന മൂന്ന് ഉദ്യോഗസ്ഥർ പറഞ്ഞെന്ന് മിഡിൽ ഈസ്റ്റ് ഐ റിപ്പോർട്ട് ചെയ്തു.

യുദ്ധം നീണ്ടുനിൽക്കാൻ സാധ്യതയുണ്ടെന്നും ഹൂത്തികളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൗദി ആയുധങ്ങൾ തേടുകയാണെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

മക്ക ഉടമ്പടി സഖ്യത്തിന്റെ ഭാഗമായ മിഡിൽ ഈസ്റ്റിലെ മറ്റ് സഖ്യകഷികളിൽ നിന്നും ആയുധങ്ങൾ വാങ്ങാൻ സൗദി ശ്രമിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥരിൽ ഒരാൾ പറഞ്ഞു.

ജനറൽ അതോറിറ്റി ഫോർ മിലിട്ടറി ഇന്ഡസ്ട്രീസിന്റെ ആക്ടിങ് പ്രസിഡന്റ് ബന്ദർ അൽ ഖൊറായെഫിന്റെ നേതൃത്വത്തിലുള്ള സൗദി പ്രതിനിധി സംഘം കഴിഞ്ഞ ആഴ്ച തുർക്കി സന്ദർശിച്ചിരുന്നു.

തുർക്കി പ്രതിരോധ സംഭരണ ഏജൻസിയുടെ ചെയർമാൻ ഹലൂക്ക് ഗോർഗനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി ആവശ്യമായ ഉപകരണങ്ങളും ആയുധങ്ങളും നൽകി തുർക്കി സൗദിയെ സഹായിക്കുമെന്നും മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡ്രോണുകൾ പ്രതിരോധിക്കാൻ ശേഷിയുള്ള ഹ്രസ്വദൂര വ്യോമ പ്രതിരോധ സംവിധാനങ്ങൾ ഉൾപ്പടെ സൗദി വാങ്ങുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

യുദ്ധം അടുത്തവർഷവും തുടരാൻ സാധ്യതയുണ്ടെന്നും സൗദിയിൽ നടക്കുന്ന എല്ലാ അന്താരാഷ്ട്ര പരിപാടികളും 2027 അവസാനത്തേക്ക് മാറ്റിവെച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.

സൗദിയുടെ വ്യോമ പ്രതിരോധ സംവിധാനം ശക്തമാക്കാൻ യു.എസ് സൈനിക ഉപദേഷ്ടാക്കൾ സൗദിയിൽ എത്തിയിട്ടുണ്ടെന്നും യു.എസ് സെൻട്രൽ കമാൻഡറും ഉടൻ സൗദി സന്ദർശിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Content Highlight: The war will last longer; Saudi Arabia to buy more weapons and defense systems in the war with the Houthis