സയ്യിദ് മുഷ്താഖ് അലി ട്രേഫിയില്‍ രണ്ടാം വിജയം സ്വന്തമാക്കി കേരളം. പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ത്രിപുരയ്‌ക്കെതിരായ മത്സരത്തിലാണ് കേരളം മിന്നും വിജയം നടത്തിയത്. അഞ്ച് വിക്കറ്റിനാണ് കേരത്തിന്റെ വിജയം.
ഇതോടെ ആദ്യ നാല് മത്സരത്തില്‍ രണ്ട് വിജയം സ്വന്തമാക്കി എലൈറ്റ് ഗ്രൂപ്പ് സിയില്‍ നാലാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് കേരളം. സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സി മികവിലാണ് കേരളം മുന്നേറുന്നത്.
മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെഞ്ഞെടുത്ത ത്രിപുര നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 121 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ കേരളം 13 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 123 റണ്‍സ് നേടി വിജയം സ്വന്തമാക്കുകയായിരുന്നു.
സല്‍മാന്‍ നിസാറിന്റെ വെടിക്കെട്ട് ഫിഫ്റ്റിയുടെ കരുത്തിലാണ് കേരളം എളുപ്പത്തില്‍ വിജയം സ്വന്തമാക്കിയത്. 29 പന്തില്‍ അഞ്ച് സിക്‌സര്‍ ഉള്‍പ്പെടെ 51 റണ്‍സ് നേടി താരം പുറത്താകാതെ നിന്നു. ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ 22 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 38 റണ്‍സുമായാണ് മടങ്ങിയത്. ഗോവിന്ദ് ദേവ് പൈ 10 പന്തില്‍ 17 റണ്‍സും നേടി. ക്യാപ്റ്റന്‍ സഞ്ജു രണ്ട് റണ്‍സുമായി ക്രീസിലുണ്ടായിരുന്നു.
സഞ്ജുവും രോഹന്‍ കുന്നുമ്മലുംഅതേസമയം ത്രിപുരയ്ക്ക് വേണ്ടി സന്ദീപ് സമിര്‍ മൂന്ന് വിക്കറ്റ് നേടി. ബാറ്റിങ്ങില്‍ ത്രിപുരയ്ക്ക് തുണയായത് 41 റണ്‍സ് നേടിയ ശ്രിദം പോളും 31 റണ്‍സ് നേടിയ ക്യാപ്റ്റന്‍ മണിശങ്കര്‍ മുരാന്‍സിങ്ങുമാണ്.
കേരളത്തിനായി പന്തെടുത്തവരെല്ലാം മിന്നും പ്രകടനമാണ് കാഴ്ചവെച്ചത്. കെ.എം. ആസിഫ്, കാര്‍ത്തിക് ബി. നായര്‍, ഷറഫുദ്ദീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. എം.ഡി. നിധീഷ്, ബിജു നാരായണന്‍, അബ്ദുള്‍ ബാസിത് എന്നിവര്‍ ഓരോ വിക്കറ്റും നേടി തിളങ്ങി.
