തിരുവനന്തപുരം: സി.പി.ഐ.എം നേതൃത്വത്തിന്റെ രാഷ്ട്രീയ പകപോക്കലിന് ഇരയായ അരിയില്‍ ഷുക്കൂറിന്റെ കുടുംബത്തിന് നീതി ലഭിക്കണമെന്നും മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കുന്നത് വരെ നിയമപോരാട്ടം തുടരുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്‍. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലൂടെയാണ് അരിയില്‍ ഷൂക്കൂര്‍ കൊലപാതകക്കേസിലെ കോടതി വിധിയില്‍ മുഖ്യമന്ത്രി പ്രതികരിച്ചത്.

കേരള രാഷ്ട്രീയ ചരിത്രത്തിലെ നിഷ്ഠൂര കൊലപാതകങ്ങളില്‍ ഒന്നാണ് ഷുക്കൂറിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാഷ്ട്രീയ എതിരാളികളെ ഇല്ലാതാക്കാന്‍ സി.പി.എം ക്രിമിനലുകളെ ഉപയോഗിക്കുന്നുവെന്നതിന്റെ പേടിപ്പെടുത്തുന്ന ഉദാഹരണമാണിതെന്ന് അദ്ദേഹം പറഞ്ഞു.

നേതാക്കളുടെ സാന്നിധ്യത്തില്‍ വിചാരണ നടത്തി ശിക്ഷ വിധിച്ച് നടപ്പാക്കിയ പ്രാകൃതമായ കൊലപാതകമായിരുന്നു ഷുക്കൂറിന്റേതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗൂഡാലോചനയിലും കൊലപാതകത്തിലും പങ്കാളികളായ മുഴുവന്‍ പേരും ശിക്ഷിക്കപ്പെടണമെന്നും സി.പി.ഐ.എം നേതാക്കള്‍ക്ക് ഗൂഡാലോചനയിലുള്ള പങ്ക് പുറത്തു കൊണ്ട് വരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

പി. ജയരാജനും ടി.വി. രാജേഷും ഉള്‍പ്പെടെയുള്ള 18 പ്രതികളെ കുറ്റവിമുക്തരാക്കിയ കോടതി വിധിക്കെതിരെ അപ്പീല്‍ പോകണമെന്ന് ഷുക്കൂറിന്റെ കുടുംബം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിധി പകര്‍പ്പ് പരിശോധിച്ച ശേഷം കുടുംബവുമായി ആലോചിച്ച് അപ്പീല്‍ നടപടികള്‍ തീരുമാനിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗിച്ച് നീതിക്കു വേണ്ടിയുള്ള പോരാട്ടം തുടരും.സി.പി.എം നേതൃത്വത്തിന്റെ രാഷ്ട്രീയ പകപോക്കലിന് ഇരയായ ഷുക്കൂറിന്റെ കുടുംബത്തിന് നീതി ലഭിക്കണം. ആ കുടുംബത്തിനൊപ്പം സര്‍ക്കാര്‍ ഉറച്ചു നില്‍ക്കും. മുഴുവന്‍ കുറ്റവാളികളും ശിക്ഷിക്കപ്പെടുന്നതുവരെ നിയമപോരാട്ടം തുടരും,’ അദ്ദേഹം കുറിച്ചു.

യൂത്ത് ലീഗ് പ്രവര്‍ത്തകനായിരുന്ന അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികള്‍ക്ക് എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി ശിക്ഷ വിധിച്ചിരുന്നു. ഏഴ് പ്രതികള്‍ക്ക് ജീവപര്യന്തമാണ് ശിക്ഷ. കുറ്റക്കാരെന്ന് കണ്ടെത്തിയ 13 പ്രതികളില്‍ ബാക്കി ആറ് പ്രതികള്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.

കേസില്‍ 18 പേരെയാണ് വെറുതേ വിട്ടത്. സി.പി.ഐ.എം നേതാവായ പി.ജയരാജന്‍, ടി.വി.രാജേഷ്, എം.വി.ഗോവിന്ദന്റെ മകന്‍ ശ്യാംജിത് എന്നിവരടക്കമുള്ളവരാണ് കുറ്റവിമുക്തരായത്. ഇവര്‍ക്കെതിരെ ഗൂഢാലോചന കുറ്റം തെളിയിക്കാനായില്ല എന്ന് കോടതി വ്യക്തമാക്കി.

ഗൂഢാലോചനക്കുറ്റം തള്ളിയതിനെതിരെ അപ്പീല്‍ പോകുമെന്നും നിയമപരമായി അവസാനം വരെ പോരാടുമെന്നും മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞിരുന്നു.

Content Highlight:  Justice must be served for Shukoor’s family: Chief Minister says the legal battle will continue until all the culprits are punished.