മലയാളത്തിലെ യുവതാരങ്ങളില്‍ കുറഞ്ഞകാലം കൊണ്ട് തന്റേതായ സ്ഥാനം കണ്ടെത്തിയ അഭിനേതാവാണ് അര്‍ജുന്‍ അശോകന്‍. 2012 ല്‍ പുറത്തിറങ്ങിയ ഓര്‍ക്കുട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് അര്‍ജുന്‍ അരങ്ങേറ്റം കുറിച്ചു. സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്ത പറവയിലൂടെ ശ്രദ്ധേയമായ വേഷം ചെയ്ത താരം പിന്നീട് ചെറുതും വലുതുമായ ഒട്ടേറെ വേഷങ്ങളിലൂടെ ശ്രദ്ധ നേടിയിരുന്നു.

മെല്‍ക്കൗ പോണ്ടിച്ചേരി. Photo: Village Cinemas

നായകനെന്നോ വില്ലനെന്നോ സഹനടനെന്നോ വ്യത്യസമില്ലാതെ കിട്ടുന്ന വേഷങ്ങളെല്ലാം മികച്ചതാക്കുന്ന താരം അമല്‍ നീരദ് ചിത്രം വരത്തനില്‍ വില്ലന്‍ വേഷം കൈകാര്യം ചെയ്ത് അഭിനേതാവെന്ന നിലയില്‍ തന്റെ കഴിവ് തെളിയിച്ചിരുന്നു. സമീപകാലത്തായി ഒട്ടനവധി ചിത്രങ്ങളില്‍ താരം നായകനായെത്തിയിരുന്നെങ്കിലും പലതും ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.

അര്‍ജുന്റേതായി അടുത്തിടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു മെല്‍ക്കൗ പോണ്ടിച്ചേരി. സനൂപ് തൈക്കൂടം തിരക്കഥയെഴുതി നിഖില്‍ മോഹന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജുന്‍ അശോകനൊപ്പം ശ്രീലക്ഷ്മി വജയന്‍, അല്‍ത്താഫ് സലീം തുടങ്ങിയവരും പ്രധാനവേഷത്തിലെത്തിയിരുന്നു. വലിയ പ്രതീക്ഷയോടെയാണ് ചിത്രം തിയേറ്ററുകളിലെത്തിയതെങ്കിലും ആദ്യ ഷോയ്ക്ക് പിന്നാലെ മോശം പ്രതികരണം വന്നതോടെ ചിത്രം തിയേറ്ററുകളില്‍ തകര്‍ന്നടിയുകയായിരുന്നു.

ഇപ്പോഴിതാ റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോഴുള്ള ചിത്രത്തിന്റെ കേരള ബോക്‌സ് ഓഫീസ് കളക്ഷനാണ് ഇപ്പോള്‍ സിനിമാപേജുകളില്‍ ശ്രദ്ധിക്കപ്പെടുന്നത്. റിലീസ് ചെയ്ത് ഏഴ് ദിവസം പിന്നിടുമ്പോള്‍ എഴുപത് ലക്ഷം രൂപയാണ് ചിത്രത്തിന് കേരളത്തിലെ തിയേറ്ററുകളില്‍ നിന്നും ലഭിച്ചിരിക്കുന്നത്. അന്യഭാഷാ ചിത്രങ്ങളായ സീനും രാമായണയും വമ്പന്‍ മുന്നേറ്റം കാഴ്ച വെക്കുന്ന സാഹചര്യത്തിലാണ് മലയാള ചിത്രമായ മെല്‍ക്കൗ പോണ്ടിച്ചേരി തകര്‍ന്നടിഞ്ഞിരിക്കുന്നത്.

മെല്‍ക്കൗ പോണ്ടിച്ചേരി. Photo: Saregama Malayalam

മെല്‍ക്കൗ പോണ്ടിച്ചേരിയും ബോക്‌സ് ഓഫീസില്‍ വീണതോടെ വിജയ പ്രതീക്ഷയില്ലാതെ പ്രതിസന്ധിയിലായിരിക്കുകയാണ് താരം. ഈ വര്‍ഷം പുറത്തിറങ്ങിയ ചത്താ പച്ചയൊഴിച്ചാല്‍ താരം പ്രധാനവേഷത്തിലെത്തിയ മറ്റൊരു ചിത്രത്തിനും സാമ്പത്തികമായി വിജയം നേടാന്‍ സാധിച്ചിരുന്നില്ല. നല്ലൊരു ചിത്രവുമായി പരാജയ തുടര്‍ച്ച അര്‍ജുന്‍ അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

 

Content Highlight: Kerala Box office collection of Arjun Ashokan starrer Melcow pondicherry