മമ്മൂട്ടിയെയും പൃഥ്വിരാജിനെയും പ്രധാന കഥാപാത്രങ്ങളാക്കി വൈശാഖ് സംവിധാനം ചെയ്ത ചിത്രമാണ് പോക്കിരി രാജ. 2010ൽ പുറത്തിറങ്ങിയ ചിത്രം വലിയ വിജയമായിരുന്നു. എന്നാൽ സിനിമയുടെ തുടക്കത്തിൽ നായകനായി തീരുമാനിച്ചിരുന്നത് പൃഥ്വിരാജിനെയോ മമ്മൂട്ടിയെയോ ആയിരുന്നില്ല. നരേനെയായിരുന്നു ആദ്യം നായകനായി മനസിൽ കണ്ടിരുന്നത്. ചിത്രത്തിലേക്ക് മമ്മൂട്ടി എത്തിയതും പിന്നീട് പൃഥ്വിരാജ് നായകനായതും എങ്ങനെയാണെന്ന് പറയുകയാണ് തിരക്കഥാകൃത്ത് ഉദയകൃഷ്ണ. കാൻ ചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തിരക്കഥാകൃത്തായ ഉദയ കൃഷ്ണയുടെ പ്രതികരണം.

‘ഹിറ്റ്‌ലർ ബ്രദേഴ്‌സ് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിക്കൊണ്ട് മലയാള സിനിമയിലെത്തിയ ഉദയകൃഷ്ണ, പിന്നീട് വൈശാഖിനൊപ്പം പുതിയൊരു സംവിധായകനെന്ന നിലയിലാണ് മമ്മൂട്ടിയെ സമീപിച്ചത്. ട്വന്റി 20യുടെ സമയത്ത് വൈശാഖിന്റെ പ്രവർത്തനം കണ്ട മമ്മൂട്ടിക്ക് അദ്ദേഹത്തെക്കുറിച്ച് അറിയാമായിരുന്നു. അന്ന് മമ്മൂട്ടിയോട് ഒരു ഗസ്റ്റ് അപ്പിയറൻസ് ചെയ്യാമോ എന്നാണ് ചോദിച്ചതെന്നും ഉദയ കൃഷ്ണ പറഞ്ഞു.

ഉദയകൃഷ്ണ. Photo. Screen Grab/ Youtube

‘ഞാൻ മമ്മൂക്കയോട് ഒരു ഗസ്റ്റ് അപ്പിയറൻസ് ചെയ്യാമോ എന്ന് ചോദിച്ചു. ചോദിക്കാൻ ചെറിയൊരു മടിയുണ്ടായിരുന്നു. കാരണം പട്ടണത്തിൽ ഭൂതം ഒക്കെ കഴിഞ്ഞ് നിൽക്കുന്ന സമയമായിരുന്നു. ഒരു ഹിറ്റ് കഴിഞ്ഞിട്ടേ മമ്മൂക്കയുടെ അടുത്തേക്ക് പോകാൻ പറ്റുകയുള്ളൂ എന്നൊക്കെ നമുക്കറിയാമല്ലോ. ഞാൻ ചോദിച്ചപ്പോൾ ഗസ്റ്റ് ആയിട്ട് അഭിനയിക്കുന്നതൊക്കെ നിർത്തിയെന്ന് അദ്ദേഹം പറഞ്ഞു.’ ഉദയകൃഷ്ണ പറഞ്ഞു.

എന്നാൽ പിന്നീട് മറ്റൊരു സിനിമയുടെ ഡബ്ബിങ് കഴിഞ്ഞ് മടങ്ങുന്ന വഴിക്കാണ് മമ്മൂട്ടി തന്നോട് കഥ പറയാൻ ആവശ്യപ്പെട്ടത്. അന്ന് നായകനായി നരേനെയാണ് മനസിൽ കണ്ടിരുന്നത്. നരേനെ നായകനാക്കി തയ്യാറാക്കിയ കഥയിൽ മമ്മൂട്ടിക്ക് സഹോദരന്റെ വേഷമായിരുന്നു ഉദ്ദേശിച്ചിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘മറ്റൊരു ചിത്രത്തിന്റെ ഡബ്ബിങ് കഴിഞ്ഞ് വരുന്ന വഴിക്ക് മമ്മൂക്ക എന്നോട് വണ്ടിയിൽ കയറാൻ പറഞ്ഞു. എന്നിട്ട് കഥ പറയാൻ ആവശ്യപ്പെട്ടു. അങ്ങനെയാണ് പോക്കിരി രാജയുടെ കഥ പറയുന്നത്. അന്ന് ആ സിനിമയിലെ ഹീറോ നരനായിരുന്നു. നരേനെ വെച്ചിട്ടാണ് മമ്മൂക്കയോട് കഥ പറഞ്ഞത്. ഒരു ലവ് സ്റ്റോറിയും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമൊക്കെയായിരുന്നു കഥയിൽ ഉണ്ടായിരുന്നത്.

അവസാനം നായകന്റെ സഹോദരൻ വന്ന് കല്യാണം നടത്തിക്കൊടുക്കുന്നുണ്ട്. ആ ബ്രദറായിട്ടാണ് മമ്മൂക്ക വരേണ്ടിയിരുന്നത്. മമ്മൂക്ക ഉണ്ടെങ്കിൽ ആ ബ്രദർ ഉണ്ടാകും, മമ്മൂക്ക ഇല്ലെങ്കിൽ ആ കഥാപാത്രവും ഉണ്ടാകില്ല എന്നായിരുന്നു ഞങ്ങളുടെ തീരുമാനമെന്നും അദ്ദേഹത്തെ അറിയിച്ചു,’ ഉദയകൃഷ്ണ വ്യക്തമാക്കി.

കഥ കേട്ടപ്പോൾ മമ്മൂട്ടി ആദ്യം പ്രതികരിച്ചില്ല. എന്നാൽ യാത്ര പറഞ്ഞ് പിരിയാൻ നേരം തന്നെ തിരികെ വിളിച്ചാണ് തീരുമാനം അറിയിച്ചത്. ഗസ്റ്റ് റോളിൽ എത്താമെന്ന നിലയിൽ തുടങ്ങിയ ചർച്ച അവിടെനിന്ന് മറ്റൊരു വഴിയിലേക്ക് മാറുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘അന്ന് ഞങ്ങൾ സിനിമയ്ക്ക് പോക്കിരി രാജ എന്ന പേരൊന്നും ഇട്ടിരുന്നില്ല. കഥ കേട്ടിട്ട് മമ്മൂക്ക ഒന്നും പറഞ്ഞില്ല. പനമ്പള്ളി നഗറിൽ വണ്ടി നിർത്തി. ഞാൻ ഗുഡ് നൈറ്റ് പറഞ്ഞ് എന്റെ വണ്ടിയിലേക്ക് കയറാൻ പോകുമ്പോൾ മമ്മൂക്ക തിരികെ വിളിച്ചു. ഇപ്പോൾ പറഞ്ഞില്ലേ കഥ അതിൽ ഞാൻ വരുന്നത് അതായിരിക്കണം ഇന്റർവെൽ എന്ന് പറഞ്ഞു. അവിടെ മുതൽ ഞാൻ ആയിരിക്കണം ഹീറോ എന്നും പറഞ്ഞു. ഒരു നിമിഷം ശരിക്കും ഷോക്കായിരുന്നു. സന്തോഷവും തോന്നി. പക്ഷേ, ഞങ്ങൾ പറഞ്ഞ കഥ അങ്ങനെ ചെയ്യാൻ കഴിയില്ലായിരുന്നു. കാരണം കഥ തന്നെ തിരുത്തി വേറൊരു കഥ തയ്യാറാക്കേണ്ടിവരുമായിരുന്നു,’ ഉദയകൃഷ്ണ പറഞ്ഞു.

പോക്കിരി രാജ. Photo. IMDb

മമ്മൂട്ടിയുടെ നിർദേശം കേട്ടതോടെ വൈശാഖിനെയും സഹതിരക്കഥാകൃത്ത് സിബി കെ. തോമസിനെയും വിവരം അറിയിച്ചു. തുടർന്ന് പുതിയ കഥയെക്കുറിച്ച് ആലോചിക്കാൻ മൂവരും തൃശൂരിൽ ഒത്തുകൂടി. ആ ആലോചനകൾക്കിടയിലാണ് പോക്കിരി രാജ എന്ന പേര് തീരുമാനിക്കുന്നതെന്നും ഉദയകൃഷ്ണ പറഞ്ഞു.

‘ഞാൻ വൈശാഖിനെയും സിബിയെയും വിളിച്ച് മമ്മൂക്ക പറഞ്ഞ കാര്യങ്ങൾ പറഞ്ഞു. എന്തായാലും നമുക്കൊന്നിരുന്ന് ആലോചിക്കാമെന്ന് പറഞ്ഞ് പിന്നീട് തൃശൂരിൽ ഇരുന്നു. അങ്ങനെ കുറെ ആലോചിച്ച ശേഷമാണ് പോക്കിരി രാജ എന്ന പേര് തീരുമാനിക്കുന്നത്. അത് പഴയൊരു രജനികാന്ത് സിനിമയുടെ പേരാണ്. ഞങ്ങൾ മമ്മൂക്കയെ വിളിച്ച് പേര് പറഞ്ഞപ്പോൾ കൊള്ളാമെന്ന് പറഞ്ഞു. അങ്ങനെയാണ് ബാക്കി കാര്യങ്ങളൊക്കെ തീരുമാനിക്കുന്നത്,’ ഉദയ കൃഷ്ണ വ്യക്തമാക്കി.

ഇതിനിടെ ചിത്രത്തിൽ നായകനാകേണ്ടിയിരുന്ന നരേൻ പിന്മാറി. നായക കഥാപാത്രമല്ലാത്ത വേഷത്തിൽ അഭിനയിക്കുന്നതിലുള്ള ബുദ്ധിമുട്ടായിരുന്നു പിന്മാറ്റത്തിന് പിന്നിലെന്ന് ഉദയകൃഷ്ണ പറയുന്നു. തുടർന്ന് പകരം ആരെ പരിഗണിക്കുമെന്ന ചർച്ചയിലാണ് പൃഥ്വിരാജിന്റെ പേര് ഉയർന്നുവന്നതെന്നും അദ്ദേഹം പറഞ്ഞു.

‘നരേൻ പിന്മാറുകയാണെന്ന് പറഞ്ഞു. ഒരു ഹീറോ അല്ലാത്ത പടത്തിനകത്ത് അഭിനയിക്കാൻ അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നു. അന്ന് വൈശാഖ് റോബിൻഹുഡ് എന്ന സിനിമയിൽ അസോസിയേറ്റായി വർക്ക് ചെയ്യുകയായിരുന്നു. പകരം ആരെ നോക്കുമെന്ന് ആലോചിച്ചപ്പോഴാണ് രാജു ഉണ്ടല്ലോ, അവനോട് ചോദിച്ചുനോക്കൂ എന്ന് ഞാൻ വൈശാഖിനോട് പറയുന്നത്.

പോക്കിരി രാജ. Photo. IMDb

അത് നരേൻ അഭിനയിക്കാൻ ഇരുന്ന സിനിമയാണെന്ന് രാജുവിന് അറിയാമായിരുന്നു. നരേൻ തന്നെ രാജുവിനോട് താൻ സിനിമയിൽ നിന്ന് മാറുകയാണെന്നും രാജു അഭിനയിച്ചോളൂ, തനിക്ക് അതിൽ കുഴപ്പമില്ലെന്നും പറഞ്ഞു. അങ്ങനെയാണ് രാജു സിനിമ കമ്മിറ്റ് ചെയ്യുന്നത്. മമ്മൂക്കയെ വിളിച്ച് ഇക്കാര്യം പറഞ്ഞപ്പോൾ അദ്ദേഹത്തിന് ഭയങ്കര സന്തോഷമായിരുന്നു. മമ്മൂക്കയും രാജുവും ഒന്നിക്കുന്ന ഒരു ഫ്രഷ് കോമ്പിനേഷൻ എന്ന രീതിയിൽ അത് വളരെ രസകരമായി. അങ്ങനെയാണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങുന്നത്. പക്ഷേ, ഞങ്ങൾ വിചാരിക്കാത്ത രീതിയിൽ ചിത്രം വലിയ ഹിറ്റായി മാറി,’ ഉദയകൃഷ്ണ വ്യക്തമാക്കി.

Content Highlight: Screenwriter Udaya Krishna talks about the movie ‘Pokkiri Raja’