അമൽ നീരദ് ചിത്രം എന്ന പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ പ്രേക്ഷകർക്ക് ആദ്യ പകുതിയിൽ മികച്ചൊരു സിനിമാനുഭവം സമ്മാനിക്കുന്നുണ്ട് ‘ബാച്ച്ലർ പാർട്ടി ഡ്യൂ’. എന്നാൽ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ ആദ്യ പകുതിയിൽ സൃഷ്ടിച്ച ആവേശം നിലനിർത്താൻ ചിത്രത്തിന് കഴിയുന്നില്ല. സ്റ്റൈലിഷ് മേക്കിങ്ങും മാസ് രംഗങ്ങളും കഥാപാത്രങ്ങളുടെ സ്വാഗും കൊണ്ട് ശ്രദ്ധ നേടുന്ന ചിത്രം അവസാന ഭാഗങ്ങളിലേക്ക് എത്തുമ്പോൾ ആവർത്തനവും വിരസതയും അനുഭവപ്പെടുത്തുന്നുവെന്നാണ് പ്രധാന വിമർശനം.

ബാച്ച്ലർ പാർട്ടി ഡ്യൂ. Photo. Screen Grab/ Youtube
കൊച്ചിയുടെ പശ്ചാത്തലത്തിൽ അഞ്ച് സുഹൃത്തുക്കളുടെ ഗ്യാങ്സ്റ്റർ ജീവിതമാണ് ചിത്രം പറയുന്നത്. അനാഥാലയത്തിൽനിന്ന് ഒരുമിച്ചിറങ്ങിയവർ വളർന്ന് നഗരത്തിലെ ശക്തരായ ഗ്യാങ്സ്റ്റർമാരായി മാറുന്നതും പിന്നീട് അവർക്കിടയിൽ ഉടലെടുക്കുന്ന സംഘർഷങ്ങളുമാണ് കഥയുടെ അടിസ്ഥാനം. കഥാപാത്രങ്ങളെ പരിചയപ്പെടുത്തിയും അവരുടെ ലോകം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചുമാണ് ആദ്യ പകുതി മുന്നോട്ടുപോകുന്നത്. കോമഡിയും മാസ് ഡയലോഗുകളും സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഷറഫുദ്ദീൻ, ചന്തു സലിംകുമാർ, നസ്ലെൻ എന്നിവരുടെ പ്രകടനങ്ങളും ആദ്യ പകുതിയെ രസകരമാക്കുന്നു.
എന്നാൽ രണ്ടാം പകുതിയിലാണ് സിനിമയുടെ പ്രധാന പോരായ്മ പ്രകടമാകുന്നത്. വെടിവെപ്പും കൊലപാതകങ്ങളും അടിയും പിടിയും നിറഞ്ഞ സംഘർഷങ്ങളിലേക്ക് സിനിമ കൂടുതൽ ചുരുങ്ങുന്നു. തുടർച്ചയായ ആക്ഷൻ രംഗങ്ങൾ പ്രേക്ഷകർക്ക് ആവേശം നൽകേണ്ടതാണെങ്കിലും അവയ്ക്ക് ആവശ്യമായ പഞ്ച് നൽകാൻ കഴിയുന്നില്ല. ആദ്യ പകുതിയിൽ കഥാപാത്രങ്ങൾക്കിടയിൽ രൂപപ്പെടുത്തിയ താത്പര്യവും ആവേശവും രണ്ടാം പകുതിയിൽ കുറയുന്നു. പ്രത്യേകിച്ച് ക്ലൈമാക്സിലേക്ക് എത്തുമ്പോൾ നടക്കുന്ന സംഭവങ്ങളുമായി പ്രേക്ഷകന് വൈകാരികമായി കണക്ട് ചെയ്യാൻ കഴിയാത്തതും ചിത്രത്തിന്റെ പോരായ്മയാണ്.
അമൽ നീരദിന്റെ പതിവ് ശൈലിയിലുള്ള സ്റ്റൈലിഷ് ഫ്രെയിമുകളും പശ്ചാത്തലസംഗീതവും മാസ് അവതരണവുമെല്ലാം ചിത്രത്തിലുണ്ട്. നസ്ലന്റെ പ്രകടനവും ഷൈൻ ടോം ചാക്കോയുടെ അഭിനയവും ശ്രദ്ധ നേടുമ്പോൾ കുഞ്ചാക്കോ ബോബന്റെ മാസ് വില്ലൻ പരിവേഷത്തിന് വലിയ ഇംപാക്ട് സൃഷ്ടിക്കാനാകുന്നില്ല. സാങ്കേതികമായും ദൃശ്യപരമായും മികച്ചുനിൽക്കുന്ന ചിത്രം തിരക്കഥയുടെയും രണ്ടാം പകുതിയിലെ അവതരണത്തിന്റെയും കാര്യത്തിൽ കൂടുതൽ മെച്ചപ്പെടേണ്ടതായിരുന്നു.

ബാച്ലർ പാർട്ടി D’eux. Photo. IMDb
ആദ്യ ‘ബാച്ച്ലർ പാർട്ടി’യുമായി താരതമ്യം ചെയ്യുമ്പോൾ അതേ പഞ്ചും മാജിക്കും പുതിയ ചിത്രത്തിന് അവകാശപ്പെടാനില്ല. പഴയ സിനിമയുടെ സ്റ്റൈൽ നിലനിർത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതിയിലെ ആവർത്തിച്ചുള്ള സംഘർഷങ്ങൾ ആസ്വാദനത്തെ ബാധിക്കുന്നു. തുടക്കത്തിൽ പ്രതീക്ഷ നൽകുന്ന ചിത്രം അവസാനിക്കുമ്പോൾ അതേ ആവേശം പ്രേക്ഷകർക്ക് നൽകുന്നില്ലെന്നതാണ് ‘ബാച്ച്ലർ പാർട്ടി ഡ്യൂക്സി’ന്റെ പ്രധാന നിരാശ.
Content Highlight: Amal Neerad’s Bachelor Party D’eux fails to deliver on the promise of its first half.
