അമൽ നീരദ് സംവിധാനം ചെയ്ത മമ്മൂട്ടി നായകനായ ബിഗ് ബി എന്ന സിനിമയിലൂടെയാണ് നടി പാരീസ് ലക്ഷ്മി വെള്ളിത്തിരയിലേക്കെത്തുന്നത്. പിന്നീട് അഞ്ജലി മേനോന്റെ ബാംഗ്ലൂർ ഡേയ്‌സിൽ മിഷേൽ എന്ന കഥാപാത്രം ചെയ്യുകയും പ്രേക്ഷകപ്രീതി നേടിയെടുക്കുകയുമായിരുന്നു താരം. സാൾട്ട് മാംഗോ ട്രീ, ടിയാൻ, ഓലപ്പീപ്പി തുടങ്ങിയ സിനിമകളിലും താരം ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്. അമൽ നീരദിന്റെ തന്നെ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവാണ് നടിയുടെ ഏറ്റവും പുതിയ ചിത്രം.

അഞ്ജലി മേനോന്റെ സംവിധാനത്തിൽ 2015ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ബാംഗ്ലൂർ ഡേയ്സ്. പാരീസ് ലക്ഷ്മിക്ക് പുറമേ നിവിൻ പോളി, നിത്യ മേനൻ, ദുൽഖർ സൽമാൻ, നസ്രിയ, പാർവതി തിരുവോത്ത്, ഫഹദ് ഫാസിൽ, ഇഷ തൽവാർ തുടങ്ങിയ യുവനിരയായിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മിഷേൽ എന്ന കഥാപാത്രമായാണ് പാരീസ് ലക്ഷ്മി വേഷമിട്ടത്. കുറഞ്ഞ സ്‌ക്രീൻ ടൈം ഉള്ളൂവെങ്കിലും ശ്രദ്ധ പിടിച്ച് പറ്റുന്ന വേഷമായിരുന്നു താരത്തിന്റേത്. ചിത്രത്തെക്കുറിച്ചും അതിലെ കഥാപാത്രത്തെക്കുറിച്ചും അഞ്ജലി മേനോനെക്കുറിച്ചും മാതൃഭൂമിയുമായ് സംസാരിക്കുകയായിരുന്നു നടി.

ബാംഗ്ലൂർ ഡേയ്സ്.Photo.Screen Grab/Instagram.com

‘അമൽ നീരദ് സാറിന്റെ ബിഗ് ബിയിലാണ് ഞാൻ ആദ്യമായ് അഭിനയിക്കുന്നത്, അന്ന് ഞാൻ കുട്ടിയായിരുന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷം അമൽ സാർ എന്നെ വീണ്ടും വിളിച്ചു. ഞാൻ കേരളത്തിൽ സ്ഥിരതാമസമാക്കിയ സമയത്താണ് അദ്ദേഹം എന്നെ വിളിക്കുന്നത്. ഒരു സിനിമയുണ്ടെന്നും ചെറിയ റോളാണെന്നും എങ്കിലും നല്ലതും പ്രധാനപ്പെട്ടതുമാവാൻ സാധ്യതയുള്ളൊരു സിനിമയാണിതെന്നും അതുകൊണ്ട് അതിൽ അഭിനയിച്ച് നോക്കാനും അദ്ദേഹം പറഞ്ഞു.

അത് ബാംഗ്ലൂർ ഡേയ്സായിരുന്നു. എന്റെ കരിയറിലെ ഏറ്റവും വലിയ ടെർണിങ് പോയിന്റായിരുന്നു ആ സിനിമ. കാരണം ഇവിടെ എല്ലാ വീട്ടിലും എനിക്കൊരു പേര് തന്നു. ബാംഗ്ലൂർ ഡേയ്സ് ഇറങ്ങി ഇത്രയും വർഷങ്ങൾക്ക് ശേഷവും ആളുകൾ എന്നെ തിരിച്ചറിയുന്നത് ആ സിനിമയിലെ ലിഫ്റ്റ് ഗേളായിട്ടുള്ള മിഷേൽ എന്ന പേരിലാണ്. അതുകൊണ്ട് തന്നെ ആ സിനിമയോടും അഞ്ജലി മാമിനോടും എനിക്കെപ്പോഴും നന്ദിയുണ്ട്. അത്രയും വലിയൊരു സമ്മാനമായിട്ടാണ് എനിക്ക് തോന്നുന്നത്,’ നടി പറഞ്ഞു.

അഞ്ജലി മേനോൻ വളരെ കൃത്യതയോടെയാണ് വർക്ക് ചെയ്യാറുള്ളതെന്നും സെറ്റിൽ വലുത് ചെറുത് എന്ന രീതിയിൽ ആക്ടേഴ്‌സിനോട് പെരുമാറില്ലെന്നും എല്ലാവരെയും തുല്യമായാണ് കാണാറുള്ളതെന്നും താരം കൂട്ടിച്ചേർത്തു. തന്റെ ചെറിയ വേഷത്തിന് പോലും സംവിധായിക കൂടുതൽ പ്രാധാന്യം നൽകിയിരുന്നെന്നും അതഭിനയിച്ച് ഫലിപ്പിക്കാൻ അഞ്ജലി മേനോൻ തന്നെ സഹായിച്ചുമെന്നും നടി വ്യക്തമാക്കി.

Content Highlight: