ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം ബാസിന്‍ റിസര്‍വില്‍ പുരോഗമിക്കുകയാണ്. ആദ്യ ഇന്നിങ്‌സില്‍ 70 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ന്യൂസിലാന്റിനെ ഹെന്റി നിക്കോള്‍സും ഗ്ലെന്‍ ഫിലിപ്‌സും ചേര്‍ന്ന് രക്ഷപ്പെടുത്തിയിരിക്കുകയാണ്.

ആദ്യ ദിനത്തിന്റെ ആദ്യ സെഷന്‍ ഇന്ത്യന്‍ പേസര്‍മാരുടേതായിരുന്നു. ആദ്യ ഓവറില്‍ റണ്‍സെടുക്കും മുമ്പേ തന്നെ ഓപ്പണര്‍ ടോം ലാഥത്തിന്റെ കുറ്റി തെറിപ്പിച്ചുകൊണ്ട് ജസ്പ്രീത് ബുംറയാണ് ന്യൂസിലാന്‍ഡിന്റെ തകര്‍ച്ചയ്ക്ക് അടിത്തറയിട്ടത്. നാലാം ഓവറില്‍ അന്‍ഷൂല്‍ കാംബോജ് നാല് റണ്‍സെടുത്ത് നിന്ന ഡെവോണ്‍ കോണ്‍വോയെ പുറത്താക്കി.

50 പന്തില്‍ 15 റണ്‍സെടുത്ത് നിന്ന രചിന്‍ രവീന്ദ്രയെ ആകാശ് ദീപ് പവലിയനിലെത്തിച്ചു. പിന്നാലെയെത്തിയ ഡാരില്‍ മിച്ചലിനെ തൊട്ടടുത്ത ഓവറില്‍ തന്നെ ബുംറ മടക്കി. 22 പന്ത് നേരിട്ട് നിലയുറപ്പിച്ചെന്ന് കരുതിയ ടോം ബ്ലണ്ടലിനെയും ബുംറ തിരിച്ചയച്ചതോടെ ന്യൂസിലാന്‍ഡിന്റെ കാര്യം പരുങ്ങലിലായി.

മറുവശത്ത് വിക്കറ്റുകള്‍ ഓരോന്നായി വീഴുമ്പോഴും മൂന്നാമനായി എത്തിയ ഹെന്റി നിക്കോള്‍സ് പോരാടുന്നുണ്ടായിരുന്നു. കിവീസിന് അഞ്ചാം വിക്കറ്റ് നഷ്ടമാകുമ്പോള്‍ 76 പന്തില്‍ 39 റണ്‍സ് നേടി നില്‍ക്കുകയായിരുന്നു നിക്കോള്‍സ്.

എന്നാല്‍ ആറാം വിക്കറ്റില്‍ ഗ്ലെന്‍ ഫിലിപ്‌സിനൊപ്പം ചേര്‍ന്ന് നിക്കോള്‍സ് രക്ഷാപ്രവര്‍ത്തനം നടത്തി. 29ാം ഓവറില്‍ ഒരുമിച്ച ഇരുവരും ആദ്യ ദിനം മുഴുവന്‍ ബാറ്റ് ചെയ്തു.

രണ്ടാം ദിനം തുടക്കത്തില്‍ തന്നെ ആകാശ് ദീപ് കൂട്ടുകെട്ട് പൊളിച്ചു. 216 പന്തില്‍ പന്തില്‍ 118 റണ്‍സെടുത്ത ഗ്ലെന്‍ ഫിലിപ്‌സിനെ പുറത്താക്കി ആകാശ് ദീപ് ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കി.

പിന്നീട് ക്രീസിലെത്തിയവരെയെല്ലാം കൃത്യമായ ഇടവേളകളില്‍ ഇന്ത്യന്‍ ബോളര്‍മാര്‍ വീഴ്ത്തി. കൈല്‍ ജാമിസണെ ആകാശ് ദീപും നഥാന്‍ സ്മിത്തിനെ പ്രസിദ്ധ് കൃഷ്ണയും മാറ്റ് ഹെന്റിയെ ബുംറയും ജേക്കബ് ഡഫിയെ അന്‍ഷൂല്‍ കാംബോജും വീഴ്ത്തി.

ന്യൂസിലാന്‍ഡ് 368 റണ്‍സിന് ഓള്‍ ഔട്ട് ആവുമ്പോഴും ക്രീസില്‍ അജയ്യനായി നിക്കോള്‍സ് നില്‍ക്കുന്നുണ്ടായിരുന്നു. ആദ്യ ഓവറില്‍ ബാറ്റ് ചെയ്യാനെത്തി അവസാന ഓവറിലും ബോളര്‍മാര്‍ക്ക് പിടികൊടുക്കാതെ 335 പന്തില്‍ നിക്കോള്‍സ് നേടിയത് 175 റണ്‍സാണ്.

ഇതോടെ ഇന്ത്യയ്‌ക്കെതിരെ മറ്റാര്‍ക്കുമില്ലാത്ത റെക്കോഡും നിക്കോള്‍സ് സ്വന്തമാക്കി. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയ്‌ക്കെതിരെ സെഞ്ച്വറി നേടിയ ആദ്യ താരമായി നിക്കോള്‍സ് മാറി.

ജനുവരിയില്‍ ഇന്‍ഡോറില്‍ നടന്ന മത്സരത്തില്‍ ഏകദിന സെഞ്ച്വറി സ്വന്തമാക്കിയ നിക്കോള്‍സ് ഒക്ടോബറില്‍ ഓക്‌ലാന്‍ഡില്‍ നടന്ന ടി-20യില്‍ സെഞ്ച്വറി നേടി.

രോഹിത് ശര്‍മ 2017ല്‍ ശ്രീലങ്കയ്‌ക്കെതിരെ ഇതേ റെക്കോഡ് സ്വന്തമാക്കിയിരുന്നു.

ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിറങ്ങിയ ഇന്ത്യ ഇപ്പോള്‍ വിക്കറ്റ് നഷ്ടപ്പെടാതെ 52 റണ്‍സ് എന്ന നിലയിലാണ്.

Content Highlight: Henry Nichols scores unbeaten century against India.