കൊച്ചി: അരിയിൽ ഷുക്കൂർ വധക്കേസിലെ ഗൂഢാലോചനക്കുറ്റത്തിൽ നിന്നും കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ യു.ഡി.എഫിനും മുസ്ലിം ലീഗിനുമെതിരെ രൂക്ഷവിമർശനവുമായി സി.പി.ഐ.എം നേതാവ് പി. ജയരാജൻ.
തനിക്കും ടി.വി. രാജേഷിനുമെതിരെ കോൺഗ്രസും ലീഗും ചേർന്ന് മെനഞ്ഞെടുത്ത കള്ളക്കേസും ഗൂഢാലോചന സിദ്ധാന്തവുമാണ് കോടതി വിധിയിലൂടെ പൊളിഞ്ഞുവീണതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
കേസിലെ 33 പ്രതികളിൽ 20 പേരെ കോടതി വെറുതെ വിട്ടതായും ശിക്ഷിക്കപ്പെട്ടവരുടെ കാര്യത്തിൽ വിധിന്യായം പരിശോധിച്ച ശേഷം അപ്പീൽ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
2012 ഫെബ്രുവരി 19 മുതൽ പട്ടുവം പഞ്ചായത്തിലെ അരിയിൽ പ്രദേശത്ത് ലീഗ് പ്രവർത്തകർ തുടർച്ചയായി അക്രമങ്ങൾ അഴിച്ചുവിടുകയായിരുന്നുവെന്ന് പി. ജയരാജൻ പറഞ്ഞു.
വായനശാലകളും ക്ലബ്ബുകളും സി.പി.ഐ.എം പ്രവർത്തകരുടെ വീടുകളും തകർക്കുകയും പാർട്ടി ഓഫീസ് പച്ച പെയിന്റടിച്ച് വികൃതമാക്കുകയും ചെയ്തു. ഇത്തരം അക്രമങ്ങൾ നേരിൽ കാണുന്നതിനാണ് അന്നത്തെ എം.എൽ.എ ടി.വി. രാജേഷിനും പ്രാദേശിക നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കുമൊപ്പം ജില്ലാ സെക്രട്ടറിയായിരുന്ന താൻ അരിയിലിൽ എത്തിയത്. 11.45-ഓടെ ലീഗ് ഓഫീസിനും പള്ളിക്കും സമീപത്തുവെച്ച് തങ്ങളുടെ വാഹനം ആക്രമിക്കപ്പെടുകയും തനിക്കും ടി.വി. രാജേഷിനും കൈരളി, ദേശാഭിമാനി മാധ്യമപ്രവർത്തകർക്കും പരിക്കേൽക്കുകയും ചെയ്തുവെന്ന് അദ്ദേഹം വ്യക്തമാക്കി.
തുടർന്ന് തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ എത്തിയ തങ്ങളെ പൊലീസ് സഹായത്തോടെയാണ് തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് കണ്ണപുരം പൊലീസ് സ്റ്റേഷൻ പരിധിയിൽ കേസിനാസ്പദമായ ദൗർഭാഗ്യകരമായ സംഭവം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
അന്നത്തെ യു.ഡി.എഫ് ഭരണകൂടത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങി പൊലീസ് ഉദ്യോഗസ്ഥർ പാവകളെപ്പോലെ പ്രവർത്തിക്കുകയായിരുന്നുവെന്ന് പി. ജയരാജൻ വിമർശിച്ചു. മുസ്ലിം ന്യൂനപക്ഷങ്ങൾക്കിടയിൽ സി.പി.ഐ.എമ്മിന് ലഭിക്കുന്ന സ്വീകാര്യത ഇല്ലാതാക്കാൻ നേതാക്കളെ പ്രതികളാക്കണമെന്ന രാഷ്ട്രീയ തീരുമാനമായിരുന്നു ഇതിന് പിന്നിലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
പിന്നീട് ബി.ജെ.പിയിൽ ചേർന്ന അന്നത്തെ ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ നിർദ്ദേശപ്രകാരമാണ് കുറ്റകൃത്യം അറിഞ്ഞിട്ടും തടഞ്ഞില്ല എന്ന ഐ.പി.സി 118-ാം വകുപ്പ് തങ്ങൾക്കെതിരെ ചുമത്തിയത്. തളിപ്പറമ്പിലെ ലീഗ് നിയന്ത്രണത്തിലുള്ള സർ സയ്യിദ് വിദ്യാഭ്യാസ സ്ഥാപനത്തിലെ രണ്ട് താത്ക്കാലിക ജീവനക്കാരെ ഇതിനായി കള്ളസാക്ഷികളാക്കിയെന്ന് അദ്ദേഹം പറഞ്ഞു.
കേസ് സി.ബി.ഐക്ക് വിട്ട മുൻ ഹൈക്കോടതി ജഡ്ജി തങ്ങളെ ‘സ്വയം പ്രഖ്യാപിത നാടുവാഴികൾ’ എന്ന് അധിക്ഷേപിച്ചതായും അദ്ദേഹം ഇപ്പോൾ സി.പി.ഐ.എം വിരുദ്ധ രാഷ്ട്രീയ പ്രവർത്തനമാണ് നടത്തുന്നതെന്നും ജയരാജൻ ചൂണ്ടിക്കാട്ടി.
തുടർന്ന് അന്വേഷണം ഏറ്റെടുത്ത സി.ബി.ഐ, കോൺഗ്രസിന്റെയും ലീഗിന്റെയും രാഷ്ട്രീയ ദൗത്യം ഏറ്റെടുത്ത് ഐ.പി.സി 120-ാം വകുപ്പ് കൂടി കൂട്ടിച്ചേർക്കുകയും അഞ്ച് സാക്ഷികളെ തയ്യാറാക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.
‘കേസിൽ സാക്ഷികളെ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന ലീഗ് മന്ത്രിയുടെ വാദത്തെ പി. ജയരാജൻ തള്ളി. ലീഗിനകത്തെ സത്യവിശ്വാസികളായ ചിലർ കള്ളസാക്ഷി പറയാൻ തയ്യാറാകാത്തതാണ് ഗൂഢാലോചന സിദ്ധാന്തം തകരാൻ പ്രധാന കാരണമായത്. തളിപ്പറമ്പിലെ ലീഗ് വിദ്യാഭ്യാസ സ്ഥാപനത്തിൽ ഇപ്പോഴും അറ്റൻഡൻസ് ഒപ്പിടുന്ന ജീവനക്കാരനായ സാക്ഷി വാറണ്ട് അയച്ചിട്ടും കോടതിയിൽ ഹാജരായില്ല.
ഗൾഫിലായിരുന്ന മറ്റൊരു സാക്ഷിയെ വിമാന ടിക്കറ്റ് നൽകി കൊച്ചിയിലെത്തിച്ച് കോടതി വളപ്പിൽ കൊണ്ടുവന്നെങ്കിലും, കള്ളസാക്ഷി പറയില്ലെന്ന് മനസ്സിലായതോടെ സി.ബി.ഐയും ലീഗും ചേർന്ന് അയാളെ സാക്ഷിക്കൂട്ടിൽ കയറ്റാതെ ഒഴിവാക്കി. സാക്ഷികളായി ഉൾപ്പെടുത്തിയ രണ്ട് മാധ്യമപ്രവർത്തകരിൽ ഒരാളെ വിസ്തരിച്ചതോടെ ഇതൊരു കെട്ടിച്ചമച്ച കഥയാണെന്ന് കോടതിക്ക് കൃത്യമായി ബോധ്യപ്പെട്ടതായും’ അദ്ദേഹം പറഞ്ഞു.
സി.പി.ഐ.എം നേതാക്കളെ പ്രതിക്കൂട്ടിലാക്കാൻ കള്ളക്കേസ് മെനഞ്ഞെടുക്കുകയും അത് നാടുനീളെ പ്രചരിപ്പിക്കുകയും ചെയ്ത ലീഗ്-യു.ഡി.എഫ് നേതൃത്വം ജനങ്ങളോട് മാപ്പ് പറയണമെന്ന് പി. ജയരാജൻ ആവശ്യപ്പെട്ടു.
മാസങ്ങൾ നീണ്ട വിചാരണയിൽ തങ്ങൾക്കായി ഹാജരായ സീനിയർ അഭിഭാഷകൻ ബി. രാമൻപിള്ള, അഡ്വക്കറ്റ് നിക്കോളാസ് എന്നിവരുടെ നേതൃത്വത്തിലുള്ള അഭിഭാഷക സംഘത്തിന്റെ സേവനത്തെ അദ്ദേഹം പ്രശംസിച്ചു. ശിക്ഷിക്കപ്പെട്ട പാർട്ടി ബന്ധുക്കൾക്കായി തുടർന്നുള്ള അപ്പീൽ നടപടികളിലും പ്രഗത്ഭരായ അഭിഭാഷകരെ ഉപയോഗിച്ച് നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight:Conspiracy theory in the Ariyil Shukoor murder case collapses; P. Jayarajan claims it was a fabricated case concocted by the Congress and the League.
