സൂപ്പര്‍ താരം എം.എസ്. ധോണിയുടെ വിരമിക്കലില്‍ പ്രതികരിച്ച് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഇന്ത്യ-ബംഗ്ലാദേശ് പര്യടനത്തില്‍ ധോണിയുടെ ബാറ്റിങ് കണ്ടതിന് ശേഷം അദ്ദേഹത്തിന് ഒരു അപൂര്‍വമായ ഹിറ്റിങ് കഴിവുണ്ടെന്ന് സച്ചിന്‍ സൗരവ് ഗാംഗുലിയോട് പറഞ്ഞത് ഓര്‍ത്തെടുത്തു.

എം.എസ്. ധോണി
ധോണിക്കൊപ്പം ഡ്രസ്സിങ് റൂം പങ്കിടാന്‍ സാധിച്ചതിലും അവിസ്മരണീയമായ നിമിഷങ്ങളുടെ ഭാഗമാകാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് സച്ചിന്‍ പറഞ്ഞു. സച്ചിന്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ കുറിപ്പ് പങ്കുവെക്കുകയായിരുന്നു.
‘ബംഗ്ലാദേശില്‍ എം.എസ്. ധോണി ബാറ്റ് ചെയ്യുന്നത് കണ്ടത് ഇന്നും ഓര്‍മയുണ്ട്. അദ്ദേഹത്തിന്റെ പവര്‍ ഹിറ്റിങ്ങില്‍ എന്തോ പ്രത്യേകതയുണ്ടെന്ന് അന്ന് സൗരവിനോട് (ഗാംഗുലി) ഞാന്‍ പറഞ്ഞിരുന്നു. അപൂര്‍വമായൊരു കഴിവ് അദ്ദേഹത്തിനുണ്ടെന്ന് അന്ന് തന്നെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നു. പിന്നീട് അദ്ദേഹം നടത്തിയ യാത്ര എത്ര മനോഹരമായിരുന്നു.
നിങ്ങളോടൊപ്പം ഡ്രസ്സിങ് റൂം പങ്കിടാനും ഇന്ത്യന്‍ ക്രിക്കറ്റിലെ ഏറ്റവും അവിസ്മരണീയമായ ചില നിമിഷങ്ങളുടെ ഭാഗമാകാനും കഴിഞ്ഞത് വലിയ സന്തോഷമായിരുന്നു. നിങ്ങള്‍ എന്തെങ്കിലും വലിയ നേട്ടം കൈവരിക്കുമെന്ന് എനിക്ക് എന്നും വിശ്വാസമുണ്ടായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിനേക്കാള്‍ എത്രയോ വലിയ നേട്ടങ്ങളാണ് നിങ്ങള്‍ സ്വന്തമാക്കിയത്.
ഇന്ത്യന്‍ ക്രിക്കറ്റിന് നിങ്ങളുടെ ഏറ്റവും മികച്ചത് തന്നെ നിങ്ങള്‍ നല്‍കി. ഈ യാത്രയില്‍ നിങ്ങളോടൊപ്പം പങ്കാളിയാകാന്‍ കഴിഞ്ഞത് ഏറെ സന്തോഷകരമാണ്. നന്നായി കളിച്ചു, എം.എസ്.!,’ സച്ചിന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
View this post on Instagram
ആരാധകരെ ഏറെ നിരാശപ്പെടുത്തിയാണ് ഐ.പി.എല്ലില്‍ നിന്ന് ഇതിഹാസം എം.എസ് ധോണി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണി ഇനി ചെന്നൈയുടെ മെന്ററായി പ്രവര്‍ത്തിക്കുമെന്ന് ഫ്രാഞ്ചൈസി ഔദ്യോഗികമായി അറിയിക്കുകയായിരുന്നു.
2008 മുതല്‍ ചെന്നൈയ്‌ക്കൊപ്പമുണ്ടായിരുന്ന താരമാണ് ധോണി. ടീമിന് വേണ്ടി അഞ്ച് ഐ.പി.എല്‍ കിരീടങ്ങളും രണ്ട് ചാമ്പ്യന്‍സ് ട്രോഫിയും നേടാന്‍ ധോണിക്ക് സാധിച്ചിരുന്നു. ഐ.പി.എല്‍ കരിയറില്‍ 278 മത്സരങ്ങളില്‍ നിന്ന് 5439 റണ്‍സാണ് ധോണി നേടിയത്.
Content Highlight: Sachin Tendulkar Talking About M.S Dhoni
