ന്യൂദല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ സ്വാതന്ത്ര്യം അട്ടിമറിച്ചുവെന്ന ആരോപണവുമായി ബി.ജെ.പി എം.പി നിഷികാന്ത് ദുബെ. 1966-ല്‍ ഇന്ദിരാഗാന്ധി രാജ്യത്തെ ജുഡീഷ്യറിയെ മുഴുവന്‍ തന്റെ അടിമയാക്കി മാറ്റിയെന്നാണ് അദ്ദേഹം പറഞ്ഞു.

‘കോണ്‍ഗ്രസിന്റെ കറുത്ത അധ്യായം’ എന്ന പേരില്‍ താന്‍ പങ്കുവെക്കുന്ന സോഷ്യല്‍ മീഡിയ പരമ്പരയുടെ ഭാഗമായാണ് ദുബെയുടെ ഈ പരാമര്‍ശം. 1966 നവംബര്‍ 20-ന് നടന്ന സംഭവവികാസങ്ങളെ മുന്‍നിര്‍ത്തിയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ജുഡീഷ്യല്‍ നിയമനങ്ങളുമായി ബന്ധപ്പെട്ട ഭരണഘടനാ മാനദണ്ഡങ്ങള്‍ അന്നത്തെ സര്‍ക്കാര്‍ മറികടന്നുവെന്ന് ദുബെ കുറ്റപ്പെടുത്തി. രാഷ്ട്രീയ നിയമനങ്ങള്‍ക്കെതിരായ സുപ്രീം കോടതി വിധികള്‍ മറികടക്കാന്‍ ഭരണഘടനാ ഭേദഗതികള്‍ കൊണ്ടുവന്നതായും, ജഡ്ജിമാരുടെ സ്ഥലംമാറ്റത്തില്‍ സംസ്ഥാന അധികാരികള്‍ക്ക് അനിയന്ത്രിതമായ നിയന്ത്രണം നല്‍കുന്ന നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം തന്റെ കുറിപ്പില്‍ ആരോപിക്കുന്നു.

ഭരണഘടനയുടെ 233, 235 അനുച്ഛേദങ്ങള്‍ ലംഘിച്ചുകൊണ്ട് കോണ്‍ഗ്രസ് സര്‍ക്കാര്‍ പാര്‍ട്ടി പ്രവര്‍ത്തകരെ കീഴ്‌ക്കോടതികളില്‍ ജഡ്ജിമാരായി നിയമിച്ചുവെന്ന് ദുബെ ആരോപിച്ചു. ഇതിലൂടെ കോടതികളെ കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസുകളാക്കി മാറ്റിയെന്നും, ജഡ്ജിമാരുടെ സ്ഥലംമാറ്റങ്ങള്‍ സംസ്ഥാന സര്‍ക്കാരുകള്‍ ഇഷ്ടാനുസരണം നടത്തിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഈ നിയമനങ്ങള്‍ ഭരണഘടനാ വിരുദ്ധമാണെന്ന് കണ്ടെത്തി 1966-ല്‍ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. എന്നാല്‍, കോടതി വിധിയെ മറികടക്കുന്നതിനായി ഇന്ദിരാഗാന്ധി സര്‍ക്കാര്‍ 20-ാം ഭരണഘടനാ ഭേദഗതി കൊണ്ടുവരികയായിരുന്നുവെന്ന് ദുബെ ചൂണ്ടിക്കാട്ടി.

നിലവില്‍ ജുഡീഷ്യറിയെ വിമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും പ്രതിപക്ഷ പാര്‍ട്ടികളെയും ദുബെ ചോദ്യം ചെയ്തു. അക്കാലത്ത് നിയമിക്കപ്പെട്ട ജഡ്ജിമാര്‍ പിന്നീട് ഹൈക്കോടതികളിലും സുപ്രീം കോടതിയിലും കോണ്‍ഗ്രസിന് അനുകൂലമായ വിധികളാണ് പുറപ്പെടുവിച്ചതെന്നും, പാര്‍ലമെന്റിനെ ഉപയോഗിച്ച് സുപ്രീം കോടതി ഉത്തരവുകളെ അട്ടിമറിച്ചുകൊണ്ട് ഗാന്ധി കുടുംബം ഡോ. ബി.ആര്‍. അംബേദ്കറുടെ ഭരണഘടനയെ ദുര്‍ബലപ്പെടുത്തിയെന്നും അദ്ദേഹം ആരോപിച്ചു.

Content Highlight: Indira Gandhi turned the entire judiciary of the country into her slave: BJP MP