ചിക്കാഗോ: പ്രതിപക്ഷം തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അവസാനത്തിന് വഴിവെക്കുമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ ചിക്കാഗോ സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുമായി സംവദിക്കവെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. പ്രൊഫസര്‍ റോബര്‍ട്ട് പേപ്പ് മോഡറേറ്ററായ ചര്‍ച്ചയിലാണ് രാഹുല്‍ ഗാന്ധി തന്റെ രാഷ്ട്രീയ തന്ത്രങ്ങളും ആശങ്കകളും പങ്കുവെച്ചത്.
പ്രതിപക്ഷം തെരഞ്ഞെടുപ്പില്‍ നിന്ന് പിന്മാറില്ല, തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് പ്രതിപക്ഷം തീരുമാനിക്കുന്ന നിമിഷം ഇന്ത്യന്‍ ജനാധിപത്യം അവസാനിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കണമെന്ന് പലരും ഞങ്ങളോട് ആവശ്യപ്പെടാറുണ്ട്. എന്നാല്‍ അത്തരമൊരു നീക്കത്തിലൂടെ ജനാധിപത്യ സംവിധാനത്തെ തകര്‍ക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,’ അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യം പവിത്രമാണെന്നും, അതില്‍ പ്രശ്നങ്ങളുണ്ടെന്ന് പോലും പറയണമെങ്കില്‍ 100-ഉം 200-ഉം 300-ഉം ശതമാനം തെളിവുകള്‍ ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിലവിലെ സാഹചര്യങ്ങളില്‍ പ്രതിപക്ഷത്തിന്റെ തന്ത്രം എന്താണെന്ന ചോദ്യത്തിന്, വ്യവസ്ഥിതിയെ തുറന്നുകാട്ടുക എന്നതാണ് തങ്ങളുടെ രീതിയെന്ന് അദ്ദേഹം മറുപടി നല്കി. ‘ഞങ്ങള്‍ സംവിധാനത്തിന് പുറത്തുനില്ക്കാന് പോകുന്നില്ല. നിലവിലുള്ള പ്രശ്നങ്ങള്‍ ഞങ്ങള്‍ തുടര്‍ച്ചയായി തുറന്നുകാട്ടും. നിലവിലെ സംവിധാനം പൂര്‍ണമായും തകര്‍ന്നുവെന്ന് ജനങ്ങള്‍ക്ക് സ്വയം ബോധ്യപ്പെടുന്നതുവരെ ഞങ്ങള്‍ ഈ പോരാട്ടം തുടരും,’ അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയെക്കുറിച്ചുള്ള തന്റെ ആശങ്കകള്‍ പുതിയതല്ലെന്നും 2014-ലെ പൊതുതെരഞ്ഞെടുപ്പ് മുതല്‍ ഇത് തുടങ്ങിയതാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കഴിഞ്ഞവര്‍ഷം നടന്ന തെരഞ്ഞെടുപ്പുകളില്‍ വോട്ടര്‍പ്പട്ടികയില്‍ ക്രമക്കേടുകള്‍ നടന്നതായും വോട്ട് ചോരി ഉണ്ടായതായും അദ്ദേഹം പറഞ്ഞു.
വോട്ടര്‍പ്പട്ടികയില്‍ വലിയ തോതിലുള്ള കൃത്രിമങ്ങള്‍ നടക്കുന്നതായി സംശയിച്ചിരുന്നതായും, എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് അകത്തുനിന്ന് വിവരങ്ങള്‍ ലഭിച്ചു തുടങ്ങിയതോടെയാണ് കാര്യങ്ങളുടെ ഗൗരവം കൂടുതല്‍ വ്യക്തമായതെന്നും അദ്ദേഹം പറഞ്ഞു.
കൊളംബിയ സര്‍വകലാശാലയിലും ചിക്കാഗോ സര്‍വകലാശാലയിലുമായി നടന്ന പരിപാടികളില്‍ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്. വിദേശ മണ്ണില്‍ വെച്ച് ഇന്ത്യന്‍ ജനാധിപത്യ സ്ഥാപനങ്ങളെയും തെരഞ്ഞെടുപ്പ് കമ്മീഷനെയും വിമര്‍ശിച്ച് രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണെന്ന് ബി.ജെ.പി ആരോപിച്ചു.
തെരഞ്ഞെടുപ്പ് പ്രക്രിയയുടെ സമഗ്രതയെ വിദേശ മണ്ണില്‍ അപകീര്‍ത്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചുവെന്ന് ബി.ജെ.പി വക്താവ് സി.ആര് കേശവന് ആരോപിച്ചു. ഭരണഘടനാ സ്ഥാപനങ്ങളോടുള്ള അവഹേളനവും രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയോടുള്ള അവജ്ഞയുമാണ് അദ്ദേഹത്തിന്റെ പരാമര്‍ശങ്ങള്‍ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
Content Highlight: Boycotting the election will lead to the end of Indian democracy; the system will be exposed, says Rahul Gandhi.
