സയ്യിദ് മുഷ്താഖ് അലി ട്രേഫിയിൽ രണ്ടാം വിജയം സ്വന്തമാക്കി മുന്നേറുകയാണ് കേരളം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽ നടന്ന ത്രിപുരയ്ക്കെതിരെ അഞ്ച് വിക്കറ്റിനാണ് കേരളം വിജയിച്ചത്.
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തെഞ്ഞെടുത്ത ത്രിപുര നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 121 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 13 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 123 റൺസ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
മത്സരത്തിൽ ഏറെ കയ്യടി നേടിയത് കേരളത്തിന്റെ ക്യാപ്റ്റൻ സഞ്ജു സാംസണിന്റെ പ്രവർത്തിയാണ്. സഹതാരങ്ങൾക്ക് ബാറ്റിങ്ങിൽ അവസരം ലഭിക്കാൻ ഏഴാമനായാണ് സഞ്ജു കളത്തിലിറങ്ങിയത്. മത്സരത്തിൽ മൂന്ന് പന്തിൽ രണ്ട് റൺസാണ് സഞ്ജു നേടിയത്.

ഈ മത്സരത്തിൽ മാത്രമല്ല കഴിഞ്ഞ മത്സരങ്ങളിലെല്ലാം സഞ്ജു പല പൊസിഷനിലും ബാറ്റ് ചെയ്തിരുന്നു. ഓപ്പണിങ്, മൂന്നാം നമ്പർ, നാലാം നമ്പർ എന്നീ സ്ഥാനങ്ങളിലെല്ലാം താരം കളത്തിലിറങ്ങിയിരുന്നു. ടീമിനായി സ്വന്തം സ്ഥാനം വിട്ടുനൽകി കളിക്കാൻ തയ്യാറാവുന്ന സഞ്ജുവിന്റെ നിസ്വാർത്ഥമായ പ്രവർത്തിക്ക് ആരാധകരും കയ്യടിക്കുകയാണ്.
ഇന്ത്യൻ ടീമിലും സഞ്ജു തന്റെ ഓപ്പണിങ് പൊസിഷൻ സഹതാരങ്ങൾക്ക് കൈമാറിയിട്ടുണ്ട്. ന്യൂസിലാൻഡിനെതിരായ ടി-20 പരമ്പരയിൽ യുവതാരം വൈഭവ് സൂര്യവംശിക്ക് സഞ്ജു ഓപ്പണിങ് സ്ഥാനം കൈമാറിയിരുന്നു. സഞ്ജു മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്തത്. ഇതിന് പിന്നാലെ മുൻ താരങ്ങളെല്ലാം സഞ്ജുവിനെ പ്രശംസിച്ചുകൊണ്ടും രംഗത്തെത്തിയിരുന്നു.
അതേസമയം സൽമാൻ നിസാറിന്റെ വെടിക്കെട്ട് ഫിഫ്റ്റിയുടെ കരുത്തിലാണ് കേരളം അനായാസം വിജയം സ്വന്തമാക്കിയത്. 29 പന്തിൽ അഞ്ച് സിക്സർ ഉൾപ്പെടെ 51 റൺസ് നേടി താരം പുറത്താകാതെ നിന്നു. ഓപ്പണർ രോഹൻ കുന്നുമ്മൽ 22 പന്തിൽ നാല് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 38 റൺസുമായാണ് മടങ്ങിയത്. ഗോവിന്ദ് ദേവ് പൈ 10 പന്തിൽ 17 റൺസും നേടി. ക്യാപ്റ്റൻ സഞ്ജു രണ്ട് റൺസുമായി ക്രീസിലുണ്ടായിരുന്നു.
ത്രിപുരയ്ക്ക് വേണ്ടി സന്ദീപ് സമിർ മൂന്ന് വിക്കറ്റ് നേടി. ബാറ്റിങ്ങിൽ ത്രിപുരയ്ക്ക് തുണയായത് 41 റൺസ് നേടിയ ശ്രിദം പോളും 31 റൺസ് നേടിയ ക്യാപ്റ്റൻ മണിശങ്കർ മുരാൻസിങ്ങുമാണ്.
കേരളത്തിനായി പന്തെടുത്തവരെല്ലാം മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. കെ.എം. ആസിഫ്, കാർത്തിക് ബി. നായർ, ഷറഫുദ്ദീൻ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എം.ഡി. നിധീഷ്, ബിജു നാരായണൻ, അബ്ദുൾ ബാസിത് എന്നിവർ ഓരോ വിക്കറ്റും നേടി തിളങ്ങി.
ഇതോടെ ആദ്യ നാല് മത്സരത്തിൽ രണ്ട് വിജയം സ്വന്തമാക്കി എലൈറ്റ് ഗ്രൂപ്പ് സിയിൽ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കേരളം.
Content Highlight: Sanju Samson earns applause for his willingness to play in any position for the team
