ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്ത ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. 2012ല്‍ കലാഭവന്‍ മണി, റഹ്‌മാന്‍, ആസിഫ് അലി, ഇന്ദ്രജിത്ത്, വിനായകന്‍, പൃഥ്വിരാജ് തുടങ്ങിയവര്‍ പ്രധാനവേഷത്തിലെത്തി അമല്‍ നീരദ് തന്നെ സംവിധാനം ചെയ്ത ബാച്ചലര്‍ പാര്‍ട്ടിയുടെ സ്പിരിച്ച്വല്‍ സ്വീക്വലായിട്ടായിരുന്നു ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ പുറത്തിറങ്ങിയത്.

ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. Photo: X.com

മലയാളത്തിലെ യുവതാരനിര അണിനിരക്കുന്ന ചിത്രം അനൗണ്‍സ് ചെയ്തത് മുതല്‍ വലിയ ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയയില്‍ അരങ്ങേറിയത്. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, സൗബിന്‍ ഷാഹിര്‍, നസ്‌ലെന്‍, ഷറഫുദ്ദീന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ചന്തു സലീം കുമാര്‍ തുടങ്ങി വമ്പന്‍ താരനിര അണിനിരന്ന ചിത്രം എങ്ങനെയായിരിക്കും സംവിധായകന്‍ ഒരുക്കിയതെന്ന് അറിയാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍.

ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. Photo: X.com

ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ ഷോയ്ക്ക് പിന്നാലെയുള്ള ഫസ്റ്റ് റെസ്‌പോണ്‍സാണ് സിനിമാലോകത്ത് ശ്രദ്ധിക്കപ്പെടുന്നത്. മികച്ച പ്രതികരണമാണ് ചിത്രം കണ്ടിറങ്ങുന്നവരില്‍ നിന്നും ലഭിക്കുന്നത്. അമല്‍ നീരദ് സിഗ്നേച്ചര്‍ രീതിയില്‍ സ്റ്റൈലിഷായാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ആദ്യഭാഗവുമായി സാമ്യമുള്ള രീതിയിലാണ് ചിത്രത്തിന്റെ മേക്കിങ് എന്നും പലരും അഭിപ്രായപ്പെടുന്നു. അതേസമയം ചിത്രത്തിന്റെ ക്ലൈമാക്‌സ് മോശമായെന്നുള്ള തരത്തിലുള്ള കമന്റുകളും പുറത്തുവരുന്നുണ്ട്. കുഞ്ചാക്കോ ബോബന്റെതടക്കമുള്ള ചില കാസ്റ്റിങ്ങുകള്‍ മോശമായെന്നുള്ള സമ്മിശ്ര പ്രതികരണങ്ങളും ആദ്യ മണിക്കൂറില്‍ ചിത്രത്തിന് ലഭിക്കുന്നുണ്ട്.

 

ഒന്നരകോടിയ്ക്ക് അടുത്തായിരുന്നു പ്രീസെയില്‍ ബുക്കിങ്ങിലൂടെ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും സ്വന്തമാക്കാന്‍ സാധിച്ചത്. തുടര്‍ന്നും മികച്ച പ്രതികരണം ലഭിക്കുകയാണെങ്കില്‍ ആദ്യദിന കളക്ഷനില്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മമ്മൂട്ടിയും ധനുഷും പ്രധാനവേഷത്തിലെത്തുന്ന ഓ.എം നാളെ റിലീസിനൊരുങ്ങുന്ന സാഹചര്യത്തില്‍ കനത്ത മത്സരമായിരിക്കും ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നേരിടേണ്ടി വരിക.

Content Highlight: First response of Bachelor Party de ux movie directed by Amal Neerad