മറ്റ് ഇന്‍ഡസ്ട്രികളുടെ കോടിക്കണക്കുകള്‍ കണ്ട് അന്തംവിട്ടിരുന്ന അവസ്ഥയില്‍ നിന്ന് മോളിവുഡ് ഇപ്പോള്‍ ഒരുപാട് വളര്‍ന്നിരിക്കുകയാണ്. മലയാളസിനിമക്കും 200,300 കോടി കളക്ഷന്‍ നേടാനാകുമെന്ന് തെളിയിച്ചത് കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ കൊണ്ടാണ്. കേരളത്തില്‍ നിന്ന് മാത്രം 100 കോടി നേടുന്ന ലെവലിലേക്കും മലയാളസിനിമ ഉയര്‍ന്നു.

മലയാളസിനിമകള്‍ മാത്രമല്ല, അന്യഭാഷാ സിനിമകളും കേരളത്തില്‍ റെക്കോഡുകള്‍ സൃഷ്ടിക്കാറുണ്ട്. കേരളത്തില്‍ നിന്ന് മാത്രം അമ്പത് കോടി നേടിക്കൊണ്ട് തെലുങ്ക്, തമിഴ്, കന്നഡ സിനിമകള്‍ ചരിത്രമെഴുതിയിരുന്നു. ഏറ്റവുമൊടുവില്‍ രാമായണയും കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയതോടെ പാന്‍ ഇന്ത്യന്‍ കോളം തികഞ്ഞു.

ഹിന്ദി സിനിമകള്‍ വരെ 50 കോടി കേരളത്തില്‍ നിന്ന് നേടിയിട്ടും ആ നേട്ടത്തിലെത്താന്‍ സാധിക്കാത്ത താരം മമ്മൂട്ടി മാത്രമാണ്. നടനെന്ന നിലയില്‍ തനിക്ക് വെല്ലുവിളിയുയര്‍ത്താന്‍ ഇന്ത്യന്‍ സിനിമയില്‍ ആളുകള്‍ കുറവാണെങ്കിലും ബോക്‌സ് ഓഫീസ് പവര്‍ ഇപ്പോഴും വിമര്‍ശിക്കപ്പെടുകയാണ്. ബസൂക്ക, ഡൊമിന്ക് ആന്‍ഡ് ലേഡീസ് പേഴ്‌സ് എന്നീ സിനിമകളൊഴികെ ബാക്കിയെല്ലാ ചിത്രങ്ങളും 60 കോടിക്ക് മുകളില്‍ നേടിയെങ്കിലും 100 കോടി എന്ന നേട്ടവും കേരള ബോക്‌സ് ഓഫീസിലെ 50 കോടി എന്ന നേട്ടവും താരത്തിന് തൊടാന്‍ സാധിച്ചിട്ടില്ല.

24 സിനിമകളാണ് ഇതുവരെ കേരളത്തില്‍ നിന്ന് മാത്രം 50 കോടി നേടിയത്. അതില്‍ ഏറ്റവും കൂടുതല്‍ സിനിമകള്‍ മോഹന്‍ലാലിന്റെ പേരിലാണ്. അഞ്ച് സിനിമകളാണ് മോഹന്‍ലാലിന്റേതായിട്ട് ഉള്ളത് (പുലിമുരുകന്‍, ലൂസിഫര്‍, എമ്പുരാന്‍, തുടരും, ദൃശ്യം 3) എന്നിവയാണ് ലിസ്റ്റിലെ ചിത്രങ്ങള്‍. രണ്ടാം സ്ഥാനത്ത് രണ്ട് സിനിമകളുമായി നിവിന്‍ പോളിയും (സര്‍വ്വം മായ, ബെത്‌ലഹേം കുടുംബ യൂണിറ്റ്) രജിനികാന്തുമാണ് (ജയിലര്‍, ജയിലര്‍ 2).

നസ്‌ലെന്‍ (പ്രേമലു), പൃഥ്വിരാജ് (ആടുജീവിതം), ഫഹദ് ഫാസില്‍ (ആവേശം), ടൊവിനോ (എ.ആര്‍.എം), കല്യാണി പ്രിയദര്‍ശന്‍ (ലോകഃ), ജയസൂര്യ (ആട് 3) എന്നിവര്‍ ഓരോ സിനിമയുമായി ലിസ്റ്റില്‍ ഇടംപിടിച്ചു. 2018, മഞ്ഞുമ്മല്‍ ബോയ്‌സ്, ആര്‍.ഡി.എക്‌സ്, വാഴ 2 എന്നീ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളും ബാഹുബലി 2, കെ.ജി.എഫ് 2, കാന്താര ചാപ്റ്റര്‍ വണ്‍, രാമായണ, ലിയോ എന്നീ അന്യഭാഷാ ചിത്രങ്ങളും കേരള ബോക്‌സ് ഓഫീസില്‍ നിന്ന് 50 കോടി നേടിയിട്ടുണ്ട്.

ഡിസംബറില്‍ റിലീസിനെത്തുന്ന അവഞ്ചേഴ്‌സ് ഡൂംസ്‌ഡേ ഈ ലിസ്റ്റില്‍ കയറാന്‍ സാധ്യതയുണ്ടെന്നാണ് ട്രാക്കര്‍മാര്‍ അഭിപ്രായപ്പെടുന്നത്. കോളിവുഡും ടോളിവുഡും സാന്‍ഡല്‍വുഡും ബോളിവുഡും വരെ കേരളത്തില്‍ നിന്ന് 50 കോടിയിട്ടും ഹോളിവുഡ് 50 കോടി നേടാന്‍ പോകുമ്പോഴും മമ്മൂട്ടിയെപ്പോലൊരു സൂപ്പര്‍താരത്തിന് ഈ നേട്ടം സ്വന്തമാക്കാനാകാത്തതാണ് സിനിമാപേജുകളിലെ പ്രധാന ചര്‍ച്ച.

Content Highlight: Five out of 24 films that collected 50 crore from Kerala is in Mohanlal’s name