സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട അച്ഛനും മകനുമാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. അഞ്ച് പതിറ്റാണ്ടിലധികമായി മലയാള സിനിമയുടെ അമരത്തിരിക്കുന്ന മമ്മൂട്ടി എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചപ്പോള്‍ മികച്ച ചിത്രങ്ങളുമായി ദുല്‍ഖറും മമ്മൂട്ടിയുടെ പാതയിലാണ്. മലയാളത്തിലാണ് താരം അരങ്ങേറ്റം കുറിച്ചതെങ്കിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും മികച്ച ചിത്രങ്ങളുമായി ദുല്‍ഖര്‍ തിരക്കിലാണ്.

ഒരു അപൂര്‍വ ക്ലാഷിനാണ് നാളെ (നവംബര്‍ 20) സിനിമാലോകം സാക്ഷ്യം വഹിക്കുന്നത്. മമ്മൂട്ടിയുടെ തമിഴ് ചിത്രം ഓ.എമ്മും ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന തെലുങ്ക് ചിത്രം ആകാസം ലോ ഒക്ക താരയും നാളെ തിയേറ്ററുകളിലേക്കെത്തുമ്പോള്‍ രണ്ട് മലയാളി താരങ്ങളുടെ അന്യഭാഷാ ക്ലാഷിനായാണ് സിനിമാലോകം സാക്ഷ്യം വഹിക്കുക. അതിലുപരി അച്ഛനും മകനും സൗത്ത് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നേര്‍ക്ക് നേര്‍ എത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഓ.എo. Photo: X.com

ഇപ്പോഴിതാ ഇരുവരും നാളെ റിലീസ് ചെയ്യുന്ന തങ്ങളുടെ ചിത്രങ്ങള്‍ക്ക് പരസ്പരം ആശംസയറിയിക്കുന്ന വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. തെലുങ്കില്‍ സംസാരിച്ച ഇരുവരും പരസ്പരം ആശംസയറിയിക്കുന്ന വീഡിയോ തങ്ങളുടെ സോഷ്യല്‍ മീഡിയയിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്.

അമരന്‍ എന്ന ചിത്രത്തിന് ശേഷം രാജ്കുമാര്‍ പെരിയസ്വാമി സംവിധാനം ചെയ്യുന്ന ഓ.എമ്മില്‍ ധനുഷാണ് നായകനാകുന്നത്. ഒപ്പം സായ് പല്ലവി, ശ്രീലീല, നസിറുദ്ദീന്‍ ഷാ, ഇന്ദ്രന്‍സ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സായ് അഭ്യങ്കാറിന്റെ സംഗീത സംവിധാനത്തില്‍ ഒരുക്കിയ ചിത്രത്തിലെ അപ്‌ഡേറ്റുകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയായിരുന്നു പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. പത്ത് കോടിയിലധികം ചിത്രത്തിന് പ്രീ ബുക്കിങ്ങിലൂടെ ഇതിനോടകം ലഭിച്ചിട്ടുമുണ്ട്.

ആകാസം ലോ ഒക്ക താര. Photo: X.com

അതേസമയം ദുല്‍ഖറിനെ നായകനാക്കി പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന ആകാസം ലോ ഒക്ക താര, ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുമുള്ള പെണ്‍കുട്ടി തന്റെ പരിമിതികളെ അതിജീവിച്ചുകൊണ്ട് ബഹിരാകാശ സഞ്ചാരിയാകാന്‍ നടത്തുന്ന പ്രയത്‌നങ്ങളെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്‌ലര്‍ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

Content Highlight: Mammootty and Dulquer Salmaan wishes each other before O.M and Aakasam Lo Okatara clash release