മമ്മൂട്ടിയുടെ മകനെന്ന ലേബലില്‍ സിനിമയിലെത്തുകയും പിന്നീട് മികച്ച ചിത്രങ്ങളുടെ ഭാഗമായി ഇന്‍ഡസ്ട്രിയില്‍ സ്വന്തമായി സ്ഥാനം സൃഷ്ടിച്ചെടുക്കുകയും ചെയ്ത അഭിനേതാവാണ് ദുല്‍ഖര്‍ സല്‍മാന്‍. സെക്കന്‍ഡ് ഷോ എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച താരം മോളിവുഡില്‍ ചുവടുറപ്പിച്ച ശേഷം അന്യഭാഷാ ചിത്രങ്ങളിലും സജീവമാകുകയായിരുന്നു. തമിഴ്, ഹിന്ദി, തെലുങ്ക് തുടങ്ങി ഇന്ത്യയിലെ ഒട്ടുമിക്ക ഇന്‍ഡസ്ട്രികളിലും മുന്‍നിര ചിത്രങ്ങളുടെ ഭാഗമായ ദുല്‍ഖര്‍ ടോളിവുഡില്‍ വലിയ സ്റ്റാര്‍ വാല്യൂ സൃഷ്ടിച്ചിട്ടുണ്ട്.

ദുല്‍ഖര്‍ സല്‍മാന്‍. Photo: Dulquer Salmaan/ X.com

തെലുങ്കിലെ ദത്തുപുത്രനായി അറിയപ്പെടുന്ന താരം സീതാ രാമത്തിലൂടെ ഇന്‍ഡസ്ട്രിയില്‍ പിടിമുറുക്കുകയായിരുന്നു. മാസ് മസാല ആക്ഷന്‍ ചിത്രങ്ങള്‍ക്ക് പേരുകേട്ട ടോളിവുഡില്‍ കഥയ്ക്ക് പ്രധാന്യമുള്ള ചിത്രങ്ങളില്‍ നായകനായി കൊണ്ടാണ് ദുല്‍ഖര്‍ തന്റെ സ്ഥാനം കണ്ടെത്തിയത്. കൂട്ടത്തില്‍ ദുല്‍ഖറിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് നവംബര്‍ 20ന് റിലീസിനൊരുങ്ങുന്ന ആകാസം ലോ ഒക്ക താര.

പവന്‍ സാദിനേനി സംവിധാനം ചെയ്യുന്ന ആകാസം ലോ ഒക്ക താര, ഒരു ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നുമുള്ള പെണ്‍കുട്ടി തന്റെ പരിമിതികളെ അതിജീവിച്ചുകൊണ്ട് ബഹിരാകാശ സഞ്ചാരിയാകാന്‍ നടത്തുന്ന പ്രയത്നങ്ങളെ പശ്ചാത്തലമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ കൃഷ്ണ എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ വേഷമിടുന്നത്. കഴിഞ്ഞ ദിവസം പുറത്തുവന്ന ട്രെയ്ലര്‍ വലിയ പ്രശംസ പിടിച്ചുപറ്റിയിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടത്തിയ ഇവന്റിനിടിയല്‍ അവതാരകയുടെ ഒരു ചോദ്യത്തിന് ദുല്‍ഖര്‍ പറഞ്ഞ രസകരമായ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. താങ്കളുടെ ചിത്രങ്ങളുടെ ഓപ്പണിങ്ങില്‍ ഒരു മാസ് ഇന്‍ട്രൊഡക്ഷനോ വില്ലന്മാരെ ഇടിച്ച ശേഷം പഞ്ച് ഡയലോഗ് പറയാറില്ലെന്നും ഇതൊന്നും ഇല്ലാതെ തന്നെ പ്രേക്ഷകരുടെ മനസില്‍ താങ്കള്‍ സ്ഥാനം കണ്ടെത്തിയിട്ടുണ്ടെന്നും അതെങ്ങനെയാണെന്നും ചോദിക്കുകയാണ് അവതാരക.

ആകാസം ലോ ഒക്ക താര. Photo: Dulquer Salmaan/ X.com

ഇതിന് ദുല്‍ഖര്‍ പറഞ്ഞ മറുപടിയാണ് വേദിയിലിരുന്നവരെ പൊട്ടിച്ചിരിപ്പിച്ചത്. അത്തരത്തിലുള്ള ഓപ്പണിങ്ങെല്ലാം തന്റെ പടത്തിലും ട്രൈ ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അതൊന്നും പ്രതീക്ഷിച്ച പോലെ ഓടിയിട്ടില്ലെന്നും ദുല്‍ഖര്‍ പറഞ്ഞു. അത്തരത്തിലുള്ള ഇന്‍ട്രോ, ലോ ആംഗിള്‍ ഷോട്ട്, പഞ്ച് ഡയലോഗ് എല്ലാം ട്രൈ ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും വര്‍ക്കായില്ലെന്നും ഇനി അത്തരത്തില്‍ എപ്പോഴെങ്കിലും ചെയ്യണമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Content Highlight: Dulquer Salmaan talks about his introduction scenes and selection of movie at AKOT promotion event