തിരുവനന്തപുരം: ആറ് മാസം പിന്നിടുന്ന വി.ഡി. സതീശന്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. യു.ഡി.എഫ് സര്‍ക്കാരിന്റെ പ്രവര്‍ത്തനം നാടിനെ ഇകഴ്ത്തി കാണിക്കുന്ന രീതിയിലാണെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍.എസ്.എസ് നയം നടപ്പാക്കാനാണ് യു.ഡി.എഫ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും കെ.പി.സി.സി അധ്യക്ഷനായ മന്ത്രിക്ക് പോലും മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാന്‍ കഴിയുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

എ.ബി.വി.പി, യുവമോര്‍ച്ച, ബി.ജെ.പി പ്രവര്‍ത്തകര്‍ വി.ഡി. സതീശന്‍ അവരുടെ സര്‍ക്കാരെന്ന് പറയുന്ന നിലയിലെത്തിയെന്നും വിമര്‍ശനം ഉയര്‍ന്നു. കോണ്‍ഗ്രസ്, മുസ്‌ലിം ലീഗ് നയം യു.ഡി.എഫ് സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. മയില്‍പ്പീലി സ്‌കോളര്‍ഷിപ്പിലൂടെ സംഘപരിവാറിന് വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ഇടപെടാന്‍ സര്‍ക്കാര്‍ അനുമതി കൊടുത്തുവെന്നും പിണറായി വിജയന്‍ വിമര്‍ശിച്ചു. സംഘപരിവാറിന് എങ്ങനെ അനുമതി ലഭിച്ചു എന്നത് പരിശോധിക്കപ്പടണം.

ഉന്നത വിദ്യാഭ്യാസരംഗത്ത് സംഘപരിവാര്‍ അജണ്ട ചാന്‍സലാറായ ഗവര്‍ണര്‍ നടപ്പാക്കാന്‍ ശ്രമിക്കുമ്പോള്‍ സര്‍ക്കാരിന് മിണ്ടാട്ടമില്ല. സരള്‍ ബില്ല് കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ്. വ്യവസായ വികസനത്തിന്റെ പേരില്‍ നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നശിപ്പിക്കാനാണ് ശ്രമമെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി.

ധനപ്രതിസന്ധിയെന്ന വ്യാജപ്രതീതി സൃഷ്ടിച്ച് കേരളത്തിന്റെ മണ്ണും കടലും വിഭവങ്ങളും സ്വകാര്യ കുത്തകകള്‍ക്ക് അടിയറവയ്ക്കാനാണു ശ്രമമെന്നും സമുദ്രനയത്തിലൂടെയും മാരിടൈം ബോര്‍ഡ് ഭേദഗതി ബില്ലിലൂടെയും തീരദേശവും കരിമണല്‍ സമ്പത്തും കൈമാറാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. സരള്‍ ബില്ലിലൂടെ സ്വകാര്യ കുത്തകകള്‍ക്ക് കേരളത്തിന്റെ വിഭവസമ്പത്തും ഭൂമിയും പൂര്‍ണമായും അടിയറവയ്ക്കാനും നീക്കം നടത്തുന്നു.

 

Content Highlight: Opposition Leader Pinarayi Vijayan has criticized the government