പാട്രിയാർക്കിയുടെ കാലഘട്ടത്തായതിനാൽ തന്റെ പല സിനിമകളും സ്ത്രീയുടെ വിർജിനിറ്റിയുമായി ബന്ധപ്പെട്ടായിരുന്നുവെന്ന് പറയുകയാണ് സംവിധായകൻ കമൽ. അന്നത്തെ സൊസൈറ്റി അങ്ങനെയായിരുന്നുവെന്നും അതുകൊണ്ട് തന്നെ തന്റെ സിനിമകളിലും അത് പ്രതിഫലിച്ചിരുന്നുവെന്നും എന്നാൽ അഴകിയ രാവണൻ എന്ന സിനിമയിൽ അങ്ങനെയല്ലെന്നുമാണ് സംവിധായകൻ പറയുന്നത്. ഷോസ്കേപ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കു വെച്ചത്.
‘അന്നത്തെ സൊസൈറ്റിയും കാഴ്ചപ്പാടുകളും അങ്ങനെയായിരുന്നു. ശരിക്കും അന്നത് ഒരു വലിയ പ്രശ്നം തന്നെയായിരുന്നു. പൊതുവേ ഈ പാട്രിയാർക്കിയുടെ ഒരു കാലഘട്ടത്തിൽ സ്ത്രീയുടെ വിർജിനിറ്റി എന്ന് പറയുന്നത് ഏറ്റവും പ്രധാനപ്പെട്ടതായിട്ട് തന്നെ കണക്കാക്കുന്ന ഒരു കാലത്താണല്ലോ നമ്മളൊക്കെ അന്ന് ജീവിച്ചത്. ഈ വിർജിനിറ്റി വെച്ചിട്ട് തന്നെയിരുന്നു ഒരുപാട് കഥകളും സിനിമകളുമൊക്കെ അന്നുണ്ടായിരുന്നത്. അങ്ങനെയൊരു കാലം ഉണ്ടായിരുന്നു. അതിന്റെ തുടർച്ച തന്നെയാണ് നമ്മുടെ പല സിനിമകളും. നമ്മൾ അനുഭവിക്കേണ്ടി വന്ന ഒരു പ്രശ്നം കൂടിയാണത്.
എന്നാൽ അഴകിയ രാവണനിൽ വിർജിനിറ്റിയെ വേറെ രീതിയിലാണ് നമ്മൾ പോർട്രേറ്റ് ചെയ്തിട്ടുള്ളത്. ഭാനുപ്രിയുടെ ക്യാരക്ടറിനെ വിലക്കെടുക്കുകയാണല്ലോ മമ്മൂട്ടിയുടെ ക്യാരക്ടർ. അയാളുടെ പണം കൊണ്ട് അയാളെല്ലാം വിലക്കെടുക്കുകയാണ്, എന്നാൽ അയാളുടെ ഉള്ളിലുള്ള പ്രണയം പുറത്ത് പറയുന്നുമില്ല. എല്ലാ നിലക്കും അവളെ വിലക്കെടുത്തിട്ട് അവളെ കെട്ടണമെന്ന് പറയുകയാണ് അയാൾ. അവൾ നിസഹായയായി പോകുന്ന ഒരു അവസ്ഥയിൽ അവൾ കാണുന്ന വഴി വിർജിനിറ്റി ഇല്ലാതെ അയാളുടെ മുമ്പിൽ പോകണം എന്നുള്ള വാശിയാണ്.

അഴകിയ രാവണൻ.Photo.Screen Grab/Youtube.com
കുട്ടി ശങ്കരനാണ് ഇയാൾ എന്നുള്ളത് അറിഞ്ഞു കഴിയുമ്പോഴാണ് അവൾ തകർന്നു പോകുന്നത്. അതിനും മുമ്പ് ഇയാൾ ബിജു മേനോന്റെ വീഡിയോ കാണിച്ചു കൊടുക്കുന്നുണ്ട്. ‘ഞാൻ നിന്നെ സ്നേഹിച്ചു എന്നുള്ളത് ശരിയാണ്. എനിക്ക് അത്രമാത്രം നിന്നെ ഇഷ്ടമാണ്. പക്ഷേ അവൻ ജെനുവിൻ ആയിരുന്നെങ്കിൽ ഞാൻ ഒഴിഞ്ഞു പോകുമായിരുന്നു. നിങ്ങൾ തമ്മിൽ അങ്ങനെ സെക്സ് നടന്നാലും എനിക്ക് പ്രശ്നമല്ലായിരുന്നു’ എന്നാണ് മമ്മൂട്ടി പറയുന്നത്. ഞാൻ ആർക്ക് വേണ്ടിയിട്ടാണ് ഇത് ചെയ്തത് എന്നുള്ള ഒരു ചോദ്യം ഉണ്ടല്ലോ. വെർജിനിറ്റി പോയതിലല്ല, അതാർക്ക് വേണ്ടിയിട്ടാണ് ചെയ്തത് എന്നാലോചിച്ചിട്ടാണ് അവൾ തകർന്ന് പോകുന്നത്,’ അദ്ദേഹം പറഞ്ഞു.
സിനിമ റിലീസ് ചെയ്തു കഴിഞ്ഞപ്പോൾ സദാചാരത്തിന്റെ കണ്ണിലൂടെ നോക്കുന്ന ഒരു വിഭാഗം ആളുകൾക്ക് സിനിമ അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. ചിത്രം ഹിറ്റായിരുന്നുവെങ്കിലും സിനിമയുടെ ആദ്യ ഷോ കഴിഞ്ഞപ്പോഴും പിന്നീട് പല മാഗസിനുകളിലും സിനിമയുടെ ഈ വിഷയത്തെ നെഗറ്റീവാക്കി അവതരിപ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlight: Kamal talks about the film, Azhakiya Ravanan
