ഇന്ത്യൻ സിനിമയിൽ പല കാലങ്ങളിലായി നിരവധി നടിമാർ സീതയായി വേഷമിട്ടിട്ടുണ്ട്. സിനിമയുടെ കാലവും ഭാഷയും അവതരണരീതികളും മാറിയപ്പോഴും രാമായണത്തിലെ സീതാകഥാപാത്രം വെള്ളിത്തിരയിൽ പലതവണ പുനരാവിഷ്കരിക്കപ്പെട്ടു. ഓരോ കാലത്തും വ്യത്യസ്ത നടിമാരാണ് ഈ കഥാപാത്രത്തിന് മുഖം നൽകിയത്. നിതേഷ് തിവാരിയുടെ രാമായണത്തിലൂടെ സായ് പല്ലവി സീതയായി എത്തിയതോടെ ഇന്ത്യൻ സിനിമയിൽ ഇതുവരെ സീതയായി വേഷമിട്ട നടിമാരെക്കുറിച്ചുള്ള ചർച്ചകളും ശ്രദ്ധ നേടുകയാണ്.

1942ൽ പുറത്തിറങ്ങിയ ഭരത് മിലാപ് എന്ന ചിത്രത്തിലൂടെയാണ് ശോഭന സമർഥ് ആദ്യമായി സീതയായി വേഷമിട്ടത്. പിന്നാലെ 1943ൽ വിജയ് ഭട്ട് സംവിധാനം ചെയ്ത രാം രാജ്യയിലും അവർ സീതയായി എത്തി. പ്രേം ആദിബായിരുന്നു ചിത്രത്തിൽ രാമനായത്. ഇരുവരുടെയും ജോഡി അക്കാലത്ത് ഏറെ ശ്രദ്ധിക്കപ്പെട്ടു. 1958ൽ പുറത്തിറങ്ങിയ തമിഴ് ചിത്രം സമ്പൂർണ രാമായണത്തിൽ പത്മിനിയാണ് സീതയായത്. കെ. സോമു സംവിധാനം ചെയ്ത ചിത്രത്തിൽ എൻ.ടി. രാമറാവുവായിരുന്നു രാമൻ. 264ലധികം ദിവസം തിയേറ്ററുകളിൽ പ്രദർശിപ്പിച്ച ചിത്രം വലിയ വിജയമായിരുന്നു.

പിന്നീട് 1976ൽ ബാപ്പു സംവിധാനം ചെയ്ത തെലുങ്ക് ചിത്രം സീതാ കല്യാണത്തിൽ ജയപ്രദ സീതയായി വേഷമിട്ടു. രവി കുമാറായിരുന്നു ചിത്രത്തിലെ രാമൻ. സീതാ രാമ വനവാസം, 1997ൽ പുറത്തിറങ്ങിയ ഹിന്ദി ചിത്രം ലവ് കുശ് എന്നിവയിലും ജയപ്രദ സീതയായി എത്തി. 2011ൽ പുറത്തിറങ്ങിയ ശ്രീരാമരാജ്യത്തിൽ നയൻതാരയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. ബാപ്പു സംവിധാനം ചെയ്ത ചിത്രത്തിൽ നന്ദമൂരി ബാലകൃഷ്ണയായിരുന്നു രാമൻ. 2023ൽ ഓം റൗട്ട് സംവിധാനം ചെയ്ത ആദിപുരുഷിൽ കൃതി സനോൺ ജാനകി എന്ന സീതാകഥാപാത്രമായി എത്തി. പ്രഭാസ് രാമനായും സെയ്ഫ് അലി ഖാൻ രാവണനായും അഭിനയിച്ച ചിത്രം സംഭാഷണങ്ങളുടെയും ദൃശ്യാവിഷ്കാരത്തിന്റെയും പേരിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവെച്ചിരുന്നു.

ഇപ്പോൾ നിതേഷ് തിവാരിയുടെ രാമായണത്തിലൂടെ സായ് പല്ലവിയാണ് സീതയായി വെള്ളിത്തിരയിലെത്തിയിരിക്കുന്നത്. രൺബീർ കപൂർ രാമനായും യഷ് രാവണനായും എത്തുന്ന ചിത്രത്തിൽ രവി ദുബെ ലക്ഷ്മണനായും സണ്ണി ഡിയോൾ ഹനുമാനായും വേഷമിടുന്നു. വ്യത്യസ്ത കാലങ്ങളിൽ വ്യത്യസ്ത നടിമാർ അവതരിപ്പിച്ച സീതാകഥാപാത്രത്തിലേക്ക് പുതിയൊരു മുഖം കൂടി എത്തിയിരിക്കുകയാണ്.

ഓരോ കാലത്തെയും സിനിമയുടെ കാഴ്ചപ്പാടുകൾക്കനുസരിച്ച് മാറിയെങ്കിലും ഇന്ത്യൻ സിനിമയിൽ വീണ്ടും വീണ്ടും അവതരിപ്പിക്കപ്പെടുന്ന കഥാപാത്രമായി സീത തുടരുന്നു എന്നുള്ളതും പ്രതേകതയുള്ളതാണ്. മികച്ച പ്രതികാരങ്ങളോടെ നിതീഷ് തിവാരിയുടെ രാമായണ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സീതയായി വേഷമിട്ട സായി പല്ലവിക്ക് മികച്ച അഭിയപ്രായമാണ് ലഭ്യമാകുന്നത്. ചിത്രം ഇതിനോടകം തന്നെ 1400 കോടിയിലധികം സ്വന്തമാക്കി കഴിഞ്ഞു.

Content Highlight:  From Shobhana Samarth to Nayanthara and Sai Pallavi: Actresses who portrayed Sita on the silver screen