തിരുവനന്തപുരം: അധികാരത്തിലെത്തി ആറ് മാസമായിട്ടും മദ്യനയം ആവിഷ്കരിക്കാൻ കഴിയാത്ത സർക്കാർ തികഞ്ഞ ആശയക്കുഴപ്പത്തിലാണെന്നും, ഓന്ത് നിറം മാറുന്നതുപോലെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും നിലപാടുകൾ മാറ്റുന്നതെന്നും മുൻ എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്.

സംസ്ഥാനത്തെ മദ്യനയവും ഡ്രൈ ഡേ ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ നീക്കങ്ങളും മുൻനിർത്തി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനെന്ന പേരിൽ സംസ്ഥാനത്ത് ഡ്രൈ ഡേ എടുത്തുകളയണമെന്നും കോൺഫറൻസുകൾക്കും ഇവന്റുകൾക്കും വൺ ഡേ പെർമിറ്റിന് ഈടാക്കുന്ന 50,000 രൂപ ഫീസ് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിയമസഭാ സബ്ജക്ട് കമ്മിറ്റിയിൽ ആവശ്യപ്പെട്ടതായുള്ള വാർത്തകളോട് പ്രതികരിക്കുകയായിരുന്നു രാജേഷ്.

ടൂറിസം മന്ത്രിയും സമാനമായ അഭിപ്രായമാണ് പങ്കുവെച്ചത്. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ടൂറിസം മേഖലയിലെ സംരംഭകർ ഇതേ ആവശ്യം ഉന്നയിച്ചപ്പോൾ അതിനെതിരെ നിയമസഭയിൽ അടിയന്തര പ്രമേയം കൊണ്ടുവരികയും അഴിമതി ആരോപണം ഉന്നയിക്കുകയും ചെയ്തവരാണ് ഇപ്പോൾ നിലപാട് മാറ്റിയിരിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു.

കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് എൽ.ഡി.എഫ് സർക്കാർ കേരളത്തിൽ മദ്യമൊഴുക്കി എന്ന് വ്യാജപ്രചരണം നടത്തിയ യു.ഡി.എഫ്, ഇപ്പോൾ അധികാരത്തിൽ വന്നപ്പോൾ പറഞ്ഞതെല്ലാം വിഴുങ്ങുകയാണ്. ‘നിലപാടുകളുടെ രാജകുമാരൻ’ ഇപ്പോൾ ‘അവസരവാദത്തിന്റെ ചക്രവർത്തി’യായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

പുതിയ മദ്യനയം വരുന്നതുവരെ ബാർ ലൈസൻസ് അനുവദിക്കില്ലെന്ന സർക്കാർ നിലപാട് ലംഘിച്ച് എറണാകുളത്ത് അഞ്ച് ബാറുകൾക്ക് ലൈസൻസ് നൽകിയ സംഭവത്തിലും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു.

ലൈസൻസ് നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തെങ്കിലും, നിയമവിരുദ്ധമെന്ന് മന്ത്രി തന്നെ സമ്മതിച്ച ആ ലൈസൻസുകൾ ഇതുവരെ റദ്ദാക്കിയിട്ടില്ല. വേണ്ടപ്പെട്ടവർക്ക് ലൈസൻസ് നൽകുന്നതിനായി ചട്ടഭേദഗതി ഉത്തരവ് ഇറക്കുന്നത് ബോധപൂർവ്വം വൈകിപ്പിച്ചതാണെന്നും, ആരെ ഭയന്നിട്ടാണ് എക്സൈസ് മന്ത്രി ലൈസൻസുകൾ റദ്ദാക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.

നെടുമ്പാശ്ശേരി അപകടത്തിലെ പ്രതികൾ മദ്യപിച്ച ബാറുകളുടെ ലൈസൻസ് റദ്ദാക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനവും ഇതുവരെ നടപ്പായില്ല. കയ്യടി നേടാൻ പ്രഖ്യാപനങ്ങൾ നടത്തുകയും പിന്നീട് വിപരീതമായി പ്രവർത്തിക്കുകയും ചെയ്യുന്നത് കാപട്യമാണെന്ന് അദ്ദേഹം പറഞ്ഞു.

കൂടാതെ, ലഹരിവിരുദ്ധ പ്രവർത്തനമായ ‘തൂഫാനിൽ’ എക്സൈസ് വകുപ്പിനെ നോക്കുകുത്തിയാക്കി മാറ്റിയിരിക്കുകയാണെന്നും, എൽ.ഡി.എഫ് ഭരണകാലത്ത് പൊലീസും എക്സൈസും മറ്റ് വകുപ്പുകളും ഏകോപിപ്പിച്ചാണ് ലഹരിക്കെതിരെ പ്രവർത്തിച്ചിരുന്നതെന്നും എം.ബി. രാജേഷ് കൂട്ടിച്ചേർത്തു.

Content Highlight:Liquor policy not announced even after six months; the Chief Minister and his ministers are like a chameleon changing its color, says M.B. Rajesh.