പ്രേക്ഷകരെ ആവേശത്തിലാക്കി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രമാണ് ജിത്തു മാധവന്‍ സംവിധാനം ചെയ്ത് ദീപാവലിയ്ക്ക് തിയേറ്ററുകളിലെത്തിയ സൂര്യ ചിത്രം സീന്‍. ഒരു കംപ്ലീറ്റ് തമിഴ് ചിത്രമായിട്ടാണ് സംവിധായകന്‍ സീന്‍ ഒരുക്കിയതെങ്കിലും ചിത്രത്തിലെ അണിയറപ്രവര്‍ത്തകരും പ്രധാന അഭിനേതാക്കളുമെല്ലാം മലയാളികളായിരുന്നു. സൂര്യയ്‌ക്കൊപ്പം നസ്‌ലെനും, നസ്രിയയും, ലാലും പ്രധാനവേഷത്തിലെത്തിയപ്പോള്‍ സംഗീതം ഒരുക്കിയത് സുഷിന്‍ ശ്യാമും ചിത്രത്തിന്റെ എഡിറ്റിങ് നിര്‍മിച്ചത് അജ്മല്‍ സാബുവുമായിരുന്നു.

സീന്‍. Photo: District
കറുപ്പ് എന്ന ചിത്രത്തിലൂടെ തന്റെ തിയേറ്റര്‍ ശാപം അവസാനിപ്പിച്ചുകൊണ്ട് പതിന്മടങ്ങ് ശക്തിയോടെയാണ് ബോക്‌സ് ഓഫീസിലേക്ക് നടിപ്പിന്‍ നായകന്‍ സൂര്യ ഈ വര്‍ഷം തിരിച്ചെത്തിയത്. ആഗോള ബോക്‌സ് ഓഫീസില്‍ 300 കോടി മാര്‍ക്ക് പിന്നിട്ട ചിത്രം വലിയ വിജയമായിരുന്നു തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്. ഇതിന് പിന്നാലെ റോം-കോം ഴോണറിലൊരുക്കിയ വിശ്വനാഥന്‍ ആന്‍ഡ് സണ്‍സും ജിത്തു മാധവന്‍ സംവിധാനം ചെയ്ത സീനും തിയേറ്ററില്‍ ഹിറ്റടിച്ചതോടെ ഹാട്രിക്ക് വിജയമാണ് സൂര്യ സ്വന്തമാക്കിയിരിക്കുന്നത്.
അനൗണ്‍സ്‌മെന്റ് മുതല്‍ തന്നെ സീനിനെ ഒരു മലയാള ചിത്രമായാണ് പലരും സ്വീകരിച്ചത്. ഇതോടെ കേരളത്തിലും മികച്ച കളക്ഷന്‍ ചിത്രത്തിന് ലഭിച്ചിരുന്നു. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ കിട്ടുന്ന ചിത്രമായി റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ സീന്‍ മാറിയിരുന്നു. ഏകദേശം മുപ്പത് കോടിയോളമാണ് കേരള ബോക്‌സ് ഓഫീസില്‍ നിന്നും സീനിന് ലഭിച്ചത്. ക്ലാഷ് റിലീസായെത്തിയ രാമായണയില്‍ നിന്നും കടുത്ത പോരാട്ടമായിരുന്നു സീനിന് നേരിടേണ്ടി വന്നത്.

സീന്‍. Photo: District
ഇപ്പോഴിതാ മമ്മൂട്ടി ചിത്രം ഓ.എമ്മും ദുല്‍ഖര്‍ ചിത്രം ആകാസം ലോ ഒക്ക താരയും ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവും തിയേറ്ററുകളിലേക്കെത്തിയതോടെ കേരള ബോക്‌സ് ഓഫീസില്‍ നിന്നും സീന്‍ പതിയെ വിടവാങ്ങുന്ന കാഴ്ചയ്ക്കാണ് സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. കഴിഞ്ഞ ദിവസം 55 ലക്ഷം മാത്രമാണ് തിയേറ്ററില്‍ നിന്നും കളക്ഷനായി ലഭിച്ചിട്ടുള്ളത്. പുതിയ ചിത്രങ്ങള്‍ റിലീസിനെത്തിയതോടെ സീനിന്റെ ഷോകളിലും ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ നിന്നും മികച്ച വിജയമാണ് സീന്‍ ഇതിനോടകം സ്വന്തമാക്കിയതെന്ന് നിസംശയം പറയാം.
Content Highlight: Scene almost completes its Box office run in Kerala box office
