സഹതാരങ്ങളെ ഒറ്റിക്കൊടുത്ത ഉസ്മാന്‍ ഖവാജ താന്‍ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ വഞ്ചകനാണെന്ന് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഫാനി ഡിവില്ലിയേഴ്‌സ്. 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിലുണ്ടായ പന്ത് ചുരണ്ടല്‍ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലാണ് ഡിവില്ലിയേഴ്‌സിന്റെ വിമര്‍ശനം.
തന്റെ ആത്മകഥയായ സബ്രിലൂടെയാണ് ഖവാജ വെളിപ്പെടുത്തലുകള്‍ നടത്തിയത്.
വിവാദത്തിന്റെ ഉത്തരവാദിത്തം അന്ന് അതിന് ശിക്ഷിക്കപ്പെട്ട മൂന്ന് പേര്‍ക്ക് മാത്രമല്ലെന്നും ടീമിലെ മറ്റെല്ലാവര്‍ക്കും അതിനെപ്പറ്റി വിവരമുണ്ടായിരുന്നു എന്നുമാണ് ഖവാജ പറഞ്ഞത്. പരമ്പരയിലെ തൊട്ടുമുമ്പത്തെ ടെസ്റ്റിലും പന്ത്രില്‍ കൃത്രിമം കാണിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
അന്ന് നായകന്‍ സ്റ്റീവ് സ്മിത്ത്, വൈസ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍, കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കാണ് വിലക്ക് നല്‍കിയത്.
ഇത് വീണ്ടും ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയായതോടെ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ഉള്‍പ്പെടെയുള്ള താരങ്ങള്‍ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഇതിനിടെ പെര്‍ത്തിലെ 91.3 സ്‌പോര്‍ട്‌സ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഫാനി ഡി വില്ലിയേഴ്‌സ് രംഗത്തെത്തിയത്.
‘എന്റെ 40-50 വര്‍ഷത്തെ ക്രിക്കറ്റ് നിരീക്ഷണത്തിനിടെ കണ്ടിട്ടുള്ളതില്‍വെച്ച് ഏറ്റവും വലിയ വഞ്ചകന്‍ ഒരുപക്ഷേ ഖവാജയായിരിക്കും. ഇത് പരസ്യമായി പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു,’ അദ്ദേഹം പറഞ്ഞു.
സങ്കല്‍പ്പിക്കാന്‍ കഴിയുന്ന എല്ലാ പെരുമാറ്റച്ചട്ടങ്ങളും അദ്ദേഹം ലംഘിച്ചിരിക്കുകയാണെന്നും സ്വന്തം താരങ്ങളെ ഒറ്റിക്കൊടുക്കുകയാണ് ഖവാജ ചെയ്തതെന്നും ഡി വില്ലിയേഴ്‌സ് പറഞ്ഞു.
‘ഇവിടെ ശരിയും തെറ്റും സംബന്ധിച്ചല്ല ചര്‍ച്ച. തെറ്റായ പ്രവൃത്തിക്ക് അന്ന് തന്നെ നടപടിയെടുത്തതാണ്. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ ചരിത്രത്തിന്റെ ഭാഗമായിക്കഴിഞ്ഞ സംഭവമാണത്. അങ്ങനെ സംഭവിച്ചത് ദുഃഖകരമാണ്,’ ഡിവില്ലിയേഴ്‌സ് പറഞ്ഞു.
എന്നാല്‍ ഇതിനെ വീണ്ടും പുറത്ത് കൊണ്ടുവന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിനെ ഖവാജ വീണ്ടും അപകീര്‍ത്തിപ്പെടുത്തിയിരിക്കുകയാണെന്നും ടീമിനുള്ളിലെ പെരുമാറ്റച്ചട്ടങ്ങളും സൗഹൃദങ്ങളും തകര്‍ത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഖവാജയുടെ വെളിപ്പെടുത്തലുകളെ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് നേരത്തെ ‘തികച്ചും അസംബന്ധം’ എന്ന് വിശേഷിപ്പിച്ചിരുന്നു. എന്നാല്‍ ഡേവിഡ് വാര്‍ണര്‍ ഖവാജയ്ക്ക് പിന്തുണയുമായി എത്തിയിരുന്നു.

ബുധനാഴ്ച ദി വെസ്റ്റ് ഓസ്‌ട്രേലിയന്‍ എന്ന പത്രത്തില്‍ കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് 44,97 വാക്കുകളുള്ള ലേഖനം എഴുതിയിരുന്നു. ഇതിലൂടെ നടത്തിയ വെളിപ്പെടുത്തലുകള്‍ വിവാദത്തെ വീണ്ടും ശക്തിപ്പെടുത്തി. ഖവാജയുടെ വാദത്തെ പിന്തുണയ്ക്കുന്നതായിരുന്നു ബാന്‍ക്രോഫ്റ്റിന്റെ വെളിപ്പെടുത്തലുകള്‍.
ഇതിനിടെ, 2018ലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ പങ്കെടുത്ത ഓസ്‌ട്രേലിയന്‍ താരങ്ങളുടെ അനുഭവങ്ങളും വെളിപ്പെടുത്തലുകളും കേള്‍ക്കുന്നതിനായി സ്വതന്ത്ര ഫോറം രൂപീകരിച്ചെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ (സി.എ) ബുധനാഴ്ച പ്രഖ്യാപിച്ചു.
Content Highlight: “Biggest traitor I’ve ever seen”: Former South African great lashes out at Khawaja for ‘Sandpapergate’ revelations in ‘Sabr’
