ന്യൂദല്‍ഹി: അടുത്തിടെ തിയറ്ററുകളിലെത്തിയ രാമായണ എന്ന ചിത്രത്തിനെതിരെ വിമര്‍ശനവുമായി ഹിന്ദു ജനജാഗ്രതി സമിതി. ചിത്രം വാത്മീകിയുടെ ഇതിഹാസത്തെ വളച്ചൊടിക്കുകയും രാവണനെ മുഖ്യ കഥാപാത്രമായി പ്രതിഷ്ഠിക്കുകയും ചെയ്തിരിക്കുകയാണെന്ന് ജനജാഗ്രതി സമിതി കുറ്റപ്പെടുത്തി.
പരമ്പരാഗതമായി കാണിക്കുന്ന രീതിയില്‍ നിന്ന് വ്യത്യസ്തമായാണ് ശ്രീരാമനെയും ലക്ഷ്മണനേയും അവതരിപ്പിച്ചിരിക്കുന്നതെന്നും കമ്മ്യൂണിസ്റ്റ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമമാണിതെന്നും ഹിന്ദുത്വ സംഘടന ആരോപിച്ചു. ഹിന്ദുക്കള്‍ ഈ സിനിമ കാണരുതെന്നും രണ്ടാം ഭാഗത്തില്‍ ഇതേ വളച്ചൊടിക്കല്‍ ഉണ്ടെങ്കില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉണ്ടാകുമെന്നും ഹിന്ദുത്വ സംഘടന മുന്നറിയിപ്പ് നല്‍കുകയും ചെയ്തു.
ചിത്രത്തിലെ ഒന്നിലധികം രംഗങ്ങള്‍ ഹിന്ദുക്കളുടെ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും ഇതെല്ലാം ഭാവനയാണെന്ന നിര്‍മാതാവിന്റെ നിലപാട് അംഗീകരിക്കനാവാത്തതാണെന്നും സംഘടനയുടെ ഗോവ കോര്‍ഡിനേറ്റര്‍ മനോജ് സോളങ്കി പറഞ്ഞു.
സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ചിത്രത്തിന്റെ മതപരമായ കാര്യങ്ങള്‍ ശരിയായി പരിശോധിച്ചില്ലെന്നും മതപരമായ സിനിമകള്‍ക്ക് അനുമതി നല്‍കുന്നതിന് മുമ്പ് തിരുവെഴുത്തുകള്‍ പഠിക്കുകയും പണ്ഡിതന്മാരുമായി കൂടിയാലോചന നടത്തണമെന്നും സോളങ്കി പറഞ്ഞു.
മെസഞ്ചര്‍ ഓഫ് ഗോഡ്, ദി ഡാവിഞ്ചി കോഡ്’ തുടങ്ങിയ സിനിമകള്‍ നേരിടുന്ന എതിര്‍പ്പിനെയും ‘കമാല്‍ ധമാല്‍ മലാമാല്‍’ എന്ന ചിത്രത്തിലെ ഒരു രംഗത്തിനെതിരെ ക്രിസ്ത്യന്‍ സമൂഹത്തിലെ ചില വിഭാഗങ്ങള്‍ ഉന്നയിച്ച എതിര്‍പ്പുകളെയും ചൂണ്ടിക്കാട്ടി, ഹിന്ദു വികാരങ്ങള്‍ക്ക് എന്തുകൊണ്ട് അതേ പരിഗണന നല്‍കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു.
Content Highlight: The Ramayana film implements a Communist agenda; Hindus should not watch it: Hindu Janajagruti Samiti
