വാഷിങ്ടൺ: രാജ്യവ്യാപകമായി നടന്ന വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ഇന്ത്യ മതന്യൂനപക്ഷങ്ങളെ ലക്ഷ്യമിടുന്നത് വർധിപ്പിച്ചതായി യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ റിലീജിയസ് ഫ്രീഡം (USCIRF).

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വോട്ടർ പട്ടിക പരിഷ്കരണത്തിലൂടെ ഏകദേശം 13 കോടി പേരുകളാണ് ഒഴിവാക്കപ്പെട്ടത്. മുസ്‌ലിം പൗരന്മാരെ വോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യുകയും, അവരെ ‘വിദേശികൾ’ എന്ന് മുദ്രകുത്തി നിയമവിരുദ്ധമായി നാടുകടത്തുകയുമാണ് ഇന്ത്യൻ സർക്കാർ ചെയ്യുന്നതെന്ന് സമിതി ചെയർമാൻ ആസിഫ് മഹ്മൂദ് വിമർശിച്ചു.

ഒഴിവാക്കപ്പെട്ടവരിൽ ഭൂരിഭാഗവും ഇന്ത്യയിലെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംങ്ങൾ ആണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി പുറത്താക്കാനുള്ള നീക്കങ്ങളുമായി വോട്ടർ പട്ടിക പരിഷ്കരണം കൂട്ടിക്കുഴയ്ക്കപ്പെടുകയാണെന്നും, മുസ്‌ലിം വിശ്വാസത്തിന്റെ പേരിൽ സ്വന്തം പൗരന്മാരെ പുറത്താക്കുന്നത് ഞെട്ടിപ്പിക്കുന്നതാണെന്നും കമ്മീഷണർ ജീൻ മിൽസ് പറഞ്ഞു.

ഇന്ത്യയെ ‘പ്രത്യേക ആശങ്കയുള്ള രാജ്യമായി’ (Country of Particular Concern) പ്രഖ്യാപിക്കണമെന്ന് അദ്ദേഹം യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിനോട് ആവശ്യപ്പെട്ടു.

അതേസമയം, മരിച്ചവരും താമസം മാറിയവരും ഇരട്ടിപ്പ് വന്നവരുമായ അയോഗ്യരായ വോട്ടർമാരെ മാത്രമാണ് നീക്കം ചെയ്തതെന്നും, അബദ്ധത്തിൽ പുറത്തായവർക്ക് അപ്പീൽ നൽകാൻ അവസരമുണ്ടെന്നുമാണ് ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം.

യു.എസ്.സി.ഐ.ആർ.എഫ്ന്റെ മുൻകാല ശുപാർശകളൊന്നും യു.എസ് ഇതുവരെ നടപ്പിലാക്കിയിട്ടില്ല. സമിതി പക്ഷപാതപരമാണെന്നും ഇത് ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിലുള്ള കടന്നുകയറ്റമാണെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.

വിഷയം ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ കാര്യമാണെന്നും ഇതിൽ ഇടപെടില്ലെന്നും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

ബി.ജെ.പി വിരുദ്ധ വോട്ടർമാരെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നതിൽ പ്രതിഷേധിച്ച് പ്രതിപക്ഷവും വിദ്യാർത്ഥികളും രാജ്യത്ത് വലിയ പ്രതിഷേധങ്ങൾ നടത്തിയിരുന്നു. ഇതിനെതിരായ സർക്കാർ നടപടികളെ മനുഷ്യാവകാശ സംഘടനകൾ അപലപിച്ചു.

2014-ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നതിന് ശേഷം വിദ്വേഷ പ്രസംഗങ്ങൾ, പൗരത്വ നിയമം, സ്വത്തുക്കൾ പൊളിച്ചുമാറ്റൽ എന്നിവയിലൂടെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിച്ചതായി യു.എൻ വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.

അതിനിടെ, തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ റിപ്പബ്ലിക്കൻ പാർട്ടി മുസ്‌ലിം വിരുദ്ധ പ്രസ്താവനകൾ നടത്തുന്നതും യു.എസിൽ ഇസ്ലാമോഫോബിയ വർധിക്കുന്നതും പൗരാവകാശ പ്രവർത്തകരുടെ വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്.

Content Highlight:US Commission on International Religious Freedom says India is targeting minorities through the revision of the electoral roll.