ലണ്ടന്‍: സുഡാനിലെ നോര്‍ത്ത് കോര്ഡോഫാന് സംസ്ഥാനത്തുള്ള എല്‍-ഒബൈദ് നഗരത്തില്‍ സായുധ സംഘമായ റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സസ് (ആര്.എസ്.എഫ്) നടത്തിയ ഡ്രോണ്‍ ആക്രമണങ്ങള്‍ യുദ്ധക്കുറ്റങ്ങളായി കണക്കാക്കി അന്വേഷിക്കണമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍. സുഡാനില്‍ യുദ്ധം ചെയ്യുന്ന കക്ഷികള്‍ക്ക് ഡ്രോണുകളും മറ്റ് സൈനിക ഉപകരണങ്ങളും നിര്‍മ്മിച്ചു നല്കുന്ന എല്ലാവരും അടിയന്തിരമായി ആ നടപടി അവസാനിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
എല്‍-ഒബൈദ് നഗരത്തിലും പരിസരപ്രദേശങ്ങളിലുമുള്ള ജനവാസ കേന്ദ്രങ്ങളെയും പൊതു അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു ആര്.എസ്.എഫ് ഡ്രോണ്‍ ആക്രമണങ്ങള്‍. ഇവയില്‍ ഡസന്‍ കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയും പൊതുസേവനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തുവെന്ന് ആംനസ്റ്റി ഇന്റര്‍നാഷനല്‍ ഇന്ന് (നവംബര്‍ 18, ബുധന്‍) പ്രസിദ്ധീകരിച്ച പ്രസ്താവനയില്‍ പറഞ്ഞു.
ജൂണിനും ഓഗസ്റ്റിനും ഇടയിലെ ഒമ്പത് ആക്രമണങ്ങള്‍
2026 ജൂണിനും ഓഗസ്റ്റിനും ഇടയില്‍ എല്‍-ഒബൈദിലും പരിസരത്തുമായി ആര്.എസ്.എഫ് നടത്തിയ ഒമ്പത് ഡ്രോണ്‍ ആക്രമണങ്ങളെക്കുറിച്ച് ആംനസ്റ്റി അന്വേഷണം നടത്തി. ഈ ആക്രമണങ്ങളില്‍ 37 സാധാരണക്കാര്‍ കൊല്ലപ്പെടുകയും പത്ത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തുവെന്നും പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.
ഒമ്പത് ആക്രമണങ്ങളില്‍ ഇതില്‍ മൂന്നെണ്ണം ജനവാസ കേന്ദ്രങ്ങളെയും, നാലെണ്ണം എല്‍-ഒബൈദിലെ പവര്‍ പ്ലാന്റ്, ഇന്ധന സ്റ്റേഷനുകള്‍, പ്രധാന മാര്‍ക്കറ്റ് എന്നിവയുള്‍പ്പെടെയുള്ള സുപ്രധാന പൊതു അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിട്ടായിരുന്നു. തലസ്ഥാനമായ ഖാര്ത്തൂമിനെയും പടിഞ്ഞാറന്‍ ദാര്ഫൂറിനെയും ബന്ധിപ്പിക്കുന്ന പ്രധാന പാതയില്‍ സ്ഥിതി ചെയ്യുന്നതും, തന്ത്രപരമായി അതീവ പ്രാധാന്യമുള്ളതുമായ ഈ നഗരത്തില്‍, സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനങ്ങളെ ലക്ഷ്യമിട്ടും രണ്ട് ആക്രമണങ്ങള്‍ നടന്നുവെന്നും മനുഷ്യാവകാശ സംഘടന പറഞ്ഞു.
ആക്രമണങ്ങള്‍ നടന്ന സമയത്തോ അതിനു തൊട്ടുമുമ്പോ ശേഷമോ ഡ്രോണുകള്‍ കണ്ടതായോ അവയുടെ ശബ്ദം കേട്ടതായോ സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ ആംനസ്റ്റിയോട് വെളിപ്പെടുത്തി. ആക്രമണങ്ങള്‍ നടന്ന സ്ഥലങ്ങളുടെ പരിസരത്ത് സൈനിക ലക്ഷ്യങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയെന്നും സംഘടനയുടെ പ്രസ്താവനയില്‍ പറയുന്നു.
എല്‍ ഒബൈദിലെ ആക്രമണങ്ങള്‍
നോര്‍ത്ത് കോര്ഡോഫാന് സംസ്ഥാനത്തിന്റെ തലസ്ഥാനമായ എല്‍ ഒബൈദ്, സുഡാനീസ് സായുധ സേനയുടെയും (എസ്.എ.എഫ്) അവരുടെ സഖ്യകക്ഷികളുടെയും നിയന്ത്രണത്തിലാണ്. 2025 ഒക്ടോബറിലാണ് ആര്.എസ്.എഫ് ആദ്യമായി ഈ നഗരത്തില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ ആരംഭിച്ചത്. തുടര്‍മാസങ്ങളിലും ഇടയ്ക്കിടെ ആക്രമണങ്ങള്‍ തുടര്‍ന്നുവെന്നും ആംനസ്റ്റിയുടെ പ്രസ്താവനയില്‍ പറയുന്നു.
2026 ജൂണില്‍, നഗരത്തിലേക്ക് കരയുദ്ധത്തിലൂടെ കടന്നുകയറാന്‍ ആര്.എസ്.എഫ് തയ്യാറെടുക്കുന്നതിനിടെ, എല്‍ ഒബൈദിലെ ഡ്രോണ്‍ ആക്രമണങ്ങള്‍ അവര്‍ തീവ്രമാക്കി. ഒരു വര്‍ഷം മുമ്പ് എല്‍ ഫാഷര്‍ പിടിച്ചെടുത്തപ്പോള്‍ നടന്ന ക്രൂരതകള്‍ ഇവിടെയും ആവര്‍ത്തിക്കപ്പെടുമോ എന്ന ആശങ്ക ഇത് വര്‍ദ്ധിപ്പിക്കുന്നുവെന്നും മനുഷ്യാവകാശ സംഘടന വ്യക്തമാക്കി.
‘ഞങ്ങള്‍ രേഖപ്പെടുത്തിയ ആര്.എസ്.എഫ് ഡ്രോണ്‍ ആക്രമണങ്ങള്‍ യുദ്ധക്കുറ്റങ്ങളായി അന്വേഷിക്കപ്പെടണം. സുഡാനിലെ സംഘര്‍ഷം ഒരു പുതിയ ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഇത് സൂചിപ്പിക്കുന്നു.
ഇവിടെ എല്ലാ കക്ഷികളും ഡ്രോണുകളും മറ്റ് അത്യാധുനിക ആയുധങ്ങളും ഉപയോഗിക്കുന്നത് സാധാരണക്കാരെ കൊല്ലാനും പരിക്കേല്‍പ്പിക്കാനും മാത്രമല്ല. ജീവന് രക്ഷിക്കാനുള്ളവയടക്കമുള്ള അവശ്യ സേവനങ്ങള്‍ തടസ്സപ്പെടുത്താനും കൂടിയാണ്,’ ആംനസ്റ്റി ഇന്റര്‍നാഷണല്‍ സെക്രട്ടറി ജനറല്‍ ആഗ്നസ് കലമാര്‍ഡ് പ്രസ്താവനയില്‍ പറഞ്ഞു.
ഇനിയും കാത്തിരിക്കാന്‍ സമയമില്ല. സാധാരണക്കാര്‍ക്ക് നേരെയുള്ള മാരകമായ ഡ്രോണ്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അടിയന്തര നടപടികള്‍ ആവശ്യമാണെന്നും അവര്‍ ആവശ്യപ്പെട്ടു.
സുഡാനില്‍ സാധാരണക്കാരുടെ സംരക്ഷണത്തിനായി ഒരു സേനയെ വിന്യസിക്കുന്നത് ഉള്‍പ്പെടെയുള്ള കൃത്യമായ നടപടികള്‍ ആവിഷ്കരിക്കാനും നടപ്പിലാക്കാനും ഐക്യരാഷ്ട്രസഭയും ആഫ്രിക്കന്‍ യൂണിയനും അടിയന്തരമായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ആഗ്നസ് കലമാര്‍ഡ് ആവശ്യപ്പെട്ടു.
ആയുധം നല്‍കുന്നത് നിര്‍ത്തണം
ആര്.എസ്.എഫിന് യു.എ.ഇ ആയുധങ്ങള്‍, വെടിക്കോപ്പുകള്‍, കവചിത വാഹനങ്ങള്‍, ഡ്രോണുകള്‍ എന്നിവ നല്‍കിയതായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ നേരത്തെ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. യു.എ.ഇ നല്കിയ വിംഗ് ലൂങ് രണ്ട്, ഫെയ്ഹോങ്-95 തുടങ്ങിയ ചൈനീസ് നിര്‍മ്മിത ഡ്രോണുകള്‍ ആര്.എസ്.എഫ് ഉപയോഗിച്ചതായും തങ്ങള്‍ കണ്ടെത്തിയെന്നും ആംനസ്റ്റി അറിയിച്ചു.
‘ഇതൊരു സാധാരണ പൗരന്മാര്ക്കെതിരായ യുദ്ധമാണ്. ആര്.എസ്.എഫിന്റെ പ്രധാന പിന്തുണക്കാരനായ യു.എ.ഇ ഉള്‍പ്പെടെയുള്ള മൂന്നാം കക്ഷികളാണ് ഈ യുദ്ധത്തെ നിലനിര്‍ത്തുന്നത്.
യുദ്ധം ചെയ്യുന്ന കക്ഷികള്‍ക്ക് ഡ്രോണുകളും മറ്റ് സൈനിക ഉപകരണങ്ങളും നിര്‍മ്മിച്ചു നല്കുന്ന എല്ലാവരും അടിയന്തിരമായി ആ നടപടി അവസാനിപ്പിക്കണം. ഡാര്‍ഫറിന് ബാധകമായ ആയുധ ഉപരോധം സുഡാനിലുടനീളം വ്യാപിപ്പിക്കാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതി തയ്യാറാകണം.
കൂടാതെ, സുഡാനിലെ ആയുധ ഉപരോധത്തിന്റെ പരിധിയില്‍ വരുന്ന സൈനിക സാമഗ്രികളില്‍ ഡ്രോണുകളും ഉള്‍പ്പെടുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണം,’ ആഗ്നസ് കലമാര്‍ഡ് പറഞ്ഞു.
അതേസമയം, സുഡാനിലേക്ക് ആയുധങ്ങള്‍ വഴിതിരിച്ചുവിടാനുള്ള സാധ്യത നിലനില്‍ക്കുന്നതിനാല്‍, യു.എ.ഇയിലേക്കുള്ള എല്ലാ ആയുധ കൈമാറ്റങ്ങളും നിര്‍ത്തിവെക്കാന്‍ യു.കെ ഗവണ്മെന്റിനോട് ആംനസ്റ്റി യു.കെ ആവശ്യപ്പെട്ടിട്ടുണ്ട്. 2026 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍, എല്‍ ഒബൈദില്‍ നിന്നുള്ള 29 പേരുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ അഭിമുഖം നടത്തി. ഇതില്‍ ഇരകളും, ഇരകളുടെ ബന്ധുക്കളും, ദൃക്സാക്ഷികളും, പ്രദേശവാസികളും ഉള്‍പ്പെടുന്നതായും മനുഷ്യാവകാശ സംഘടന അറിയിച്ചു.
Content Highlight: Sudan: Amnesty calls for RSF drone strikes on el-Obeid to be investigated as war crimes
