വാഷിങ്ടണ്‍: യു.എസ് മിഡ്‌ടേം തെരഞ്ഞെടുപ്പില്‍ താന്‍ പണം ചിലവഴിച്ചത് വലിയ മണ്ടത്തരമായി തോന്നുന്നുവെന്ന് അമേരിക്കന്‍ ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌ക്ക്. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കനത്ത പരാജയം നേരിടേണ്ടി വന്നതിന് പിന്നാലെയായിരുന്നു എക്‌സ് മേധാവിയുടെ പരാമര്‍ശം.

തെരഞ്ഞെടുപ്പില്‍ ട്രംപിന്റെ പാര്‍ട്ടിക്കായി ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച വ്യക്തിയായിരുന്നു ഇലോണ്‍ മസ്‌ക്. 446 മില്യണ്‍ ഡോളറാണ് അദ്ദേഹം ചിലവഴിച്ചത്. ന്യൂയോര്‍ക്ക് ടൈംസിന്റെ ഡീല്‍ബുക്ക് സമ്മിറ്റില്‍ വെര്‍ച്വലായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

താന്‍ മാഗയല്ലെന്നും ആ പ്രസ്ഥാനത്തിന്റെ ഭാഗമായി തന്നെ കാണേണ്ടതില്ലെന്നും മസ്‌ക് പറഞ്ഞു.
ട്രംപിന്റെ പ്രസ്ഥാനമാണ് ‘മേക്ക് അമേരിക്ക ഗ്രേയ്റ്റ് എഗെയ്ന്‍’ അഥവാ മാഗ. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ നയങ്ങളോടുള്ള അന്ധമായ വിധേയത്വമാണ് മാഗ കൊണ്ട് അര്‍ത്ഥമാക്കുന്നതെങ്കില്‍ അത്തരമൊരു സമീപനം തനിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

തെരഞ്ഞെടുപ്പില്‍ ചിലവഴിച്ച പണം കൊണ്ട് ഗുണമൊന്നുമുണ്ടായില്ലെന്നും പണം മുടക്കിയില്ലായിരുന്നുവെങ്കില്‍ സ്ഥാനാര്‍ത്ഥികളുടെ നില ഇതിലും മോശമാവുമായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

അതേസമയം, ടെക്സസില്‍ മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട റിപ്പബ്ലിക്കന്‍ ആധിപത്യം അവസാനിപ്പിച്ച് ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ട ഡെമോക്രാറ്റ് നേതാവ് ജിന ഹിനോജോസയെക്കുറിച്ച് മസ്‌ക് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.

ഗ്രെഗ് അബോട്ടിനെ പരാജയപ്പെടുത്തിയ ഹിനോജോസ തീവ്ര ഇടതുപക്ഷ നിലപാടുള്ള ആളല്ലെന്നും, അവര്‍ മിതവാദിയായിരിക്കുമെന്നും മസ്‌ക് പറഞ്ഞു. ടെസ്ലയുടെയും സ്‌പേസ് എക്‌സ്സിന്റെയും പ്രധാന പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ടെക്സില്‍ ജിന ഗവര്‍ണറാകുന്നതില്‍ പ്രശ്നങ്ങളൊന്നുമുണ്ടാകില്ലെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

 

Content Highlight: Investing that much money was a foolish move; I’m no magician: Elon Musk